തമിഴിലെ മുന്‍നിര സംവിധായകരില്‍ ഒരാളാണ് വെട്രിമാരന്‍. 2007ല്‍ ധനുഷിനെ നായകനാക്കി പൊല്ലാതവന്‍ എന്ന സിനിമയിലൂടെയാണ് സംവിധാനരംഗത്ത് അരങ്ങേറിയത്. 17 വര്‍ഷത്തെ കരിയറില്‍ വെറും ആറ് സിനിമകള്‍ മാത്രം സംവിധാനം ചെയ്ത വെട്രിമാരന്‍ സംവിധായകന്‍ നിര്‍മാതാവ് എന്നീ നിലയില്‍ അഞ്ച് ദേശീയ അവാര്‍ഡ് നേടിയിട്ടുണ്ട്.
തന്റെ രണ്ടാമത്തെ ചിത്രമായ ആടുകളത്തില്‍ നായികയായി ആദ്യം പരിഗണിച്ചത് തൃഷയെയായിരുന്നുവെന്നും എന്നാല്‍ തൃഷ കാരണം നാല് മാസത്തോളം ഷൂട്ട് നിര്‍ത്തി വെക്കേണ്ടി വന്നതിനാല്‍ അവരെ മാറ്റേണ്ടി വന്നെന്നും വെട്രിമാരന്‍ പറഞ്ഞു. പിന്നീടാണ് തപ്‌സീ ആടുകളത്തിന്റെ ഭാഗമായതെന്നും വെട്രിമാരന്‍ കൂട്ടിച്ചേര്‍ത്തു.
ആടുകളത്തില്‍ നാല് ദിവസത്തോളം വര്‍ക്ക് ചെയ്ത ശേഷമാണ് ഒരു ഹിന്ദി സിനിമക്കായി തൃഷ പോയതെന്നും പിന്നീട് ആ സിനിമയുടെ ഷൂട്ട് വല്ലാതെ നീണ്ടുപോയെന്നും വെട്രിമാരന്‍ കൂട്ടിച്ചേര്‍ത്തു. സിനിമാവികടന് നല്‍കിയ അഭിമുഖത്തിലാണ് വെട്രിമാരന്‍ ഇക്കാര്യം പറഞ്ഞത്.
‘ആടുകളം സിനിമയില്‍ നാല് ദിവസത്തോളം തൃഷ വര്‍ക്ക് ചെയ്തു. നേരത്തെ ഏറ്റുപോയ ഒരു ഹിന്ദി സിനിമക്ക് വേണ്ടിയാണ് അവര്‍ പോയത്. തൃഷ വരുന്നതുവരെ ഒരു മാസം ബ്രേക്ക് പറഞ്ഞു. പക്ഷേ ആ ഹിന്ദി സിനിമ നീണ്ടുപോയി. എന്ന് തീരുമെന്ന് ഒരു പിടിയുമില്ലാത്ത അവസ്ഥയായി. അവരെയും കാത്ത് മൂന്ന് നാല് മാസത്തോളം ആടുകളത്തിന്റെ ഷൂട്ട് നിര്‍ത്തിവെക്കേണ്ടി വന്നു.
ബാക്കി ആര്‍ട്ടിസ്റ്റുകളുടെ കാര്യം കൂടി നോക്കേണ്ടി വരുന്നതുകൊണ്ട് ഞങ്ങള്‍ തൃഷയെ കോണ്ടാക്ട് ചെയ്തു. എന്താണ് ചെയ്യേണ്ടതെന്ന് ചോദിച്ചപ്പോള്‍ വേറെ ആര്‍ട്ടിസ്റ്റിനെ നോക്കുന്നെങ്കില്‍ നോക്കിക്കോളൂ എന്നാണ് മറുപടി പറഞ്ഞത്. തൃഷയോട് ഞങ്ങളുടെ സിനിമ ചെയ്തിട്ട് ആ ഹിന്ദി സിനിമ ചെയ്‌തോളൂ എന്ന് പറയാനുള്ള അവകാശം ഞങ്ങള്‍ക്കില്ലല്ലോ. അങ്ങനെയാണ് തൃഷ ആടുകളത്തില്‍ ഇല്ലാതെ പോയത്. അവര്‍ക്ക് പകരം തപ്‌സി വന്നു,’ വെട്രിമാരന്‍ പറഞ്ഞു.
Content Highlight: Vetrimaran about Trisha’s role in Aadukalam movie