News of the day
മലയാള ചെറുകഥ, ദേ...ഇതുവഴി!
ഡൂള്‍ന്യൂസ് ഡെസ്‌ക്
2016 Nov 09, 06:11 am
Wednesday, 9th November 2016, 11:41 am

ആരുടെ മുന്നിലും വെളിപ്പെടുത്താനാവാത്ത ചില തിക്ത യാഥാര്‍ത്ഥ്യങ്ങളുടെ തീച്ചൂടില്‍ ഒരു പെണ്‍കുട്ടിയുടെ കുട്ടിത്തം ഉരുകിപ്പോവുകയും “ഞാന്‍ ഒരു സ്ത്രീയായ ദിവസ”ത്തിലേയ്ക്ക് അവള്‍ വലിച്ചെറിയപ്പെടുകയും ചെയ്യുന്നത് നീറ്റലുണ്ടാക്കുന്ന ഒരനുഭവം തന്നെയാണ്.



വായനാസമൂഹം സാഹിത്യത്തില്‍ നിന്നകന്ന് പോകാതെ പിടിച്ചു നിര്‍ത്തുന്നതില്‍ ചെറുകഥയാണ് മുഖ്യപങ്ക് വഹിക്കുന്നത് എന്ന വസ്തുത നിഷേധിക്കാനാവുകയില്ല. തന്നെയുമല്ല, ലോകകഥയ്ക്ക് ഒപ്പം നില്‍ക്കാന്‍ കെല്‍പുള്ള ഒട്ടേറെ കഥകള്‍ നമുക്കുണ്ടെന്ന് അഭിമാനത്തോടെ പറയാനും കഴിയും.

എന്നാല്‍ കഥാകൃത്തുകളുടെ പെരുപ്പത്തിനനുസരിച്ച് കാമ്പുള്ള കഥകള്‍ ഉണ്ടാകുന്നില്ലെന്ന യാഥാര്‍ത്ഥ്യം അംഗീകരിക്കേണ്ടതുണ്ട് താനും. ഇവിടെയാണ് നിഷാദിന്റെ “ആതിരാ- സൈക്കിള്‍” എന്ന കഥാസമാഹാരത്തിന്റെ പ്രസക്തി.

ഈ കഥാസമാഹാരത്തില്‍ ഏറ്റവും മികച്ചു നില്‍ക്കുന്നത് “കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നും പോസ്റ്റ് ചെയ്ത ഒരു ചപ്പാത്തിക്കഥ”യാണ്. പ്രണയത്തിന്റെ നൈതികതയെക്കുറിച്ചും ഫലശ്രുതിയെക്കിറിച്ചും ഒരു പുനര്‍വിചിന്തനത്തിന് പ്രേരിപ്പിക്കുന്നുണ്ട്, ഈ കഥ. മലയാളകഥയുടെ മുന്‍നിരയിലേയ്ക്ക് കടന്നിരിക്കാനുള്ള അര്‍ഹതയും ഈ കഥ നേടിയെടുക്കുന്നു.

nishad

“ആതിര – സൈക്കിള്‍” തലക്കെട്ടിന്റെ പുതുമകൊണ്ട് ആകാംക്ഷയുണര്‍ത്തുകമാത്രമല്ല, കഥാകൃത്തിന്റെ സ്ത്രീപക്ഷ മമത വെളിപ്പെടുത്തുകയും ചെയ്യുന്നുണ്ട്.  ഈ മമതയ്ക്ക് വേറെയും ഉദാഹരണങ്ങളുണ്ട് ഈ സമാഹാരത്തില്‍.

“ജീവിതം ദേ, ഇതുവഴി ” എന്ന കഥയില്‍ അവഗണിക്കപ്പെട്ട വ്രണിത ജീവിതങ്ങളുടെ നിസ്സഹായത ആവിഷ്‌കരിക്കാന്‍ വേറിട്ടൊരു വഴിയാണ് കഥാകൃത്ത് തേടുന്നത്. “ഷൈലജയും ശൈലജയും” എന്ന കഥ ഒരു യുവതിയുടെ കടുത്ത ഏകാന്തതയാണ് പ്രതിഫലിപ്പിക്കുന്നത് എന്ന് ഒഴുക്കന്‍ മട്ടില്‍ പറയുക സാധ്യമല്ല. കാരണം, ദുസ്സഹമായ ആ ഏകാന്തതയെ അവള്‍ നേരിടുന്നത് സ്വയം രണ്ടായി പകുത്താണ്. തികച്ചും സ്‌തോഭജനകമായ ഒരന്ത്യത്തിലൂടെ (കഥകള്‍ ഒരിക്കലും അവസാനിക്കുന്നില്ലെങ്കിലും) ഈ കഥ നമ്മുടെ ഉള്ളില്‍ കയറിയിരിക്കുകയും ചെയ്യും.
athira11
എം. മുകുന്ദന്റെ ദല്‍ഹി കഥയ്ക്ക് ശേഷം വായനക്കാരെ അലട്ടുന്ന മറ്റൊരു ദല്‍ഹിക്കഥ എന്ന് തന്നെ വിശേഷിപ്പിക്കേണ്ട ഒന്നാണ് “ദല്‍ഹി : 2013”.

