Entertainment
50 ദിവസത്തിലധികം ഷൂട്ട് ചെയ്യേണ്ട ഒരു സീന്‍ വാടിവാസലില്‍ ഉണ്ട്, ചിലപ്പോള്‍ മാത്രമേ ഞാനത് ചെയ്യുള്ളൂ: വെട്രിമാരന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2024 Jul 01, 03:24 pm
Monday, 1st July 2024, 8:54 pm

സിനിമാപ്രേമികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമകളിലൊന്നാണ് വാടിവാസല്‍. ദേശീയ അവാര്‍ഡ് നേടിയ സംവിധായകന്‍ വെട്രിമാരനും, മറ്റൊരു ദേശീയ അവാര്‍ഡ് ജോതാവായ സൂര്യയും ആദ്യമായി ഒന്നിക്കുന്ന സിനിമയാണിത്. വലിയ ഹൈപ്പാണ് അനൗണ്‍സ്‌മെന്റ് മുതല്‍ സിനിമക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. 2020ലാണ് ചിത്രത്തിന്റെ ടൈറ്റില്‍ അനൗണ്‍സ് ചെയ്തത്.

സി.സു. ചെല്ലപ്പയുടെ പ്രശസ്തമായ നോവലിനെ അടിസ്ഥാനമാക്കിയാണ് വെട്രിമാരന്‍ ചിത്രം ഒരുക്കുന്നത്. അളങ്കനല്ലൂര്‍ ജെല്ലിക്കെട്ടില്‍ ആരെക്കൊണ്ടും തളക്കാനാകാത്ത ഒരു കാളയെ തളക്കുന്ന അച്ഛന്റെയും മകന്റെയും കഥയാണ് വാടിവാസലില്‍ പറയുന്നത്. കാളി, പിച്ചി എന്നീ കഥാപാത്രങ്ങളായാണ് സൂര്യ ചിത്രത്തില്‍ എത്തുന്നത്.

എന്നാല്‍ അനൗണ്‍സ്‌മെന്റ് കഴിഞ്ഞ് നാല് വര്‍ഷമായിട്ടും ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ കഴിഞ്ഞിട്ടില്ല. സിനിമയിലെ പ്രധാന കഥാപാത്രങ്ങളായ സൂര്യയും തമിഴും സിനിമക്ക് വേണ്ടി ജെല്ലിക്കെട്ട് പരിശീലിക്കുന്നുവെന്ന് വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു. ഇപ്പോഴിതാ ചിത്രത്തിലെ ഒരു വലിയ രംഗത്തെക്കുറിച്ച് സംസാരിക്കുകയാണ് സംവിധായകന്‍ വെട്രിമാരന്‍.

അമ്പത് ദിവസത്തിലധികം ഷൂട്ട് ചെയ്യേണ്ട ഒരു വലിയ രംഗം ചിത്രത്തിലുണ്ടെന്നും വലിയ അധ്വാനം അതിന് വേണ്ടിവരുമെന്നും വെട്രിമാരന്‍ പറഞ്ഞു. ചിലപ്പോള്‍ താന്‍ ആ സീന്‍ ഒഴിവാക്കാന്‍ സാധ്യതയുണ്ടെന്നും വെട്രിമാരന്‍ പറഞ്ഞു. അത്രക്ക് പ്രഷര്‍ അനുഭവിക്കേണ്ട സീനായതുകൊണ്ട് അത് ഉള്‍പ്പെടുത്തണമോ വേണ്ടയോ എന്ന ചിന്തയിലാണ് താനെന്നും വെട്രിമാരന്‍ കൂട്ടിച്ചേര്‍ത്തു. ഗലാട്ട പ്ലസിന് നല്‍കിയ അഭിമുഖത്തിലാണ് വെട്രിമാരന്‍ ഇക്കാര്യം പറഞ്ഞത്.

’50-60 ദിവസം ഷൂട്ട് ചെയ്യേണ്ട ഒരു വലിയ സീന്‍ വാടിവാസലിലുണ്ട്. നോവലില്‍ അത് വായിച്ച് കഴിഞ്ഞപ്പോള്‍ ഇതെങ്ങനെ തിരക്കഥയാക്കുമെന്നാലോചിച്ച സീനാണ് അത്. എഴുതി വന്നപ്പോഴാണ് ആ സീനിന്റെ വലുപ്പം മനസിലായത്. വലിയ അധ്വാനം ആവശ്യമുള്ള സീനാണ്. ചിലപ്പോള്‍ ഞാന്‍ അത് ഷൂട്ട് ചെയ്യാതെ ഉപേക്ഷിച്ചെന്നും വരാം. ഷൂട്ട് ചെയ്യുന്നുണ്ടെങ്കില്‍ എന്റെ കരിയറിലെ ഏറ്റവും വലിയ സീനാകും അത്,’ വെട്രിമാരന്‍ പറഞ്ഞു.

Content Highlight: Vetrimaaran talks about the biggest scene in Vaadivasal movie