വി.എച്ച് നിഷാദിന്റെ നോവല്‍, ഭാഗം പന്ത്രണ്ട്
നോവല്‍/വി എച്ച് നിഷാദ്
വര/ മജ്‌നി തിരുവങ്ങൂര്‍
കൈകളില്ലാത്തവന്‍
എങ്ങനെ
ആഹാരം കഴിക്കും
എന്നോര്‍ത്തല്ല,
അവനിനിയെങ്ങനെ
ആയുധമുപയോഗിക്കും
എന്നോര്‍ത്താണ്
എന്റെ ദുഖം.
(അബ്ദുല്‍ സലാം / ദുഖം)
അപ്പോഴേക്കും രണ്ട് മാസവും ഇരുപത്തിയൊമ്പതു ദിവസവും കഴിഞ്ഞിരുന്നു.
പ്ലേഗ് ഏറ്റു വാങ്ങിയ എലിപ്പടയെപ്പോലെ നാടു മുഴുവന്‍ മൂന്നിന്റെ കറുത്ത നിയമങ്ങള്‍ കാല്‍ തെറ്റിച്ച് ഓടി നടന്നു. വെറുതേ നടന്നവനേയും നോക്കി നിന്നവനേയും വീട്ടില്‍ ശയ്യാവലംബിയായി കിടന്നവനേയുമെല്ലാം അവരുടെ പ്രവൃത്തികളിലെ രാജ്യ സ്‌നേഹമില്ലായ്മ അവസരത്തിനൊത്ത് ചൂണ്ടിക്കാണിച്ച് മൂന്ന് തടവറയിലെത്തിച്ചു.[]
കഴിഞ്ഞ രണ്ടു മാസക്കാലമായി ഒന്നും മിണ്ടിയില്ല എന്ന കുറ്റത്തിന് കിഴക്കന്‍ പ്രവിശ്യയിലെ ഒരു യുവാവിനെ പട്ടാളക്കാര്‍ കുതിരക്കു പിന്നില്‍ കെട്ടി വലിച്ചു. വിരാമമില്ലാത്ത തന്റെ നിശബ്ദതയിലൂടെ അയാള്‍ ഉള്ളില്‍ പകയുടെ ആല കത്തിച്ച് വിപ്ലവത്തിന്റെ തീക്കനല്‍ പഴുപ്പിക്കുകയാണ് എന്ന് രഹസ്യപ്പോലീസുകാര്‍ വ്യാഖ്യാനം നടത്തിയിരുന്നു.
മൗനികളെ സൂക്ഷിക്കുക.
അവര്‍ മനസ്സില്‍ ചിറകെട്ടി വിപ്ലവത്തെ സംഭരിച്ചു വെക്കും.
-പോലീസുകാര്‍ തെരുവുതോറും നടന്ന് വിളിച്ചു പറഞ്ഞു.
അതേ സമയം നാലു വാക്കുകള്‍ ഒരേ സമയം ഉച്ചരിച്ചു എന്ന കുറ്റത്തിന് തെക്കന്‍ പ്രവിശ്യയില്‍ ദിനം പ്രതി നൂറോളം പേര്‍ തുറങ്കലുകളിലേക്കടയ്ക്കപ്പെട്ടു.
പലരും തടുക്കാനാവാതെ, ഏതോ ഒരു അണപൊട്ടിയ നിമിഷത്തില്‍ , നടപ്പു കാലത്തെക്കുറിച്ച് ചിന്തിക്കാതെ തങ്ങളുടെ കരച്ചില്‍ തുറന്ന ു വിട്ടുപോയവരായിരുന്നു. ആവര്‍ത്തിച്ച് ഏങ്ങിയ പോയ അവരുടെ രോദനങ്ങള്‍ തടവറകളിലേക്ക് വഴി കാട്ടുന്ന അറസ്റ്റു വാറന്റുകളും ഒട്ടനവധി കഠിന ശിക്ഷകളും പകരമായി വാങ്ങിക്കൊടുത്തു.
മൂന്നിന്റെ കാലത്ത് ദിവസത്തില്‍ മൂന്നു പ്രാവശ്യം മാത്രമേ ഒരാള്‍ മൂത്രമൊഴിക്കാവൂ എന്നൊരു നിയമവും ഇതിനിടയില്‍ പാസ്സാക്കുകയുണ്ടായി. മൂത്ര ജലം പോലും പാഴാകാതെ സൂക്ഷിക്കാനുളളതാണ്. ശരീരം തളര്‍ന്നു കിടപ്പിലായവരും മൂത്രക്കടച്ചിലിന്റെ വിഷമമുളളവരും ഈ നിയമം വന്നതോടെ വല്ലാതെ ദുരിതവൃത്തത്തിലായി. പലരും മൂത്രം പിടിച്ചുവെക്കല്‍ എന്ന കല ഒരു യോഗാ പരിശീലനം പോലെ തന്നെ അഭ്യസിച്ചു. കുട്ടികളുടെ മൂത്രം മൂന്നു നേരത്തേക്കായി പരിമിതപ്പെടുത്താന്‍ മാതാക്കന്മാര്‍ വല്ലാതെ വിഷമിച്ചു.