“രണ്ട് ഏകാന്തത”കളിലാകട്ടെ രണ്ട് തിരസ്‌കൃതരാണ് പ്രത്യക്ഷപ്പെടുന്നത്. എന്തുകൊണ്ടും ആത്മഹത്യയ്ക്ക് അര്‍ഹരായ വിദ്യാധരനും ദിവ്യയും വീടുപേക്ഷിച്ച്, പരസ്പരം പരിചിതരല്ലാത്തതുകൊണ്ട്, സമാന്തരമായി സഞ്ചരിച്ച് അവസാനബിന്ദുവിലെത്തിച്ചേരുമ്പോള്‍ വായനക്കാര്‍ അമ്പരന്ന് പോകുന്നു.

വിദ്യാധരന്റെ വീട്ടില്‍ ദിവ്യ തൂങ്ങി മരിച്ചിരിക്കുമ്പാള്‍ വിദ്യാധരനാകട്ടെ  ദിവ്യയുടെ വീട്ടിലേയ്ക്ക് ഉറക്കച്ചടവോടെ കടന്ന് ചെല്ലുകയാണ്. ഒരു മാന്ത്രികസ്പര്‍ശം കൊണ്ട് കഥയെ ഇങ്ങനെ കീഴ്‌മേല്‍ മറിക്കുമ്പോള്‍ ജീവിതത്തിന്റെ നിഗൂഢത ആരേയും അതിശയിപ്പിക്കും.

ആരുടെ മുന്നിലും വെളിപ്പെടുത്താനാവാത്ത ചില തിക്ത യാഥാര്‍ത്ഥ്യങ്ങളുടെ തീച്ചൂടില്‍ ഒരു പെണ്‍കുട്ടിയുടെ കുട്ടിത്തം ഉരുകിപ്പോവുകയും “ഞാന്‍ ഒരു സ്ത്രീയായ ദിവസ”ത്തിലേയ്ക്ക് അവള്‍ വലിച്ചെറിയപ്പെടുകയും ചെയ്യുന്നത് നീറ്റലുണ്ടാക്കുന്ന ഒരനുഭവം തന്നെയാണ്. മറ്റ് കഥകളും ഗൗരവമേറിയ വായന വാഗ്ദാനം ചെയ്യുന്നുണ്ട്, ആവശ്യപ്പെടുന്നുണ്ട്.

ഇന്നത്തെ സമൂഹം നേരിടുന്ന ചില പ്രശ്‌നങ്ങള്‍ സൗന്ദര്യപരമായ അംശത്തിന് കോട്ടം തട്ടാതെ ആവിഷ്‌കരിക്കുന്നുണ്ട് എന്നതാണ് ഈ കൃതിയുടെ മെച്ചം. കഥയില്‍ വേറിട്ടൊരു ശബ്ദമാവുക എന്നത്  കനത്ത വെല്ലുവിളി തന്നെയാണ്. അത് ഏറ്റെടുക്കാന്‍ ഈ കഥാകൃത്തിന് കരുത്തുണ്ട് എന്ന് മിക്ക കഥകളും സാക്ഷ്യപ്പെടുത്തുന്നു. ഈ സമാഹാരം വായിച്ച് കഴിയുമ്പോള്‍ അടച്ച് വയ്ക്കാന്‍ നിങ്ങള്‍ ഒന്നമാന്തിക്കും. അടച്ച് കഴിഞ്ഞാല്‍ വിസ്മൃതിയിലേയ്ക്ക് തള്ളാനും.

(വി.എച്ച് നിഷാദിന്റ 12 പെണ്‍കഥകളുടെ സമാഹാരമായ “ആതിരാ-സൈക്കിളി”ന് പ്രമുഖ കഥാകൃത്ത് ഗ്രേസി എഴുതിയ അവതാരിക)
***