| Monday, 18th March 2024, 4:51 pm

വാടിവാസല്‍ ഡ്രോപ്പ് ആയിട്ടില്ല; സൂര്യയും അമീറും രണ്ട് കാളകളെ വാങ്ങിയിട്ടുണ്ട്, എത്ര കുത്ത് കിട്ടുമെന്ന് യാതൊരു പിടിയുമില്ല: വെട്രിമാരന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

തമിഴ് സിനിമാപ്രേമികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമകളിലൊന്നാണ് വാടിവാസല്‍. സൂര്യയെ നായകനാക്കി വെട്രിമാരന്‍ സംവിധാനം ചെയ്യുന്ന ചിത്രം 2020ല്‍ അനൗണ്‍സ് ചെയ്തതാണ്. നാല് വര്‍ഷത്തിനിപ്പുറവും ചിത്രത്തിന്റെ ഷൂട്ട് ഇതുവരെ തുടങ്ങിയിട്ടില്ല. ടി.എസ് ചെല്ലപ്പയുടെ ഇതേ പേരിലുള്ള നോവലിനെ ആസ്പദമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്. ഇരട്ടവേഷത്തില്‍ സൂര്യ എത്തുന്നു എന്ന പ്രത്യേകതയും സിനിമക്കുണ്ട്. സിനിമക്ക് വേണ്ടി കാളപ്പോരിന് സൂര്യ പരിശീലനം നടത്തുന്ന വീഡിയോ കഴിഞ്ഞ വര്‍ഷം പുറത്തുവന്നിരുന്നു.

എന്നാല്‍ ചിത്രം ഉപേക്ഷിച്ചു എന്ന് അടുത്തിടെ വാര്‍ത്തകള്‍ വന്നിരുന്നു. വിടുതലൈ രണ്ടാം ഭാഗത്തിന് ശേഷം വെട്രിമാരന്‍ നേരെ വടചെന്നൈയുടെ രണ്ടാം ഭാഗത്തിലേക്ക് കടക്കുമെന്നും വാടിവാസല്‍ ഉപേക്ഷിച്ചു എന്നുമായിരുന്നു വാര്‍ത്തകള്‍. എന്നാല്‍ ഈ വാര്‍ത്തയോട് പ്രതികരിച്ച വെട്രിമാരന്‍, വാടിവാസല്‍ ഉപേക്ഷിച്ചിട്ടില്ലെന്നും അതിന്റെ പ്രീ പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ നടക്കുന്നെന്നും സംവിധായകന്‍ അറിയിച്ചു.

‘വാടിവാസല്‍ സിനിമക്ക് വേണ്ടി ഒരു റോബോട്ടിക് കാളയെ ഉണ്ടാക്കിക്കൊണ്ടിരിക്കുകയാണ്. ലണ്ടനിലാണ് അതിന്റെ പണി നടക്കുന്നത്. ഉടനെ തന്നെ ലണ്ടനിലേക്ക് പോയി അതിന്റെ പണികള്‍ വിലയിരുത്തും. സൂര്യ ജെല്ലിക്കെട്ടിന്റെ ട്രെയിനിങ്ങിന് വേണ്ടി രണ്ട് കാളകളെ വാങ്ങിയിട്ടുണ്ട്.

അമീറും രണ്ടെണ്ണത്തിനെ വാങ്ങിയതേയുള്ളൂ. അവരുടെ ട്രെയിനിങ് എല്ലാം കഴിയണം. എത്ര കുത്ത് കിട്ടുമെന്ന് ഇപ്പോള്‍ യാതൊരു പിടിയുമില്ല. ഇതിന് ശേഷം എന്തായാലും ഷൂട്ട് തുടങ്ങു,’ വെട്രിമാരന്‍ പറഞ്ഞു.

വി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ കലൈപ്പുള്ളി.എസ്. താനുവാണ് ചിത്രം നിര്‍മിക്കുന്നത്. 1960കളിലാണ് ചിത്രത്തിന്റെ കഥ നടക്കുന്നത്. മധുരൈ ജെല്ലിക്കെട്ടില്‍ തന്റെ അച്ഛനെ കൊന്ന കാളയെ കീഴടക്കാന്‍ പുറപ്പെടുന്ന പിച്ചി എന്ന കഥാപാത്രമായാണ് സൂര്യ എത്തുന്നത്.

വന്‍ ബജറ്റിലാണ് ചിത്രം ഒരുങ്ങുന്നത്. സൂര്യയുടെ കരിയറിലെ മികച്ച ചിത്രമാകും ഇതെന്നാണ് ആരാധകര്‍ കരുതുന്നത്. ജി.വി. പ്രകാശാണ് ചിത്രത്തിന്റെ സംഗീതം. നിലവില്‍ കങ്കുവയുടെ ഷൂട്ടിങ് തീര്‍ത്ത സൂര്യ സുധാ കൊങ്കരയുടെ ചിത്രത്തിലാണ് അഭിനയിക്കാന്‍ പോകുന്നത്.

Content Highlight: Vetrimaran saying that Vaadivasal did not dropped

We use cookies to give you the best possible experience. Learn more