കോഴിക്കോട്: ജനുവരി ഒന്നാം തീയതി മുതൽ കേരളത്തിൽ ഉടനീളമുള്ള വില്ലേജ് ഓഫീസുകളിലെ വില്ലേജ് ഫീൽഡ് അസിസ്റ്റന്റുമാർ സമരത്തിലാണ്. തങ്ങൾ ചെയ്യേണ്ടതിനു അപ്പുറമുള്ള ജോലികൾ ചെയ്യിപ്പിക്കുന്നതിലാനും പ്രൊമോഷൻ സാധ്യതകളും മറ്റ് ആനുകൂല്യങ്ങളും ഇല്ലാത്തതിനാലുമാണ് ഇവർ സമരം ആരംഭിക്കാൻ തീരുമാനിച്ചത്. 20 വർഷത്തോളം സർവീസ് ഉള്ളവരും എൽ ഡി ക്ലാർക്കുകളേക്കാൾ ശമ്പളം വാങ്ങുന്നവരും ഈ കൂട്ടത്തിലുണ്ട്.
എന്നാൽ എൽ ഡി ക്ലാർക്കുമാർക്കും മറ്റ് തസ്തികയിൽ ഉള്ളവർക്കും ഡെപ്യൂട്ടി കളക്ടർ വരെ ആയി വിരമിക്കാനുള്ള സാധ്യത ഉണ്ടെന്നിരിക്കെ ഇവർ പ്രൊമോഷൻ ലഭിക്കാതെ വി എഫ് എ തസ്തികയിൽ തന്നെ തുടരാൻ നിർബന്ധിതരാവുകയാണ്. മാത്രമല്ല വില്ലേജ് മാനുവലിൽ പറയാത്ത പല ജോലികളും ഇവർ ചെയേണ്ടിയും വരുന്നു.
ഇവരുടെ അവസ്ഥയിൽ വില്ലേജ് ഓഫീസർമാർക്കും മറ്റ് ഉദ്യോഗസ്ഥർക്കും അനുകൂല നിലപാട് തന്നെയാണ് ഉള്ളത്. പേരുകൾ വെളിപ്പെടുത്താൻ വിസ്സമ്മതിക്കുന്നുണ്ടെങ്കിലും വി എഫ് എമാർ അർഹിക്കുന്ന അവകാശങ്ങളും ആനുകൂല്യങ്ങളും തന്നെയാണ് അവർ ആവശ്യപ്പെടുന്നത് എന്ന് വില്ലേജ് ഓഫീസർമാരും സമ്മതിക്കുന്നു.
രണ്ടാഴ്ചയിൽ കൂടുതലായി ഇവരുടെ സമരം തുടങ്ങിയിട്ട്. ഇതിനിടയ്ക്ക് കാര്യങ്ങൾ വകുപ്പ് മന്ത്രിയുടെയും മുഖ്യമന്ത്രിയുടെയും ശ്രദ്ധയിൽ പെടുത്താൻ ഇവർക്ക് കഴിഞ്ഞു. ഏറെ താമസിയാതെ തന്നെ തങ്ങളുടെ പരാതികൾ പരിഹരിച്ച് കിട്ടും എന്ന പ്രതീക്ഷയിലാണ് ഇവർ.