| Sunday, 13th October 2024, 10:30 pm

വേട്ടൈയന്‍ കുറി വെച്ചു, ഗോട്ട് വീണു, കേരളാ ബോക്‌സ് ഓഫീസില്‍ രജിനേഷന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

തിയേറ്ററുകളില്‍ മികച്ച പ്രതികരണവുമായി മുന്നേറുകയാണ് രജിനികാന്ത് നായകനായ വേട്ടൈയന്‍. ഒട്ടനവധി നിരൂപക പ്രശംസ നേടിയ ജയ് ഭീമിന് ശേഷം ടി.ജെ ജ്ഞാനവേല്‍ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് വേട്ടൈയന്‍. രജിനികാന്തിന് പുറമെ ബോളിവുഡ് ഷെഹന്‍ഷാ അമിതാഭ് ബച്ചനും പ്രധാനവേഷത്തില്‍ ചിത്രത്തില്‍ വേഷമിടുന്നുണ്ട്. ഇവര്‍ക്ക് പുറമെ ഫഹദ് ഫാസില്‍, മഞ്ജു വാര്യര്‍, റാണാ ദഗ്ഗുബട്ടി, റിതിക സിങ്, ദുഷാരാ വിജയന്‍ തുടങ്ങി വന്‍ താരനിര ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.

റിലീസ് ചെയ്ത് മൂന്ന് ദിവസം പിന്നിട്ടപ്പോള്‍ 180 കോടിയോളം നേടിക്കഴിഞ്ഞു. കേരളാ ബോക്‌സ് ഓഫീസില്‍ ഇതിനോടകം മികച്ച പ്രകടനമാണ് വേട്ടൈയന്‍ കാഴ്ചവെച്ചിരിക്കുന്നത്. വമ്പന്‍ റിലീസായെത്തിയ വിജയ് ചിത്രം ‘ദി ഗ്രേറ്റസ്റ്റ് ഓഫ് ഓള്‍ ടൈമിന്റെ ഫൈനല്‍ കളക്ഷനാണ് വേട്ടൈയന്‍ മൂന്ന് ദിവസം കൊണ്ട് മറികടന്നത്. കേരളത്തില്‍ ആദ്യ ഷോ കഴിഞ്ഞതുമുതല്‍ മോശം പ്രതികരണമായിരുന്നു ഗോട്ടിന് ലഭിച്ചത്. എന്നിരുന്നാലും 600ലധികം സെന്ററുകളില്‍ റിലീസ് ചെയ്ത ഗോട്ട് 13 കോടിയോളം കേരളത്തില്‍ നിന്ന് നേടി.

ഈ കളക്ഷനാണ് രജിനികാന്ത് പുഷ്പം പോലെ തകര്‍ത്തത്. 13.4 കോടിയാണ് മൂന്ന് ദിവസം കൊണ്ട് വേട്ടൈയന്‍ കേരളാ ബോക്‌സ് ഓഫീസില്‍ നിന്ന് സ്വന്തമാക്കിയത്. അടുത്ത് വലിയ റിലീസുകളില്ലാത്തത് ചിത്രത്തിന് ഗുണം ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. രജിനികാന്ത് നായകനായ ജയിലര്‍ കേരളത്തില്‍ നിന്ന് 60 കോടിക്കടുത്ത് നേടിയിരുന്നു.

അതേസമയം വേള്‍ഡ്‌വൈഡ് ബോക്‌സ് ഓഫീസില്‍ വേട്ടൈയന് ഗോട്ടിനെ മറികടക്കാന്‍ ഒരുപാട് ദൂരം പോകേണ്ടി വരും. 500 കോടിയാണ് ഗോട്ട് നേടിയത്. വിജയ്‌യുടെ കരിയറിലെ രണ്ടാമത്തെ 500 കോടി ചിത്രമാണ് ഗോട്ട്. തമിഴ്‌നാട്ടിലെ എല്ലാ തിയേറ്ററുകളിലും റിലീസ് ചെയ്ത ഗോട്ട് തമിഴ്‌നാട്ടില്‍ നിന്ന് മാത്രം 180 കോടിയിലധികം കളക്ട് ചെയ്തിരുന്നു. തമിഴ്‌നാട്ടില്‍ നിന്ന് മാത്രം ഏറ്റവുമധികം 100 കോടി ചിത്രങ്ങളുള്ള നടന്‍ കൂടിയാണ് വിജയ്. എട്ട് ചിത്രങ്ങളാണ് വിജയ്ക്കുള്ളത്.

വേട്ടൈയന് ശേഷം ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന കൂലിയാണ് രജിനികാന്തിന്റെ പുതിയ ചിത്രം. രജിനിക്ക് പുറമെ സത്യരാജ്, തെലുങ്ക് സൂപ്പര്‍താരം നാഗാര്‍ജുന, കന്നഡ സൂപ്പര്‍താരം ഉപേന്ദ്ര, ശ്രുതി ഹാസന്‍ എന്നിവരോടൊപ്പം മലയാളത്തില്‍ നിന്ന് സൗബിനും കൂലിയുടെ ഭാഗമാകുന്നുണ്ട്. അടുത്ത വര്‍ഷം പകുതിയോടെ ചിത്രം തിയേറ്ററുകളിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Content Highlight: Vettaiyan crossed final collection of The Greatest of All Time in Kerala box office

We use cookies to give you the best possible experience. Learn more