Entertainment
വെറും എട്ട് ദിവസത്തെ ഡേറ്റ് തന്ന ആ നടനെക്കൊണ്ട് ഞാന്‍ 120 ദിവസം അഭിനയിപ്പിച്ചു: വെട്രിമാരന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2024 Nov 27, 04:33 am
Wednesday, 27th November 2024, 10:03 am

തമിഴിലെ മികച്ച സംവിധായകരിലൊരാളാണ് വെട്രിമാരന്‍. ധനുഷിനെ നായകനാക്കി പൊല്ലാതവന്‍ എന്ന ചിത്രത്തിലൂടെയാണ് വെട്രിമാരന്‍ തന്റെ സിനിമാജീവിതം ആരംഭിച്ചത്. വെറും അഞ്ച് സിനിമകള്‍ മാത്രം സംവിധാനം ചെയ്ത വെട്രിമാരന്‍ ആടുകളത്തിലൂടെ മികച്ച സംവിധായകനുള്ള ദേശീയ അവാര്‍ഡ് സ്വന്തമാക്കി. ഏറ്റവും പുതിയ ചിത്രമായ വിടുതലൈ പാര്‍ട്ട് 2 റിലീസിന് തയാറെടുക്കുകയാണ്. 2023ല്‍ റിലീസായ വിടുതലൈയുടെ തുടര്‍ച്ചയാണ് ഈ ചിത്രം.

ചിത്രത്തിന്റെ ആദ്യ ഭാഗത്തില്‍ സൂരിയയാരുന്നു നായകന്‍. ചിത്രത്തിന്റെ അവസാന അഞ്ച് മിനിറ്റില്‍ വിജയ് സേതുപതി ശക്തമായ വേഷത്തില്‍ അവതരിച്ചിരുന്നു. രണ്ടാം ഭാഗത്തില്‍ വിജയ് സേതുപതിയുടെ വാദ്ധ്യാര്‍ എന്ന കഥാപാത്രത്തിനാണ് പ്രാധാന്യമെന്നാണ് ട്രെയ്‌ലര്‍ നല്‍കുന്ന സൂചന. ചിത്രത്തിനായി വെറും എട്ട് ദിവസത്തെ ഡേറ്റ് മാത്രമായിരുന്നു വിജയ് സേതുപതി തനിക്ക് തന്നതെന്ന് വെട്രിമാരന്‍ പറഞ്ഞു.

എന്നാല്‍ രണ്ട് ഭാഗത്തിന്റെയും ഷൂട്ട് 257 ദിവസത്തോളം പോയെന്നും അതില്‍ 120ലധികം ദിവസം വിജയ് സേതുപതിക്ക് ഉണ്ടായിരുന്നെന്ന് വെട്രിമാരന്‍ കൂട്ടിച്ചേര്‍ത്തു. അത്രയും ക്ഷമയോടെ ഈ സിനിമയുടെ കൂടെ നിന്ന വിജയ് സേതുപതിയോട് നന്ദി പറയുന്നുവെന്നും വെട്രിമാരന്‍ പറഞ്ഞു. വിജയ് സേതുപതിയെക്കാള്‍ കൂടുതല്‍ ദിവസം സൂരിക്ക് ഷൂട്ട് ഉണ്ടായിരുന്നെന്ന് വെട്രിമാരന്‍ പറഞ്ഞു. 257 ദിവസം ഷൂട്ട് ചെയ്തിട്ടും സിനിമ അവസാനിച്ചിട്ടില്ലെന്നും വേറെ വഴിയില്ലാത്തതുകൊണ്ടാണ് ഷൂട്ട് നിര്‍ത്തിയതെന്നും വെട്രിമാരന്‍ കൂട്ടിച്ചേര്‍ത്തു.

ഇത്രയധികം ദിവസം ഒരു സിനിമക്ക് വേണ്ടി നീക്കിവെക്കാന്‍ തീരുമാനിച്ച നിര്‍മാതാവിനോടാണ് തനിക്ക് ഏറ്റവും വലിയ നന്ദിയും കടപ്പാടുമെന്നും വിടുതലൈ എന്ന സിനിമ കൊണ്ട് താനും നിര്‍മാതാവും മറക്കാനാകാത്ത ഒരുപാട് അനുഭവങ്ങള്‍ സമ്പാദിച്ചെന്നും വെട്രിമാരന്‍ പറഞ്ഞു. വിടുതലൈ 2വിന്റെ ട്രെയ്‌ലര്‍ ലോഞ്ചിലാണ് വെട്രിമാരന്‍ ഇക്കാര്യം പറഞ്ഞത്.

‘വെറും എട്ട് ദിവസത്തെ ഡേറ്റ് ചോദിച്ചാണ് ഞാന്‍ സേതുവിനെ വിളിച്ചത്. പക്ഷേ സെക്കന്‍ഡ് പാര്‍ട്ടിന്റെ ഷൂട്ടും കൂടി അവസാനിച്ചപ്പോള്‍ എത്ര ദിവസമായി എന്ന് കൂടെയുള്ളവരോട് ചോദിച്ചു. 257 ദിവസമെന്ന് അവര്‍ പറഞ്ഞു. അതില്‍ 120ലധികം ദിവസം സേതുവിന് ഷൂട്ടുണ്ടായിരുന്നു. അതിനെക്കാള്‍ കൂടുതല്‍ ദിവസം സൂരിക്ക് ഷൂട്ട് ഉണ്ടായിരുന്നു.

257 ദിവസം ഷൂട്ട് ചെയ്തിട്ടും ഒന്നും അവസാനിച്ചിട്ടില്ല. ഷൂട്ട് നിര്‍ത്താം എന്നല്ലാതെ അവസാനിപ്പിക്കാം എന്ന് ഞാന്‍ പറഞ്ഞിട്ടില്ല. ഇനിയും കുറച്ച് ഭാഗങ്ങള്‍ ബാക്കിയുണ്ട്. അധികം വൈകാതെ ആ പോര്‍ഷന്‍സും ഷൂട്ട് ചെയ്യും. ഏറ്റവുമധികം നന്ദി പറയേണ്ടത് ഇതിന്റെ പ്രൊഡ്യൂസറോടാണ്. കാരണം, ഇത്രയധികം ദിവസം ഒരു സിനിമക്ക് വേണ്ടി മാറ്റിവെക്കുക എന്നത് വലിയ കാര്യമാണ്. വിടുതലൈ എന്ന സിനിമ ഞങ്ങളെല്ലാവരെയും ഒരുപാട് കാര്യങ്ങള്‍ പഠിപ്പിച്ചു,’ വെട്രിമാരന്‍ പറയുന്നു.

Content Highlight: Vetrimaran about Vijay Sethupathi’s performance in Viduthalai movie