| Sunday, 15th December 2024, 7:53 pm

സൂര്യയുടെ ആ ചിത്രം കണ്ട ശേഷം ഞാൻ സിഗരറ്റ് തൊട്ടിട്ടില്ല, അന്നാണ് അവസാനം വലിച്ചത്: വെട്രിമാരൻ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സൂര്യയെ കേന്ദ്ര കഥാപാത്രമാക്കി ഗൗതം വാസുദേവ് മേനോൻ സംവിധാനം ചെയ്ത് വലിയ ശ്രദ്ധ നേടിയ സിനിമയായിരുന്നു വാരണം ആയിരം. സൂര്യ ഡബിൾ റോളിൽ എത്തിയ ചിത്രത്തിൽ സിമ്രാൻ, സമീറ റെഡ്ഡി തുടങ്ങി വലിയ താരനിര ഒന്നിച്ചിരുന്നു.

വാരണം ആയിരം കണ്ട ശേഷം തന്റെ ജീവിതത്തിൽ സംഭവിച്ച മാറ്റത്തെ കുറിച്ച് സംസാരിക്കുകയാണ് സംവിധായകൻ വെട്രിമാരൻ. വാരണം ആയിരം കണ്ടശേഷം താൻ പുകവലിച്ചിട്ടില്ലെന്നും വാരണം ആയിരത്തിന്റെ ഷോ കണ്ടിറങ്ങിയ ശേഷം താൻ സിഗരറ്റ് ഉപേക്ഷിച്ചെന്നും അദ്ദേഹം പറയുന്നു.

‘രാത്രി സിനിമ കാണുമ്പോള്‍ മധുരം കഴിക്കുന്ന ശീലമുണ്ടായിരുന്നു. ഒരുപാട് മധുരം കഴിക്കുന്നത് കൊണ്ട് എന്റെ വീട്ടിലുള്ളവര്‍ ഞാന്‍ കാണാതെ മധുരപലഹാരങ്ങള്‍ ഒളിച്ചുവെക്കുമായിരുന്നു. ഇതിനു പുറമേ ഞാനൊരു ചെയ്ന്‍ സ്‌മോക്കറായിരുന്നു. 13 വയസു മുതല്‍ പുക വലിക്കുമായിരുന്നു. അസാധാരണമായ ഭക്ഷണശീലം കൊണ്ടും അമിതമായ പുകവലി കൊണ്ടും എന്റെ ആരോഗ്യത്തിനെന്തോ പ്രശ്‌നമുണ്ടെന്ന് എനിക്ക് തന്നെ മനസിലായിയി.

2008 ല്‍ ആശുപത്രിയില്‍ പോയി കുറച്ച് ടെസ്റ്റുകള്‍ക്ക് ശേഷം ഹൃദയസംബന്ധമായ അസുഖത്തിന്റെ ആരംഭമാണ് എന്റെ ശരീരത്തിലെന്ന് തെളിഞ്ഞു. ആ നിമിഷം എന്റെ ജീവിതത്തില്‍ ആരോഗ്യകരമായ തീരുമാനങ്ങളെടുക്കുമെന്ന് നിശ്ചയിച്ചു. അന്ന് വാരണം ആയിരം റിലീസായ ശേഷം ഞാൻ നൈറ്റ് ഷോയിൽ പോയി പടം കണ്ടു. അത് കണ്ടിറങ്ങിയ ഉടനെ ഞാൻ വെളിയിലിറങ്ങി ഒരു സിഗരറ്റ് വലിച്ചു.

എന്റെ അവസാനത്തെ സിഗരറ്റായിരുന്നു അത്. അത് കഴിഞ്ഞ ശേഷം ഞാൻ താഴെയിട്ടു. അതിനുശേഷം ഞാൻ സിഗരറ്റ് വലിച്ചിട്ടേയില്ല. എന്റെ ഓർമ ശരിയാണെങ്കിൽ 2008 നവംബർ 14 നായിരുന്നു അത്. അതായിരുന്നു എന്റെ അവസാന സിഗരറ്റ്. പിന്നെ ഞാൻ വലിച്ചിട്ടേയില്ല.

ആ സിനിമ കാരണമാണ് ഞാൻ സിഗരറ്റ് വലി നിർത്തിയതെന്ന് പറയുന്നില്ല. പക്ഷെ അതും ഒരു കാരണമാണ്. ഞാൻ അതിനുമുമ്പും നിർത്താൻ ശ്രമിക്കുന്നുണ്ടായിരുന്നു. വാരണം ആയിരം കണ്ട ശേഷം സിഗരറ്റ് വലിക്കുന്നത് നിർത്തുന്നതാണ് നല്ലതെന്ന് തോന്നി. അങ്ങനെയാണ് ആ തീരുമാനം എടുക്കുന്നത്,’വെട്രിമാരൻ പറയുന്നു.

വെട്രിമാരന്റെ ഏറ്റവും പുതിയ ചിത്രമായ വിടുതലൈ പാര്‍ട്ട് 2 റിലീസിന് തയാറെടുക്കുകയാണ്. 2023ല്‍ റിലീസായ വിടുതലൈയുടെ തുടര്‍ച്ചയാണ് ഈ ചിത്രം. ചിത്രത്തിന്റെ ആദ്യ ഭാഗത്തില്‍ സൂരിയയാരുന്നു നായകന്‍. ചിത്രത്തിന്റെ അവസാന അഞ്ച് മിനിറ്റില്‍ വിജയ് സേതുപതി ശക്തമായ വേഷത്തില്‍ അവതരിച്ചിരുന്നു. രണ്ടാം ഭാഗത്തില്‍ വിജയ് സേതുപതിയും മഞ്ജു വാര്യരും പ്രധാനവേഷത്തിൽ എത്തുമെന്നാണ് സൂചന.

Content Highlight: Vetrimaran About Varanam Aayiram Movie

We use cookies to give you the best possible experience. Learn more