ഷെയ്ന്‍ നിഗത്തെ നായകനാക്കി നവാഗതനായ ശരത് സംവിധാനം ചെയ്ത ‘വെയില്‍’ കഴിഞ്ഞ ദിവമാണ് തിയേറ്ററിലെത്തിയത്. ഏറെ നാളത്തെ കാത്തിരിപ്പുകള്‍ക്കും വിവാദങ്ങള്‍ക്കുമെല്ലാം ശേഷമായിരുന്നു ചിത്രത്തിന്റെ തിയേറ്റര്‍ റിലീസ്.
ചിത്രത്തില്‍ നായികാ കഥാപാത്രമായ ശ്രുതിയെ പുതുമുഖ താരം സോന ഒലിക്കലാണ് അവതരിപ്പിച്ചത്. ആദ്യ ചിത്രമാണെങ്കിലും മികച്ച പ്രകടനമായിരുന്നു ചിത്രത്തില്‍ സോനയുടേത്. വെയില്‍ ഷൂട്ടിങ്ങിനെ കുറിച്ചും സിനിമ നേരിട്ട പ്രതിസന്ധിയെ കുറിച്ചുമെല്ലാം സംസാരിക്കുകയാണ് സോന. ബിഹൈന്‍ഡ് വുഡ്സിന് നല്‍കിയ അഭിമുഖത്തിലാണ് താരം സിനിമയെ കുറിച്ച് മനസുതുറക്കുന്നത്.
സിനിമയെ സംബന്ധിച്ച് വലിയൊരു വെല്ലുവിളി നേരിട്ട സമയമുണ്ടായിരുന്നെന്നും ആ സമയത്തൊക്കെ എല്ലാവരും കൂടെ നിന്നെന്നും സോന പറയുന്നു.
യഥാര്‍ത്ഥത്തില്‍ വെയില്‍ ഒരു ഇമോഷണല്‍ ജേര്‍ണിയായിരുന്നു. സംവിധായകന്‍ ശരത്തിനോട് ഞാന്‍ കരഞ്ഞു ചോദിച്ചിട്ടുണ്ട് ഈ സിനിമ നടക്കുമോ, ഉണ്ടാകുമോ എന്നൊക്കെ. തീര്‍ച്ചയായും നടക്കുമെന്ന് അദ്ദേഹം പറഞ്ഞു.
അതുമാത്രമല്ല സിനിമയില്‍ അഭിനയിച്ചിട്ടുണ്ടെന്ന് ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കുമെല്ലാം അറിയാമായിരുന്നു. ഷൂട്ടിങ് കഴിഞ്ഞതോടെ പിന്നെ കാണുന്നവരെല്ലാം സിനിമ എന്തായി, എന്തായി എന്നൊക്കെ ചോദിച്ചുകൊണ്ടേ ഇരിക്കുന്നുണ്ടായിരുന്നു. ഞാന്‍ ആണെങ്കില്‍ അവരോട് മറുപടി പറഞ്ഞു മടുത്തു. പിന്നെ എന്റെ ഈ മറുപടി കേട്ട് മടുത്തതോടെ അവരും ചോദ്യം നിര്‍ത്തി, സോന പറയുന്നു.
സിനിമയുടെ സെറ്റില്‍ എല്ലാവരുമായിട്ട് ഭയങ്കര കമ്പനിയായിരുന്നെന്നും അതുകൊണ്ട് തന്നെ വളരെ കംഫര്‍ട്ടായി അഭിനയിക്കാന്‍ പറ്റിയെന്നും താരം പറയുന്നു.
വെയില്‍ തിയേറ്ററില്‍ കാണാന്‍ വേണ്ടിയാണ് ഞാന്‍ കാത്തിരുന്നത്. ഷെയ്നിന്റെ ലൈഫിനെ വലിയ രീതിയില്‍ ഇംപാക്ട് ചെയ്യുന്ന ഒരു കഥാപാത്രമാണ് ശ്രുതി. ചിത്രത്തില്‍ സ്‌കൂള്‍ കാലഘട്ടത്തിലെ കഥാപാത്രമായാണ് ഞാന്‍ എത്തുന്നത്. വളരെ ബോള്‍ഡായിട്ടുള്ള, ബബ്ലിയായിട്ടുള്ള കഥാപാത്രമാണ്. ഞാനുമായി കഥാപാത്രത്തെ റിലേറ്റ് ചെയ്യാന്‍ പറ്റിയിട്ടുണ്ട്, സോന പറയുന്നു.
ഷെയ്നുമൊത്തുള്ള ഷൂട്ടിങ്ങെല്ലാം രസകരമായിരുന്നെന്നും സെറ്റില്‍ എല്ലായ്പ്പോഴും കഥാപാത്രമായി തന്നെയാണ് ഷെയ്ന്‍ പെരുമാറാറുള്ളതെന്നും സോന പറയുന്നു.
ഇത്തിരി ഇമോഷണല്‍ സീന്‍ ആണെങ്കില്‍ പുള്ളി ക്വയറ്റായി മാറിയിരിക്കും. പൂജയ്ക്ക് ശേഷമുള്ള ഉത്സവ സീന്‍ ഷൂട്ട് ചെയ്തപ്പോള്‍ ഭയങ്കര ഹാപ്പി മൂഡിലായിരുന്നു ഷെയ്ന്‍. നന്നായി ഇന്‍സ്പെയര്‍ ചെയ്യുന്ന ആളാണ്. ഭയങ്കര നാച്ചുറലാണ്. അദ്ദേഹത്തെ ഒബ്സേര്‍വ് ചെയ്താല്‍ കുറേ കാര്യങ്ങള്‍ പഠിക്കാന്‍ പറ്റും, സോന പറയുന്നു.
വെയിലേക്ക് അവസരം വന്നപ്പോള്‍ തന്നെ ചെയ്യണമെന്ന് തീരുമാനിച്ചിരുന്നെന്നും കഥാപാത്രത്തെ ഭയങ്കരമായി ഇഷ്ടപ്പെട്ടെന്നും സോന പറയുന്നു. തന്റെ ചില ടിക് ടോക് വീഡിയോകള്‍ കണ്ടാണ് സംവിധായകന്‍ ശരത് വിളിച്ചതെന്നും ടിക് ടോക് ചെയ്ത കുറേപ്പേര്‍ ഈ സിനിമയിലുണ്ടെന്നും സോന പറയുന്നു.
അമ്മയും അവരുടെ രണ്ട് ആണ്‍മക്കളുമാണ് വെയിലിലെ പ്രധാനപ്പെട്ട കഥാപാത്രങ്ങള്‍. ഈ രണ്ടു കൂടപ്പിറപ്പുകള്‍ തമ്മിലുള്ള ഈഗോയാണ് ചിത്രത്തിന്റെ കഥാതന്തു.സിദ്ധാര്‍ത്ഥ് എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ ഷെയ്ന്‍ അവതരിപ്പിക്കുന്നത്.
content highlight:Veyil movie actress sona olickal about shane nigam and the movie