| Thursday, 17th October 2024, 2:07 pm

ക്ലാഷ് വെക്കാത്തത് നന്നായി, മഴയില്‍ കുതിര്‍ന്ന് വേട്ടയ്യന്‍, കങ്കുവ രക്ഷപ്പെട്ടെന്ന് ആരാധകര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

തമിഴ് സിനിമയെ സംബന്ധിച്ച് ഈ വര്‍ഷത്തിന്റെ ആദ്യപകുതി അത്ര സുഖകരമല്ലായിരുന്നു. വമ്പന്‍ റിലീസുകളൊന്നുമില്ലാതെ ഡ്രൈയായി പോയ കാലമായിരുന്നു ഈ വര്‍ഷത്തിന്റെ ആദ്യത്തെ ആറുമാസം. മലയാളചിത്രങ്ങളായ മഞ്ഞുമ്മല്‍ ബോയ്‌സും ആവേശവും തമിഴ്‌നാട്ടില്‍ ചരിത്രവിജയം നേടിയപ്പോള്‍ ഗില്ലി റീ റിലീസ് ചെയ്ത് തമിഴ്‌സിനിമക്ക് താത്കാലികാശ്വാസം നല്‍കി. രണ്ടാം പകുതിയില്‍ നിരവധി വമ്പന്‍ ചിത്രങ്ങളാണ് പുറത്തിറങ്ങിയത്. അതില്‍ പലതും പ്രതീക്ഷിച്ച വിജയം നേടാതെ പോവുകയായിരുന്നു.

കമല്‍ ഹാസന്‍ ചിത്രം ഇന്ത്യന്‍ 2വിനെ ഈ വര്‍ഷത്തെ ഏറ്റവും മോശം സിനിമയായി പലരും വാഴ്ത്തിയപ്പോള്‍ മികച്ച കണ്ടന്റുണ്ടായിട്ടും ബോക്‌സ് ഓഫീസില്‍ തിളങ്ങാനാകാതെ തങ്കലാന്‍ മാറി. രാഷ്ട്രീയ പ്രഖ്യാപനത്തിന് ശേഷം തിയേറ്ററിലെത്തിയ വിജയ് ചിത്രം ഗ്രേറ്റസ്റ്റ് ഓഫ് ഓള്‍ ടൈം വൈഡ് റിലീസിന്റെ സഹായത്തോടെ ബ്രേക്ക് ഇവനായി. രണ്ട് വര്‍ഷത്തോളമായി സൂര്യ ആരാധകര്‍ കാത്തിരിക്കുന്ന കങ്കുവയും ഈ വര്‍ഷം റിലീസ് പ്രഖ്യാപിച്ചിരുന്നു. പൂജാ ഹോളിഡേയ്‌സ് ലക്ഷ്യം വെച്ച് ഒക്ടോബര്‍ 10നായിരുന്നു കങ്കുവ ആദ്യം റിലീസ് പ്രഖ്യാപിച്ചത്.

എന്നാല്‍ അതേദിവസം രജിനികാന്ത് ചിത്രം വേട്ടൈയന്‍ കൂടി റിലീസ് പ്രഖ്യാപിച്ചതോടെ കങ്കുവ പ്രതിസന്ധിയിലായി. വന്‍ ബജറ്റിലെത്തുന്ന ചിത്രത്തിനെ ക്ലാഷ് റിലീസ് വലിയ രീതിയില്‍ ബാധിക്കുമെന്ന് കണ്ട് കങ്കുവ പിന്മാറുകയും ചെയ്തു. പറഞ്ഞ ദിവസത്തില്‍ റിലീസ് ചെയ്ത വേട്ടൈയന് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്. തരക്കേടില്ലാത്ത രീതിയില്‍ കളക്ഷന്‍ നേടി മുന്നേറിക്കൊണ്ടിരുന്ന വേട്ടൈയന് തമിഴ്‌നാട്ടില്‍ വന്‍ തിരിച്ചടിയാണ് ഇപ്പോള്‍ ലഭിക്കുന്നത്.

കഴിഞ്ഞ ഒരാഴ്ചയായി പെയ്യുന്ന മഴയില്‍ തമിഴ്‌നാട്ടിലെ ജനങ്ങള്‍ ദുരിതത്തിലാണ്. ചെന്നൈ, സേലം, ട്രിച്ചി, കോയമ്പത്തൂര്‍ തുടങ്ങിയ നഗരങ്ങള്‍ മഴക്കെടുതിയിലാണ്. ഈയൊരു കാര്യം വേട്ടൈയന്റെ കളക്ഷനെ സാരമായി ബാധിച്ചിരിക്കുകയാണ്. റിലീസ് ചെയ്ത് ആറാം ദിവസം വെറും 4.25 കോടി മാത്രമാണ് വേട്ടൈയന് നേടാന്‍ സാധിച്ചത്. തരക്കേടില്ലാത്ത റിവ്യൂ ലഭിച്ചിട്ടും ബോക്‌സ് ഓഫീസില്‍ രജിനിയെപ്പോലൊരു സൂപ്പര്‍സ്റ്റാര്‍ ചിത്രം കിതക്കുന്ന കാഴ്ചയാണ് ഇപ്പോള്‍ കാണാന്‍ സാധിക്കുന്നത്.

നേരത്തെ രജിനിയുടെ മറ്റൊരു ചിത്രമായ അണ്ണാത്തേക്കും സമാനമായ അവസ്ഥ വന്നിരുന്നു. നെഗറ്റീവ് റിവ്യൂ ലഭിച്ച അണ്ണാത്തെ വെറും 150 കോടിയാണ് ബോക്‌സ് ഓഫീസില്‍ നിന്ന് നേടിയത്. അന്നും മഴ തന്നെയായിരുന്നു രജിനിയെ ചതിച്ചത്. രജിനി ചിത്രത്തോട് ക്ലാഷ് വെക്കാതെ പിന്മാറിയത് കങ്കുവക്ക് ഗുണം ചെയ്തുവെന്നാണ് പലരും അഭിപ്രായപ്പെടുന്നത്. നവംബര്‍ 14നാണ് കങ്കുവ തിയേറ്ററുകളിലെത്തുന്നത്.

ഒരുപാട് കാലമായി തിയേറ്റര്‍ ഹിറ്റില്ലാതിരിക്കുന്ന സൂര്യയും അണ്ണാത്തെയുടെ പരാജയത്തിന് ശേഷം ശിവയും ഒന്നിക്കുന്ന ചിത്രമാണ് കങ്കുവ. ബി.സി നാലാം നൂറ്റാണ്ടിലെ കങ്കുവ എന്ന യോദ്ധാവിന്റെ കഥ പറയുന്ന ചിത്രത്തില്‍ ബോളിവുഡ് താരം ബോബി ഡിയോളാണ് ചിത്രത്തിലെ വില്ലനായി എത്തുന്നത്. രണ്ട് ഗെറ്റപ്പിലാണ് സൂര്യ കങ്കുവയില്‍ അവതരിക്കുന്നത്. ത്രീ.ഡിയിലാണ് ചിത്രം പ്രേക്ഷകരിലേക്കെത്തുക.

Content Highlight: Vettaiyan suffering in Tamilnadu box office because of heavy rain

We use cookies to give you the best possible experience. Learn more