ശക്തമായ രാഷ്ട്രീയം സംസാരിച്ച സിനിമയായിരുന്നു 2021ല്‍ റിലീസായ ജയ് ഭീം. ഇരുളവിഭാഗത്തോട് പൊലീസ് കാണിച്ച അതിക്രമവും അതിനെതിരെ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയും ചന്ദ്രു എന്ന അഭിഭാഷകനും നടത്തിയ പോരാട്ടവുമെന്ന യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കിയ ചിത്രമായിരുന്നു ജയ് ഭീം. മൂന്ന് വര്‍ഷത്തിന് ശേഷം ജയ് ഭീമിന്റെ സംവിധായകന്‍ ടി.ജെ. ജ്ഞാനവേല്‍ മറ്റൊരു ശക്തമായ പ്രമേയവുമായി വന്ന സിനിമയാണ് വേട്ടയ്യന്‍. നായകനായി സൂപ്പര്‍സ്റ്റാര്‍ രജിനികാന്ത്, കൂടെ ബോളിവുഡ് ഷെഹന്‍ഷാ അമിതാഭ് ബച്ചനും.
ജയ് ഭീമില്‍ ലോക്കപ്പ് മര്‍ദനത്തെ വിമര്‍ശിച്ച ജ്ഞാനവേല്‍ വേട്ടയ്യനിലേക്കെത്തുമ്പോള്‍ പൊലീസ് എന്‍കൗണ്ടറിനെയാണ് എതിര്‍ക്കുന്നത്. ഇതേ തീമുമായി വന്ന വിസാരണൈ, ജന ഗണ മന എന്നീ സിനിമകളെ വെച്ച് താരതമ്യം ചെയ്യുമ്പോള്‍ വേട്ടയ്യന്‍ അത്രകണ്ട് മെച്ചപ്പെട്ടിട്ടില്ല എന്ന് പറയാം. പൊലീസ് എന്‍കൗണ്ടറിനെ പ്രകീര്‍ത്തിച്ച് മലയാളത്തില്‍ പുറത്തിറങ്ങിയ ക്രിസ്റ്റഫര്‍ എന്ന സിനിമയുമായി താരതമ്യപ്പെടുത്തിയാല്‍ വേട്ടയ്യന്‍ ഒരുപാട് ഉയരത്തിലുമാണ്.
കന്യാകുമാരി എസ്.പിയായ ആദിയന്റെ കഥയാണ് വേട്ടയന്‍ പറയുന്നത്. രജിനികാന്താണ് ആദിയനായി എത്തുന്നത്. ടിപ്പിക്കല്‍ രജിനി ചിത്രങ്ങളെ ഓര്‍മിപ്പിക്കുന്ന തരത്തില്‍ രജിനിയുടെ ഇന്‍ട്രോയും അതിനൊടൊപ്പമുള്ള ഫൈറ്റും ഗംഭീരമായിരുന്നു. ഫാന്‍ബോയ് ആയ അനിരുദ്ധ് ആ സീനിന് നല്‍കിയ ബി.ജി.എം തിയേറ്ററുകളെ ഇളക്കിമറിച്ചു. ഫൈറ്റിന് ശേഷം ഒരു പാട്ട് എന്ന രീതിയില്‍ വന്ന ‘മനസിലായോ’ പാട്ടും അപ്രതീക്ഷിത കാമിയോയും ഗംഭീരമായിരുന്നു.
പിന്നീട് ചിത്രത്തിന്റെ കഥയിലേക്ക് കടക്കുന്ന രീതിയും ഇന്‍വെസ്റ്റിഗേഷന്‍ സീനുകളും നന്നായിരുന്നു. കഥയുടെ ഒരു മൊമന്റില്‍ അടുത്തത് എന്താണെന്ന് എളുപ്പത്തില്‍ ഊഹിക്കാന്‍ കഴിയുന്ന തരത്തിലാിരുന്നു പോക്ക്. ഇന്റര്‍വല്ലിന് ശേഷം മറ്റൊരു തലത്തിലേക്ക് കഥ പോകുന്ന രീതിയും മികച്ചതായിരുന്നു. ഈയടുത്ത് ജനശ്രദ്ധ നേടിയ ഒരു ഓണ്‍ലൈന്‍ വിദ്യാഭാസ ആപ്പുമായി ബന്ധപ്പെട്ട തട്ടിപ്പിനെ സിനിമയിലേക്ക് കണക്ട് ചെയ്ത രീതിയും അതിനെ വിമര്‍ശിച്ച രീതിയും കൈയടി അര്‍ഹിക്കുന്നതായിരുന്നു.
ശക്തമായ പ്രമേയം സംസാരിക്കുന്ന സിനിമയില്‍ രജിനികാന്ത് എന്ന സ്റ്റാറിനെ മാത്രമേ സംവിധായകന് ഉപയോഗിക്കാന്‍ സാധിച്ചുള്ളൂ. വെറും ഒരു സീനില്‍ മാത്രമാണ് രജിനികാന്ത് എന്ന നടന്റെ സാധ്യതയെ ജ്ഞാനവേല്‍ ഉപയോഗിച്ചത്. ഫൈറ്റ് സീനുകളിലും ഇന്റര്‍വെല്ലിന് ശേഷമുള്ള രണ്ട് മൂന്ന് സീനുകളിലും രജിനി എന്ന സ്റ്റാര്‍ നിറഞ്ഞാടി. അതോടൊപ്പം ശക്തമായ രാഷ്ട്രീയം രജിനിയെപ്പോലൊരു സ്റ്റാറിനെക്കൊണ്ട് പറയിപ്പിക്കാനും സംവിധായകന് കഴിഞ്ഞു.
