Advertisement
Film News
ശിവകാര്‍ത്തികേയനെ നായകനാക്കുകയാണോയെന്ന് ഞാന്‍ ചോദിച്ചു, അവന് സൂപ്പര്‍ സ്റ്റാറാവാനുള്ള പൊട്ടന്‍ഷ്യല്‍ ഉണ്ടെന്നാണ് അന്ന് ധനുഷ് പറഞ്ഞത്: വെട്രിമാരന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2022 Aug 09, 02:47 am
Tuesday, 9th August 2022, 8:17 am

താരം എന്നതിനപ്പുറം തെന്നിന്ത്യയിലെ ഏറ്റവും നല്ല നടന്മാരില്‍ ഒരാളാണ് ധനുഷ്. തമിഴിന് പുറമേ ബോളിവുഡിലും അങ്ങ് ഹോളിവുഡിലും വരെ സാന്നിധ്യമറിയിച്ച ധനുഷിന് ഇന്ത്യന്‍ സിനിമ ഇന്‍ഡസ്ട്രിയില്‍ വലിയ ആരാധക വൃന്ദമുണ്ട്. തന്റെ വളര്‍ച്ചയ്‌ക്കൊപ്പം ഒപ്പമുള്ളവരെയും ധനുഷ് കൈ പിടിച്ചുയര്‍ത്താറുണ്ട്. ഇതിനെ ഒന്നുകൂടി ശക്തിപ്പെടുത്തുന്ന സംഭവം വെളിപ്പെടുത്തുകയാണ് സംവിധായകന്‍ വെട്രിമാരന്‍.

‘ധനുഷ് ഒരു ദിവസം എന്നെ വിളിച്ചു. നിങ്ങളുടെ അസിസ്റ്റന്‍സ് ആരെങ്കിലും ഉണ്ടെങ്കില്‍ കോമഡി സബ്‌ജെക്റ്റ് എന്തെങ്കിലും വന്ന് പറയാന്‍ ആവശ്യപ്പെട്ടു. നിങ്ങള്‍ കോമഡി സിനിമ ചെയ്യാന്‍ പോവുകയാണോയെന്ന് ഞാന്‍ ചോദിച്ചു. എനിക്കല്ല, ശിവകാര്‍ത്തകേയന് വേണ്ടിയാണെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ശിവകാര്‍ത്തികേയനെ ലീഡാക്കി സിനിമയെടുക്കുവാണോയെന്ന് ഞാന്‍ ചോദിച്ചു. ശിവകാര്‍ത്തികേയന് നല്ല ടാലന്റ് ഉണ്ട്. ഒരു സൂപ്പര്‍ സ്റ്റാര്‍ ആവേണ്ട പൊട്ടന്‍ഷ്യല്‍ ഉണ്ടെന്ന് ധനുഷ് പറഞ്ഞു.

ചില ധാരണകള്‍ ധനുഷിനുണ്ട്. അതിന് വേണ്ടി എന്തൊക്കെ ചെയ്യണോ അതൊക്കെ അദ്ദേഹം ചെയ്യും. ഒരാളുടെ മേല്‍ ധനുഷിന് ആ വിശ്വാസം ഉണ്ടെങ്കില്‍ അയാള്‍ക്ക് വേണ്ടി ധനുഷ് തന്നെ മുന്നിട്ടിറങ്ങും. അങ്ങനെയള്ള ഒരു മനുഷ്യനാണ് അദ്ദേഹം,’ ധനുഷിന്റെ ഏറ്റവും പുതിയ ചിത്രമായ തിരുചിത്രമ്പലത്തിന്റെ ഓഡിയോ ലോഞ്ചില്‍ വെട്രിമാരന്‍ പറഞ്ഞു.

ധനുഷിന്റെ ത്രി എന്ന സിനിമയിലെ സുഹൃത്തിന്റെ കഥാപാത്രത്തെ അവതരിപ്പിച്ചതോടെയാണ് ശിവകാര്‍ത്തികേയനെ തമിഴ് സിനിമാലോകം ശ്രദ്ധിക്കാന്‍ തുടങ്ങിയത്. പിന്നീട് ശിവകാര്‍ത്തികേയന്റെ കരിയറില്‍ വലിയ വഴിത്തിരിവായ എതിര്‍നേര്‍ച്ചല്‍ എന്ന ചിത്രം നിര്‍മിച്ചതും ധനുഷായിരുന്നു. ഇരുവരും തമ്മില്‍ അടുത്ത ബന്ധമാണുള്ളത്.

ഓഗസ്റ്റ് 18നാണ് തിരുചിത്രമ്പലം റിലീസ് ചെയ്യുന്നത്. മിത്രന്‍ ജവഹര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നിത്യ മേനന്‍, റാഷി ഖന്ന എന്നിവരാണ് നായികമാര്‍. സണ്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ കലാനിധി മാരന്‍ ആണ് ചിത്രം നിര്‍മിക്കുന്നത്. റെഡ് ജയന്റ് മൂവീസ് വിതരണം ചെയ്യുന്നു.

Content Highlight: vetrimaran shares an experience once Dhanush said that sivakarthikeyan has the potential to become a superstar