'അവര്‍ നിങ്ങളുടെ സിനിമയെ കൊല്ലും, നിങ്ങളെ ജീവനോടെ തിന്നും'; ഗുഡ്‌വില്‍ എന്റര്‍ടെയ്ന്‍മെന്റിനെതിരെ സ്‌റ്റോറി പോസ്റ്റ് ചെയ്തതിന് ശേഷം ഡിലീറ്റ് ചെയ്ത് 'വെയില്‍' സംവിധായകന്‍
ഗുഡ്‌വില്‍ എന്റര്‍ടെയ്ന്‍മെന്റ് പ്രൊഡക്ഷന്‍ ഹൗസിനെതിരെ ഇന്‍സ്റ്റഗ്രാമില്‍ സ്‌റ്റോറിയിട്ടതിന് ശേഷം ഡിലീറ്റ് ചെയ്ത് ‘വെയില്‍’ സിനിമയുടെ സംവിധായകന്‍ ശരത്ത് മേനോന്‍. ഗുഡ്‌വില്‍ എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ ജോബി ജോര്‍ജാണ് വെയില്‍ നിര്‍മിക്കുന്നത്.
‘നിങ്ങള്‍ക്ക് സിനിമാസംവിധാനത്തോട് താല്‍പര്യമുണ്ടെങ്കില്‍, സിനിമയോട് കുറച്ചെങ്കിലും ഇഷ്ടമുണ്ടെങ്കില്‍, നിങ്ങളുടെ സിനിമ നിര്‍മിക്കാനായി ഗുഡ്‌വില്‍ എന്റെര്‍ടെയ്ന്‍മെന്റ് ഒഫീഷ്യലിനെ സമീപിക്കരുത്. അവര്‍ നിങ്ങളുടെ സിനിമയെ കൊല്ലും. യാതൊരു ധാര്‍മികതയോ മനുഷ്യത്വമോ ഇല്ല. അവര്‍ നിങ്ങളെ ജീവനോടെ തിന്നും’ എന്നായിരുന്നു ശരത്തിന്റെ ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയില്‍ കുറിച്ചിരുന്നത്.
എന്നാല്‍ സ്‌റ്റോറി പോസ്റ്റ് ചെയ്ത് അല്പസമയത്തിനകം തന്നെ ഡിലീറ്റ് ചെയ്യുകയായിരുന്നു. രണ്ട് വര്‍ഷം മുന്നെ വെയിലുമായി ബന്ധപ്പെട്ട് ഷെയ്ന്‍ നിഗവും നിര്‍മാതാവ് ജോബി ജോര്‍ജും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു.
ചിത്രത്തിന്റെ ഒന്നാം ഷെഡ്യൂള്‍ കഴിഞ്ഞ ശേഷം മറ്റൊരു ചിത്രമായ ‘കുര്‍ബാനി’ക്കുവേണ്ടി താന്‍ മുടി വെട്ടിയതിനെ തുടര്‍ന്ന് വെയിലിന്റെ ഷൂട്ടിങ് മുടക്കാനാണ് ഇത് ചെയ്തതെന്ന് ആരോപിച്ച് നിര്‍മാതാവ് വധഭീഷണി മുഴക്കിയെന്നായിരുന്നു ഷെയ്നിന്റെ ആരോപണം. ഇന്‍സ്റ്റഗ്രാം ലൈവിലൂടെയാണ് ഷെയ്ന്‍ ജോബിക്കെതിരേ ആരാപണവുമായി രംഗത്തെത്തിയത്.
തുടര്‍ന്ന് ജോബി കൊച്ചിയില്‍ വാര്‍ത്തസമ്മേളനം നടത്തിയിരുന്നു. ഷെയ്‌നെ ഭീഷണിപ്പെടുത്തിയിട്ടില്ല എന്ന് പറഞ്ഞ ജോബി, 30 ലക്ഷം രൂപയാണ് ചിത്രത്തിനായി ഷെയ്ന്‍ ചോദിച്ച പ്രതിഫലമെന്നും പിന്നീട് ചിത്രീകരണം തുടങ്ങിയപ്പോള്‍ അത് 40 ലക്ഷമാക്കിയെന്നും പറഞ്ഞു. ഭീഷണിപ്പെടുത്തുകയല്ല തന്റെ അവസ്ഥ പറയുകയാണുണ്ടായത്.
സിനിമയുമായി സഹകരിക്കാതെ പോയാല്‍ നിയമനടപടിയുമായി മുന്നോട്ടുപോകുമെന്ന് പറഞ്ഞിരുന്നതായും ജോബി ജോര്‍ജ് മാധ്യമങ്ങളെ അറിയിച്ചിരുന്നു. തുടര്‍ന്ന് നിര്‍മാതാക്കളും താര സംഘടനയായ അമ്മയും മുന്‍കൈ എടുത്താണ് പ്രശ്‌നം പരിഹരിച്ചത്.
അതേസമയം കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് വെയിലിന്റെ റിലീസ് മാറ്റിയിരിക്കുകയാണ്. ജനുവരി 28 നാണ് ചിത്രം റിലീസ് ചെയ്യാന്‍ തീരുമാനിച്ചിരുന്നത്. ശരത്ത് മേനോന്‍ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും രചിച്ചിരിക്കുന്നത്. ഷെയ്‌ന് പുറമേ ഷൈന്‍ ടോം ചാക്കോ, സുരാജ് വെഞ്ഞാറമൂട്, ഗീതി സംഗീത, സുധി കോപ്പ, സോന ഒലിക്കല്‍ എന്നിവരാണ് മറ്റ് പ്രധാനകേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.
Content Highlight: veyil movie director sarath deleted instagram story against goodwill entertainment