രജിനികാന്ത് സിനിമയില്‍ അയാള്‍ക്ക് മേലെ ഒരു നടന്‍ പെര്‍ഫോം ചെയ്യുക എന്നത് ചിന്തിക്കാന്‍ പോലും പറ്റാത്തതാണ്. എന്നാല്‍ വേട്ടയ്യനില്‍ രജിനിക്ക് മുകളില്‍ പലപ്പോഴും സ്‌കോര്‍ ചെയ്തത് ഫഹദാണ്. രജിനികാന്ത്, അമിതാഭ് ബച്ചന്‍, മഞ്ജു വാര്യര്‍ തുടങ്ങിയവ കാസ്റ്റ് മുഴുവന്‍ ഫഹദിന്റെ ഡേറ്റിന് വേണ്ടി ഹോള്‍ഡ് ചെയ്യിച്ച ജ്ഞാനവേലിന് തെറ്റിയില്ല. സ്‌ക്രീനില്‍ വരുന്ന ഓരോ മൊമന്റും തന്റെ പേരിലാക്കാന്‍ ഫഹദിന് സാധിച്ചു.
പാട്രിക്ക് എന്ന കഥാപാത്രത്തിന്റെ അഴിഞ്ഞാട്ടം തന്നെയാണ് ഈ സിനിമ. ഒരേസമയം ഹ്യൂമറും സീരിയസ്‌നെസ്സും കൈകാര്യം ചെയ്യുന്ന, വേണ്ടി വന്നാല്‍ ഫൈറ്റ് ചെയ്യാന്‍ കഴിയുന്ന പ്രത്യേക ടൈപ്പ് കഥാപാത്രമാണ് പാട്രിക്ക്. മറ്റൊരു നടനും ഈ ക്യാരക്ടര്‍ അത്രകണ്ട് ചെയ്ത് ഫലിപ്പിക്കാന്‍ കഴിയില്ല. ഫഹദ് ഇത് പൂ പറിക്കുന്ന ലാഘവത്തോടെ ചെയ്തിട്ടുണ്ട്.
ആദ്യം മുതല്‍ അവസാനം വരെ രജിനിയുടെ സൈഡില്‍ നിര്‍ത്താനുള്ള കഥാപാത്രമാകും മഞ്ജു വാര്യറുടേതെന്ന് ചിന്തിച്ചു. എന്നാല്‍, ഒരൊറ്റ സീനില്‍ മഞ്ജു കൈയടി നേടി. റിതിക സിങ്ങിന്റെ കഥാപാത്രവും മികച്ചതായിരുന്നു. ഒരു ഐ.പി.എസ് ഓഫിസറിന്റെ ബോഡി ലാംഗ്വേജ് ആദ്യാവസാനം റിതികയില്‍ ഭദ്രമായിരുന്നു. രായന് ശേഷം ദുഷാരയും മികച്ചൊരു കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്.
അമിതാഭ് ബച്ചന്റെ കഥാപാത്രം കഥയില്‍ കണക്ടാകാത്തതുപോലെ മുഴച്ചുനിന്നു. എന്നിരുന്നാലും രജിനിയും ബിഗ് ബിയും ഒന്നിച്ച് വരുന്ന സീന്‍ കാണാന്‍ പ്രത്യേക രസമായിരുന്നു. റാണ ദഗ്ഗുബട്ടി അവതരിപ്പിച്ച നടരാജ് എന്ന വില്ലന്‍ വളരെ വീക്കായിരുന്നു. രണ്ടാം പകുതിയില്‍ പ്രത്യക്ഷപ്പെടുന്ന കഥാപാത്രത്തിന് ഉദ്ദേശിച്ച ഇംപാക്ട് നല്‍കാന്‍ സംവിധായകന് സാധിച്ചില്ല.
അനിരുദ്ധ്… അയാളെപ്പറ്റി പറയാതിരിക്കാന്‍ കഴിയില്ല. മറ്റ് നടന്മാര്‍ക്ക് തന്റെ കഴിവിന്റെ 100 ശതമാനം എഫര്‍ട്ട് കൊടുക്കുമ്പോള്‍ ഇഷ്ടനടനായ രജിനിക്ക് വേണ്ടി 1000 ശതമാനം വരെ അനിരുദ്ധ് നല്‍കും. മുന്‍ ചിത്രങ്ങളില്‍ നിന്ന് വ്യത്യസ്തമായി സ്വല്പം ഇമോഷണല്‍ ട്രാക്കുകളാണ് അനി വേട്ടയ്യനില്‍ ഒരുക്കിയത്. ഹണ്ടര്‍ ബി.ജി.എം തിയേറ്ററുകളെ ഇളക്കിമറിച്ചു. രണ്ടാം പകുതിയിലെ സബ് വേ ഫൈറ്റിന് കൊടുത്ത ബി.ജി.എം ഈയടുത്ത് ചെയ്തവയില്‍ നിന്ന് വ്യത്യസ്തമായി തോന്നി.
ഒരേസമയം ശക്തമായ വിഷയം സംസാരിക്കുകയും അതോടൊപ്പം രജിനിയെപ്പോലൊരു സ്റ്റാറിന്റെ ആരാധകരെ തൃപ്തിപ്പെടുത്തുന്ന എലമെന്റുമുള്ള സിനിമ ചെയ്യുക എന്നത് നിസാര കാര്യമല്ല. ജ്ഞാനവേല്‍ അത് തന്നാലാകും വിധം ഗംഭീരമാക്കിയിട്ടുണ്ട്. രജിനി ഷോയൊടൊപ്പം ഫഹദ് എന്ന ഷോ സ്റ്റീലറും ചേരുന്ന മികച്ചൊരു തിയേറ്റര്‍ അനുഭവം തന്നെയാണ് വേട്ടയ്യന്‍.