രണ്ടു വര്‍ഷത്തോളമായി കിടപ്പിലായിരുന്ന വിശ്വനാഥന്‍ എന്നൊരു എഞ്ചിനീയറെ മൂന്നിന്റെ സേന, മൂന്നില്‍ കൂടുലല്‍ മൂത്രമൊഴിച്ചതിന് അറസ്റ്റു ചെയ്തതും അക്കാലത്തായിരുന്നു.
കിടന്ന കിടപ്പിലും ഉറക്കത്തിലുമെല്ലാം അറിയാതെ തന്നെ മൂത്രമൊഴിച്ചു പോകുന്ന ഒരു അവസ്ഥയിലായിരുന്നു ഈ മധ്യ വയസ്‌കന്‍. അറിയാതെ അയാള്‍ ഒഴിക്കുന്ന ഓരോ തുളളി മൂത്രവും ഭാര്യയും മകളും ചേര്‍ന്ന് തുണികൊണ്ട് തുടച്ചു മാറ്റിയിരുന്നു. എന്നിട്ടും രാത്രി കാലങ്ങളില്‍ ആരുമറിയാതെ അയാള്‍ മൂത്രമൊഴിച്ചു പോയി.
അധികമായി ഒഴിച്ചു പോയ മൂത്രം ആരുമറിയാതിരിക്കാന്‍ സ്ഥിരമായി കുടിച്ചു കൊണ്ടിരുന്ന ഒരു യുവതിയേയും ഇക്കാലത്ത് കണ്ടു പിടിക്കുകയുണ്ടായി. മൂന്നു വര്‍ഷത്തേക്ക് മൂത്രം മാത്രം കുടിച്ചു കൊണ്ടുള്ള ഒരു കഠിന തടവാണ് ഭരണകൂടം അവര്‍ക്കായി വിധിച്ചത്.
കൊയിലാണ്ടിയിലെ പയ്യോളിയില്‍ നിന്ന് വര്‍ഷങ്ങള്‍ക്കു മുമ്പേ മൂന്നില്‍ കുടിയേറിപ്പാര്‍ത്തിരുന്ന കണ്ണാളര്‍ സമുദായത്തില്‍ പെട്ട ഒരു പാവം മുത്തച്ഛനേയും ഇക്കാലത്ത് സൈന്യം പിടികൂടി. കേരളീയ ലോഹവൈദ്യന്മാരുടെ പരമ്പരയില്‍പെട്ട ഇയാള്‍ ഹുക്ക നിര്‍മ്മാണത്തിന് പേരുകേട്ട കൊല്ലം, ഉള്ള്യേരി, പയ്യോളി…എന്നീ പ്രദേശങ്ങളില്‍ പടര്‍ന്നു കിടന്നിരുന്ന ഒരു വലിയ കുടംബത്തിലെ അംഗമായിരുന്നു. പ്രേമത്തിലേക്ക് ഹുക്ക കൊണ്ടു വന്നതു തന്നെ അയാളും ഭാര്യയും ചെറിയ മകളുമടങ്ങുന്ന കുടുംബമായിരുന്നു.
കൊയിലാണ്ടിയിലുള്ള മറ്റു കുടുംബക്കാരെപ്പോലെ തന്നെ ഇയാള്‍ ഹുക്ക പ്രധാനമായും സൗദി അറേബ്യയിലേക്കാണ് കയറ്റി അയച്ചിരുന്നത്. മൂന്നിലും ഹുക്കയ്ക്ക് അഭ്യന്തര വിപണിയുണ്ടായിരുന്നില്ല.
പിച്ചളയും ജര്‍മ്മന്‍ സില്‍വറും ഉപേയാഗിച്ചാണ് ഇയാള്‍ ഹുക്ക നിര്‍മ്മിച്ചിരുന്നത്. ഹുക്ക നിര്‍മ്മാനം എന്ന കരകൗശല വൈദഗ്ദ്ധ്യകട്ടെ, അയാളുടെ മുന്‍ തലമുറകള്‍ 500 വര്‍ഷങ്ങള്‍ക്കു മുമ്പേ തന്നെ സ്വായത്തമാക്കിയ ഒന്നായിരുന്നു.
താന്‍ നിര്‍മ്മിച്ച ഹുക്കകലിലൊന്ന് വലിക്കുന്നത് വര്‍ഷങ്ങളായി അയാല്‍ക്കുള്ള ശീലമായിരുന്നു. മൂന്നു വന്നതോടെ ഹുക്ക വലിക്കാനാകാതെ അയാള്‍ ധര്‍മ്മ സങ്കടത്തിലായി.
