| Wednesday, 25th September 2024, 8:18 am

മമ്മൂട്ടി ചെയ്യുന്ന കഥാപാത്രങ്ങള്‍ പുതിയ നടന്മാര്‍ക്ക് പോലും ഇന്‍സ്പിറേഷനാണ്: വെട്രിമാരന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഹോളിവുഡ് റിപ്പോര്‍ട്ടര്‍ ഇന്ത്യ കഴിഞ്ഞ ദിവസം പുറത്തുവിട്ട റൗണ്ട് ടേബിള്‍ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച. ഇന്ത്യയിലെ മികച്ച സംവിധായകരായ വെട്രിമാരന്‍, പാ. രഞ്ജിത്, സോയ അക്തര്‍, മഹേഷ് നാരായണന്‍ എന്നിവരാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്. ചര്‍ച്ചയുടെ ഒരു ഘട്ടത്തില്‍ മമ്മൂട്ടിയെക്കുറിച്ച് നാലുപേരും സംസാരിച്ച ഭാഗമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.

ഇന്ത്യയില്‍ മറ്റ് ഇന്‍ഡസ്ട്രിയിലെ സ്റ്റാറുകളില്‍ നിന്ന് വ്യത്യസ്തനാണ് മമ്മൂട്ടിയെന്നാണ് വെട്രിമാരന്‍ അഭിപ്രായപ്പെട്ടത്. 73ാം വയസില്‍ മമ്മൂട്ടി ചെയ്യുന്ന വേഷങ്ങള്‍ യുവനടന്മാര്‍ക്ക് വെല്ലുവിളിയാണെന്നും അത്തരം കഥാപാത്രങ്ങള്‍ ചെയ്യുന്നത് യുവനടന്മാര്‍ക്കുള്ള പ്രചോദനമാണെന്നും വെട്രിമാരന്‍ കൂട്ടിച്ചേര്‍ത്തു.

കാതല്‍ പോലൊരു സിനിമ നിര്‍മിക്കുകയും അതില്‍ അഭിനയിക്കുകയും ചെയ്തത് അക്ഷരാര്‍ത്ഥത്തില്‍ പുതിയൊരു അനുഭവമായിരുന്നുവെന്ന് കരണ്‍ ജോഹര്‍ പറഞ്ഞു. മറ്റൊരു ഇന്‍ഡസ്ട്രിയിലെ സൂപ്പര്‍സ്റ്റാറിനും അതുപോലെ ചെയ്യാനാകില്ലെന്നും കരണ്‍ ജോഹര്‍ പറഞ്ഞു. ഭ്രമയുഗം പോലൊരു പരീക്ഷണ സിനിമ ചെയ്ത് ഫലിപ്പിക്കുക എന്നത് വലിയ കാര്യമാണെന്നാണ് പാ. രഞ്ജിത് പറഞ്ഞത്. കാതല്‍ തന്നെയും അമ്പരപ്പിച്ചെന്നും രഞ്ജിത് പറഞ്ഞു.

മറ്റ് സ്റ്റാറുകള്‍ ഓരോ സിനിമയും ചെയ്യുന്നതിന് മുമ്പ് കളക്ഷനെപ്പറ്റിയാകും ചിന്തിക്കുകയെന്നും മമ്മൂട്ടിക്ക് അങ്ങനെയുള്ള ചിന്തകള്‍ ഇല്ലെന്നും മഹേഷ് നാരായണന്‍ പറഞ്ഞു. 40 ദിവസം കൊണ്ട് തീര്‍ക്കാന്‍ പറ്റുന്ന സിനിമയാണെങ്കില്‍ അദ്ദേഹം അത് ചെയ്യുമെന്നും ചെറിയ വേഷമാണെങ്കില്‍ പോലും ആ പ്രമേയം നല്ലതാണെങ്കില്‍ അതും ചെയ്യുമെന്ന് മഹേഷ് നാരായണന്‍ കൂട്ടിച്ചേര്‍ത്തു. പരീക്ഷണസിനിമകള്‍ ചെയ്യുമ്പോള്‍ മമ്മൂട്ടിക്ക് ഇന്‍സെക്യൂരിറ്റീസ് തോന്നാറില്ലെന്നും മഹേഷ് നാരായണന്‍ പറഞ്ഞു.

‘അമിതാഭ് ബച്ചന് ശേഷം എല്ലാതരം കഥാപാത്രങ്ങളും ചെയ്ത ഇന്ത്യയിലെ ഒരേയൊരു നടന്‍ മമ്മൂട്ടിയാണ്. ഇനി ഓരോ കഥാപാത്രങ്ങളും എത്രത്തോളം വ്യത്യസ്തമാക്കാം എന്നു മാത്രമേ മമ്മൂട്ടി ചിന്തിക്കുന്നുള്ളൂ. മറ്റുള്ള സ്റ്റാറുകള്‍ സിനിമ ചെയ്യുന്നതിന് മുമ്പ് ചിന്തിക്കുന്നത് കളക്ഷനെക്കുറിച്ചാണ്. അവിടെയാണ് മമ്മൂട്ടി വ്യത്യസ്തനാകുന്നത്.

40 ദിവസത്തിനുള്ളില്‍ ചെയ്ത് തീര്‍ക്കാന്‍ പറ്റുന്ന സിനിമയാണെങ്കില്‍ അദ്ദേഹം അത് ചെയ്യും. ഇനി ചെറിയ വേഷമാണെങ്കില്‍ പോലും തനിക്ക് പെര്‍ഫോം ചെയ്യാനുള്ള സ്‌കോപ്പുണ്ടെങ്കില്‍ ആ വേഷം അദ്ദേഹം ചെയ്യും. അത്തരം സിനിമകള്‍ ചെയ്യുന്ന സമയത്ത് അദ്ദേഹത്തിന് ഇന്‍സെക്യൂരിറ്റീസ് തോന്നാറില്ല,’ മഹേഷ് നാരായണന്‍ പറഞ്ഞു.

Content Highlight: Vetrimaran’s comment about Mammootty’s script selection gone viral

We use cookies to give you the best possible experience. Learn more