പിള്ളേരൊക്കെ മാറിയിരിക്ക്, ബോക്‌സ് ഓഫീസ് സീനിയേഴ്‌സ് ഭരിക്കും, ഇന്ത്യന്‍ 2വിന് പിന്നാലെ റിലീസ് പ്രഖ്യാപിച്ച് സൂപ്പര്‍സ്റ്റാര്‍ ചിത്രം
Film News
പിള്ളേരൊക്കെ മാറിയിരിക്ക്, ബോക്‌സ് ഓഫീസ് സീനിയേഴ്‌സ് ഭരിക്കും, ഇന്ത്യന്‍ 2വിന് പിന്നാലെ റിലീസ് പ്രഖ്യാപിച്ച് സൂപ്പര്‍സ്റ്റാര്‍ ചിത്രം
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 7th April 2024, 8:52 pm

തമിഴ്‌നാട് ബോക്‌സ് ഓഫീസിനെ സംബന്ധിച്ച് അത്ര സുഖകരമല്ലാത്ത അവസ്ഥയിലൂടെയാണ് കോളിവുഡ് കടന്നു പോയ്‌ക്കൊണ്ടിരിക്കുന്നത്. 2024 തുടങ്ങി നാല് മാസമായിട്ടും എടുത്തുപറയാന്‍ ഒരൊറ്റ ഹിറ്റ് പോലുമില്ലാത്ത അവസ്ഥയാണ്. പഴയസിനിമകള്‍ റീ റിലീസ് ചെയ്തും മഞ്ഞുമ്മല്‍ ബോയ്‌സ്, പ്രേമലു പോലുള്ള മലയാളസിനിമകളുമാണ് തമിഴ്‌നാട്ടിലെ തിയേറ്ററുകളില്‍ ആളനക്കം ഉണ്ടാക്കുന്നത്.

എന്നാല്‍ 2024ന്റെ രണ്ടാം പകുതി അങ്ങനെയാവില്ലെന്ന സൂചനകളാണ് ഇപ്പോള്‍ വന്നുകൊണ്ടിരിക്കുന്നത്. ഏറെ നാളായി കാത്തിരിക്കുന്ന ഷങ്കര്‍- കമല്‍ ഹാസന്‍ ചിത്രം ഇന്ത്യന്‍ 2 ഈ വര്‍ഷം ജൂണില്‍ റിലീസ് ചെയ്യുമെന്ന് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഇതിന് പിന്നാലെ രജിനികാന്ത് ചിത്രം വേട്ടയന്റെയും റിലീസ് നിര്‍മാതാക്കളായ ലൈക്ക പ്രൊഡക്ഷന്‍സ് അറിയിച്ചിരിക്കുകയാണ്. ‘കുറി വെച്ചാച്ച്’ എന്ന ക്യാപ്ഷനോടെയാണ് പോസ്റ്റര്‍ പങ്കുവെച്ചത്.

ഈ വര്‍ഷം ഒക്ടോബറില്‍ ചിത്രം റിലീസ് ചെയ്യുമെന്നാണ് അറിയിച്ചിരിക്കുന്നത്. ദീപാവലി ദിവസമായ ഒക്ടോബര്‍ 31നാകും റിലീസെന്നാണ് സിനിമാപേജുകള്‍ പറയുന്ന വിവരം. ജയ് ഭീമിന് ശേഷം ടി.ജെ ജ്ഞാനവേല്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് വേട്ടയ്യന്‍. ബോളിവുഡ് സൂപ്പര്‍ താരം അമിതാഭ് ബച്ചനും മലയാളത്തില്‍ നിന്ന് ഫഹദ് ഫാസിലും, മഞ്ജു വാര്യറും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

തെലുങ്ക് താരം റാണ ദഗ്ഗുബട്ടിയും ചിത്രത്തിലുണ്ട്. ദുഷാര വിജയന്‍, റിതിക സിങ് തുടങ്ങിയവരാണ് മറ്റു താരങ്ങള്‍. അനിരുദ്ധാണ് ചിത്രത്തിന്റെ സംഗീതം. ഫിലോമിന്‍ രാജ് എഡിറ്റിങ്ങും, എസ്. കതിര്‍ ഛായാഗ്രഹണവും നിര്‍വഹിക്കുന്നു.

സൂര്യ- ശിവ ഒന്നിക്കുന്ന കങ്കുവ, അജിത് ചിത്രം വിടാമുയര്‍ച്ചി, വിജയ്- വെങ്കട് പ്രഭു ഒന്നിക്കുന്ന ദ ഗ്രേറ്റസ്റ്റ് ഓഫ് ഓള്‍ ടൈം, ധനുഷ് സംവിധാനം ചെയ്ത് അഭിനയിക്കുന്ന രായന്‍ എന്നിവയാണ് ഈ വര്‍ഷത്തെ തമിഴിലെ പ്രധാന റിലീസുകള്‍. നഷ്ടപ്പെട്ടുപോയ ബോക്‌സ് ഓഫീസ് പവര്‍ ഈ സിനിമകളിലൂടെ കോളിവുഡ് തിരിച്ചുപിടിക്കുമെന്നാണ് സിനിമാപ്രേമികള്‍ കരുതുന്നത്.

Content Highlight: Vettaiyan release announced