ഒരിക്കലെപ്പോഴോ അടക്കാനാവാത്ത ഉള്‍വിളി കൊണ്ട് ഹുക്ക വലിച്ചു പോയി ഇയാല്‍. ദൈനം ദിന റോന്തു ചുറ്റലിനായി എത്തിയിരുന്ന ലിറ്റില്‍ ആര്‍മിയിലെ പട്ടാളക്കാര്‍ അത് സീനിയര്‍ മിലിറ്ററിക്ക റിപ്പോര്‍ട്ട് ചെയ്യുകയും അയാള്‍ തടവറയിലേക്ക് ആനയിക്കപ്പെടുകയും ചെയ്തു.
മൂന്നിന്റെ കാലത്തു ആളുകള്‍ക്കിടയില്‍ രഹസ്യ പ്രവൃത്തി പോലെ നടന്നിരുന്ന ഒരു കളിയുണ്ടായിരുന്നു. വല്ലാതെ ബോറടിപ്പിച്ചു കൊല്ലുന്ന പകലുകളെ നേരിടാനായി ആളുകള്‍ ഉണ്ടാക്കിയ പഴഞ്ചൊല്ലുകളായിരുന്നു അത്.
മൂന്നില്‍ തോറ്റാല്‍ അമ്മയ്ക്കു കുറ്റം, മേജര്‍ ഇഛഛിച്ചതും മൂന്ന് പ്രസിഡന്റു കല്‍പിച്ചതും മൂന്ന്, മൂന്നില്‍ വളയാത്തത് മുപ്പതില്‍ വളയില്ല, അമ്പത് എന്നത് ഞാനറിയും മുപ്പതു പോലെ കറുത്തിരിക്കും, അടി തെറ്റിയാല്‍ പ്രസിഡന്റും വീഴും, അത്താഴം മുടക്കാന്‍ മൂന്നു ചുമ മതി, ഇണങ്ങിയാല്‍ കെട്ടിക്കൊല്ലും പിണങ്ങിയാല്‍ പൂട്ടിക്കൊല്ലും, ഉറങ്ങാന്‍ മൂത്രം വേറെ കുടിക്കണം, എന്നും പകല്‍ മൂന്നാവില്ല, മൂന്നില്‍ പിഴച്ചാല്‍ മു്പ്പത്, കാക്കക്കൂട്ടില്‍ മൂന്നെറിയരുത്, പ്രേമത്തിലെ മരം-പ്രസിഡന്റിന്റെ ആന-അടിയെടാ അടി, കാര്യത്തിനു മൂന്നു കാലും പിടിക്കണം, ചന്തിയില്ലാത്തവന്‍ മൂന്നു രീതിയില്‍ നടക്കും, താന്‍ പിടിച്ച മുയലിന് മുപ്പതു കൊമ്പ്, നാടോടുമ്പോള്‍ നാടു വിട്ട് ഓടണം, പഴം പുഴുത്താല്‍ പുഴു- പുഴു- മൂന്നു പുഴു, ബഹുജനം മൂന്നു വിധം, മഴ നിന്നാലും മൂന്നു പെയ്യും, മൂക്കില്ലാ രാജ്യത്ത് മൂന്നാം പൊട്ടന്‍ രാജാവ്, മെല്ലെ തിന്നാല്‍ മൂന്നും തിന്നാം, വടി കൊടുത്ത് മുപ്പതു വാങ്ങരുത്, വല്ലവനു മൂന്നുമായുധം, വെളുക്കാന്‍ തേച്ചത് മൂന്നായി, ശകുനം നന്നെന്നു കരുതി മൂന്നു മാസം വരെ കക്കരുത്, മൂന്നാമന്റെ നാട്ടില്‍ മൂന്നായ നമ:
പഴഞ്ചൊല്ലുകള്‍ ഇങ്ങനെ പല വിധത്തിലുണ്ടായിരുന്നു. ഒരു മുദ്രാവാക്യം പോലും വിളിക്കാന്‍ സ്വാതന്ത്ര്യമില്ലാത്ത നാട്ടില്‍ ഈ വിധത്തില്‍ ജനകീയ പ്രക്ഷോഭങ്ങള്‍ പുതുജന്മങ്ങള്‍ തേടി. ചിലര്‍ ഈ പഴഞ്ചൊല്ലുകള്‍ ഉറക്കത്തില്‍ രാമനാമം പോലെ ജപിച്ചു. മറ്റു ചില കൂട്ടര്‍ ഇവ മറന്നു പോകാതിരിക്കാന്‍ രഹസ്യമായി തങ്ങളുടെ ഇന്നര്‍ വെയറുകളില്‍ എഴുതി വെച്ചു.
പറയുന്നതെന്തും രാഷ്ട്രീയ പ്രവര്‍ത്തനമായി മാറുന്ന കാലമായിരുന്നു അത്.(തുടരും)