| Monday, 23rd December 2024, 1:55 pm

ഷൂട്ടിങ്ങിന് പോയ സൂരിയെ മടക്കി വിളിപ്പിച്ച് സ്റ്റുഡിയോയില്‍ ഒരു ദിവസം മുഴുവനും വെറുതെ ഇരുത്തി: വെട്രിമാരന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

വെട്രിമാരന്റെ ഏറ്റവും പുതിയ ചിത്രമാണ് വിടുതലൈ 2. സൂരി നായകനായ വിടുതലൈയുടെ ആദ്യ ഭാഗം വന്‍ വിജയമായിരുന്നു. 2023ല്‍ റിലീസായ വിടുതലൈയുടെ തുടര്‍ച്ചയാണ് ഈ ചിത്രം. ചിത്രത്തിന്റെ ആദ്യ ഭാഗത്തില്‍ സൂരിയായിരുന്നു നായകന്‍. വിടുതലൈയുടെ ആദ്യ ഭാഗത്തിന്റെ അവസാന അഞ്ച് മിനിറ്റില്‍ വിജയ് സേതുപതി ശക്തമായ വേഷത്തില്‍ വന്നിരുന്നു. രണ്ടാം ഭാഗത്തില്‍ വിജയ് സേതുപതിയുടെ വാദ്ധ്യാര്‍ എന്ന കഥാപാത്രത്തിനാണ് പ്രാധാന്യം.

വിടുതലൈ 2വിന്റെ തുടക്കത്തിലെ വോയിസ് ഓവറിനെ കുറിച്ച് സംസാരിക്കുകയാണ് സംവിധായകന്‍ വെട്രിമാരന്‍. ആരുടെ വോയിസ് ഓവറില്‍ സിനിമ തുടങ്ങണമെന്ന് തനിക്ക് സംശയമായിരുന്നു എന്നും വിജയ് സേതുപതിയാണ് സൂരിയുടെ വോയിസ് ഓവറില്‍ വിടുതലൈ 2 ആരംഭിക്കാമെന്ന് പറഞ്ഞതെന്നും വെട്രിമാരന്‍ പറയുന്നു.

തിരുച്ചിയില്‍ ഷൂട്ടിന് പോയ സൂരിയെ ഈ ആവശ്യം പറഞ്ഞ് വിളിപ്പിച്ചെന്നും അദ്ദേഹം വന്ന് ഒരു ദിവസം മുഴുവനും സ്റ്റുഡിയോയില്‍ ഇരുനിന്നും വെട്രിമാരന്‍ കൂട്ടിച്ചേര്‍ത്തു. സിനി ഉലകം എന്ന യൂട്യൂബ് ചാനലിനോട് സംസാരിക്കുകയായിരുന്നു വെട്രിമാരന്‍.

‘വിടുതലൈ ആദ്യ ഭാഗം കുമരേശന്റെ കഥയാണ്. കുമരേശന്റെ വളര്‍ച്ചയുടെ കാലഘട്ടമാണ് ആ സിനിമ കാണിക്കുന്നത്. വിടുതലൈ 2 പെരുമാളിന്റെ വളര്‍ച്ചയുടെ കാലഘട്ടം ആണ് കാണിക്കുന്നത്. സമൂഹത്തിനുള്ളില്‍ നടക്കുന്നത് കണ്ട് പെരുമാള്‍ എന്തൊക്കെയാണ് പഠിച്ചിരിക്കുന്നത് എന്നാണ് ഈ ഭാഗത്തില്‍ ചിത്രം കാണിക്കുന്നത്. അതുകൊണ്ടുതന്നെ വാദ്ധ്യാരുടെ വോയ്സ് ഓവറില്‍ ചിത്രം ആരംഭിക്കണം എന്നായിരുന്നു എനിക്ക്.

സെന്‍സറിങ്ങിനായി അയക്കേണ്ട റഫ് മിക്‌സ് കണ്ടപ്പോള്‍ പിന്നെ എനിക്ക് തോന്നി എഴുത്തുകാരന്റെ വോയിസ് ആണെങ്കില്‍ എങ്ങനെ ഉണ്ടാകുമെന്ന്. അങ്ങനെ ഞാന്‍ സേതുവിനോട് (വിജയ് സേതുപതി) ചോദിച്ചപ്പോള്‍ അദ്ദേഹം സൂരി ചെയ്താല്‍ നന്നായിരിക്കും എന്ന് പറഞ്ഞു. അപ്പോള്‍ എനിക്കും അത് ശരിയായി തോന്നി.

കാരണം ആദ്യ ഭാഗത്ത് കുമരേശന്‍ തന്നെയാണ് കഥ ആരംഭിക്കുന്നത്. അമ്മയ്‌ക്കൊരു കത്തെഴുതിയിട്ടാണ് തുടങ്ങുന്നത്. അവസാനിക്കുന്നതും കുമരേശനില്‍ തന്നെയാണ്. അങ്ങനെ നോക്കുമ്പോള്‍ രണ്ടാം ഭാഗം ആരംഭിക്കേണ്ടതും കുമരേശന്‍ തന്നെയല്ലേ എന്ന് തോന്നി. നാല് വര്‍ഷം കഴിഞ്ഞ് വേറെ ഒരാള്‍ പറഞ്ഞിട്ടാണല്ലോ ഞാന്‍ അതിനെ കുറിച്ച് ചിന്തിക്കുന്നതെന്ന് അപ്പോള്‍ തോന്നി.

ഞാന്‍ വേഗം സൂരിയെ വിളിച്ച് വരാന്‍ പറഞ്ഞു. സൂരി അപ്പോള്‍ മറ്റൊരു ചിത്രത്തിന്റെ ഷൂട്ടിങ്ങിന് വേണ്ടി തിരിച്ചിയില്‍ ആയിരുന്നു. ഞാന്‍ വിളിച്ചതും അവന്‍ വേഗം വന്നു. പക്ഷെ ഒരു ദിവസം മൊത്തം ആ സ്റ്റുഡിയോയില്‍ ഇരിക്കേണ്ടി വന്നു,’ വെട്രിമാരന്‍ പറയുന്നു.

Content Highlight: Vetrimaaran Talks About Actor Soori Ands Viduthalai 2

We use cookies to give you the best possible experience. Learn more