| Wednesday, 4th January 2017, 10:29 am

വരന്‍ പള്ളിയില്‍ ഗിറ്റാര്‍ വായിച്ചിരുന്നു എന്നാരോപിച്ച് ഹിന്ദു യുവതിയുടെ വിവാഹത്തിനെതിരെ വി.എച്ച്.പി

ഡൂള്‍ന്യൂസ് ഡെസ്‌ക്


ഭോപ്പാല്‍: വരന്‍ പള്ളിയില്‍ ഗിറ്റാര്‍ വായിക്കുന്നത് കണ്ടിട്ടുണ്ടെന്നാരോപിച്ച് ഹിന്ദു യുവാതിയുടെ വിവാഹത്തിനെതിരെ വി.എച്ച്.പി. 27കാരിയായ റിതു ദുബെയുടെ വിവാഹത്തിനെതിരെയാണ് വി.എച്ച്.പി പ്രവര്‍ത്തകര്‍ രംഗത്തെത്തിയത്.

റിതുവും വിശാല്‍ മിത്രയെന്ന യുവാവും തമ്മിലുള്ള വിവാഹം സ്‌പെഷ്യല്‍ മാരേജ് ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്തിരുന്നു. ചൊവ്വാഴ്ച വിവാഹം നടക്കാനിരിക്കെ അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റിന്റെ ഓഫീസിനു മുമ്പിലെത്തി വി.എച്ച്.പി പ്രവര്‍ത്തകര്‍ എതിര്‍പ്പു പ്രകടിപ്പിക്കുകയായിരുന്നു.


Also Read:‘ദേശഭക്തി ഗാനം ചൊല്ലിക്കൊടുത്താന്‍ എത്രനാള്‍ വേണമെങ്കിലും നില്‍ക്കും’; ബാങ്കുകള്‍ക്കു മുമ്പില്‍ ക്യൂ നില്‍ക്കുന്ന പാവങ്ങളെ പരിഹസിച്ച് ബി.ജെ.പി എം.പി: വീഡിയോ പുറത്ത്


മിത്ര ക്രിസ്ത്യനാണെന്നാണ് ഇവര്‍ പറയുന്നത്. റിതു മനസുകൊണ്ട് ക്രിസ്തുമതത്തിലേക്കു മാറുകയും ചെയ്തിട്ടുണ്ടെന്നും അവള്‍ ഹിന്ദു ദൈവങ്ങളെ പ്രാര്‍ത്ഥിക്കാറില്ലെന്നും പറഞ്ഞാണ് വി.എച്ച്.പി പ്രതിഷേധവുമായി രംഗത്തുവന്നത്.

2013ല്‍ ഭോപ്പാലിലെ ഒരു പള്ളിയില്‍ മിത്ര ഗിറ്റാര്‍ വായിച്ചിരുന്നെന്നതാണ് അദ്ദേഹം ക്രിസ്ത്യനാണെന്ന ആരോപണത്തിന് തെളിവായി വി.എച്ച്.പി പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നത്.

ഭോപ്പാലിലെ ഒരു ബിസിനസ് സ്ഥാപനത്തില്‍ മാനേജര്‍ ആയി ജോലി ചെയ്യുകയായിരുന്നു മിത്ര. പഞ്ചാബ് നാഷണല്‍ ബാങ്കില്‍ പ്രൊബേഷണറി ഓഫീസറാണ് റിതു. സ്‌പെഷ്യല്‍ മാരേജ് ആക്ട് പ്രകാരം വിവാഹിതരാവാന്‍ നവംബര്‍ അവസാനം ഇവര്‍ അപേക്ഷ നല്‍കിയിരുന്നു.

ഡിസംബര്‍ 27ന് അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് ഓഫീസില്‍ റിതുവിന്റെ അമ്മ എതിര്‍പ്പുമായി രംഗത്തുവന്നു. ഇരുവരും പ്രായപൂര്‍ത്തിയായവരാണെന്ന കാര്യം ചൂണ്ടിക്കാട്ടി മജിസ്‌ട്രേറ്റ് വിവാഹത്തിന് അംഗീകാരം നല്‍കുകയായിരുന്നു.

വിവാഹത്തിനായി ദമ്പതികള്‍ നല്‍കിയ അപേക്ഷയില്‍ രണ്ടുപേരും ഹിന്ദു എന്നാണ് രേഖപ്പെടുത്തിയത്. തങ്ങള്‍ ബംഗാളി ബ്രാഹ്മണരാണെന്ന് മിത്രയും പറയുന്നു.

We use cookies to give you the best possible experience. Learn more