ഷെയിന്‍ നിഗത്തെ നായകനാക്കി നവാഗതനായ ശരത് മേനോന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘വെയിലി’ന്റെ റിലീസുമായി ബന്ധപ്പെട്ട് ഫേസ്ബുക്ക് പോസ്റ്റുമായി നിര്‍മാതാവ് ജോബി ജോര്‍ജ്.
ഫെബ്രുവരി 25 ചിത്രം റിലീസ് ചെയ്യാനിരിക്കെ പ്രേക്ഷകരുടെ പിന്തുണ ആവശ്യപ്പെട്ടുകൊണ്ടാണ് ജോബി ജോര്‍ജിന്റെ പോസ്റ്റ്.
2004 മുതല്‍ വളരെ സീരിയസായി സിനിമയുമായി അടുത്ത് നില്‍ക്കുന്ന ഒരു സാധാരണക്കാരനാണ് താനെന്നും തന്റെ അവസാന ശ്വാസം വരെ ഓര്‍ത്തുവെക്കാന്‍ പറ്റുന്ന സിനിമ ആയിരിക്കും വെയില്‍ എന്നുമാണ് പോസ്റ്റില്‍ ജോബി ജോര്‍ജ് പറയുന്നത്.
ഓരോ പ്രാവശ്യം റിലീസ് പ്ലാൻ ചെയ്യുമ്പോഴും ഓരോരോ തടസങ്ങളാണെന്നും ഇത് എന്താണിങ്ങനെയെന്ന് മനസ്സിലാകുന്നില്ലെന്നും ജോബി ജോര്‍ജ് പോസ്റ്റില്‍ പറയുന്നു.
”നമ്മള്‍ വീണ്ടും തയ്യാറെടുക്കുകയാണ് വെയില്‍ റിലീസ് ചെയ്യാന്‍…. 25 Feb, അതാണ് നമ്മുടെ ദിവസം. കൂടെ വേണം,” നിര്‍മാതാവ് ഫേസ്ബുക്കില്‍ കുറിച്ചു.
ഗുഡ്‌വില്‍ എന്റര്‍ടെയിന്‍മെന്റ്‌സിന്റെ ബാനറിലാണ് ജോബി ജോര്‍ജ് വെയില്‍ നിര്‍മിച്ചിരിക്കുന്നത്.
നേരത്തെ ജനുവരി 28നായിരുന്നു ചിത്രത്തിന്റെ റിലീസ് തീരുമാനിച്ചിരുന്നത്. എന്നാല്‍ കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് റിലീസ് തീയതി നീട്ടിവെക്കുകയായിരുന്നു.
ഷൈന്‍ ടോം ചാക്കോ, സുരാജ് വെഞ്ഞാറമൂട്, ഗീതി സംഗീത, സുധി കോപ്പ, സോന ഒലിക്കല്‍ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ശരത് മേനോന്‍ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. സംഗീത സംവിധാനം പ്രദീപ് കുമാര്‍.
ഷാസ് മുഹമ്മദാണ് ഛായാഗ്രാഹണം. പ്രവീണ്‍ പ്രഭാകറാണ് എഡിറ്റിംഗ്. ശബ്ദ മിശ്രണം രംഗനാഥ് രവി.
രണ്ട് വര്‍ഷം മുന്‍പ് വെയില്‍ സിനിമയുമായി ബന്ധപ്പെട്ട് ഷെയ്ന്‍ നിഗവും നിര്‍മാതാവ് ജോബി ജോര്‍ജും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു.
ജോബി ജോര്‍ജ് തനിക്കെതിരെ വധഭീഷണി മുഴക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി ഷെയ്ന്‍ രംഗത്തെത്തിയതോടെയായിരുന്നു വിവാദത്തിന് തുടക്കമായത്. ഇത് സംബന്ധിച്ച് ജോബിയുടെ വോയിസ് ക്ലിപ്പും ഷെയ്ന്‍ പുറത്ത് വിട്ടിരുന്നു.
ചിത്രത്തിന്റെ ഒന്നാം ഷെഡ്യൂള്‍ കഴിഞ്ഞ ശേഷം മറ്റൊരു ചിത്രമായ ‘കുര്‍ബാനി’ക്കുവേണ്ടി താന്‍ മുടി വെട്ടിയതിനെ തുടര്‍ന്ന് വെയിലിന്റെ ഷൂട്ടിങ് മുടക്കാനാണ് ഇത് ചെയ്തതെന്ന് ആരോപിച്ച് നിര്‍മാതാവ് വധഭീഷണി മുഴക്കിയെന്നായിരുന്നു ഷെയ്ന്‍ ആരോപിച്ചത്.
തുടര്‍ന്ന് നിര്‍മാതാവ് ജോബി കൊച്ചിയില്‍ വാര്‍ത്താസമ്മേളനം നടത്തിയിരുന്നു. ഷെയ്നെ ഭീഷണിപ്പെടുത്തിയിട്ടില്ല എന്നും 30 ലക്ഷം രൂപ പ്രതിഫലം ചോദിച്ച ഷെയ്ന്‍ പിന്നീട് ചിത്രീകരണം തുടങ്ങിയപ്പോള്‍ അത് 40 ലക്ഷമാക്കിയെന്നുമായിരുന്നു ജോബി പറഞ്ഞത്.
പിന്നീട് നിര്‍മാതാക്കളും താരസംഘടന അമ്മയും മുന്‍കൈ എടുത്തായിരുന്നു പ്രശ്നം പരിഹരിച്ചത്.
Content Highlight: Veyil movie producer Joby George talks about the release of the movie