| Friday, 5th July 2024, 6:47 pm

വിടുതലൈയ്ക്ക് വേണ്ടി പൊലീസുകാരെപ്പറ്റി ഓരോന്ന് അറിഞ്ഞപ്പോള്‍ എനിക്ക് ഷോക്കായി: വെട്രിമാരന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഇന്ത്യന്‍ സിനിമയിലെ ഏറ്റവും മികച്ച സംവിധായകരിലൊരാളാണ് വെട്രിമാരന്‍. വിഖ്യാത സംവിധായകന്‍ ബാലു മഹേന്ദ്രയുടെ അസിസ്റ്റന്റായി കരിയര്‍ ആരംഭിച്ച വെട്രിമാരന്‍ ധനുഷ് നായകനായ പൊല്ലാതവനിലൂടെയാണ് സ്വതന്ത്ര സംവിധായകനായത്. തന്റെ രണ്ടാമത്തെ ചിത്രമായ ആടുകളത്തിലൂടെ മികച്ച സംവിധായകനുള്ള ദേശീയ അവാര്‍ഡ് വെട്രിമാരന്‍ സ്വന്തമാക്കി. 2016, 2020 വര്‍ഷങ്ങളില്‍ താന്‍ സംവിധാനം ചെയ്ത സിനിമകള്‍ക്ക് വീണ്ടും ദേശീയ അവാര്‍ഡ് സ്വന്തമാക്കി.

വിജയ് സേതുപതി, സൂരി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി 2023ല്‍ പുറത്തിറങ്ങിയ വിടുതലൈ നിരവധി അന്താരാഷ്ട്ര ചലച്ചിത്രമേളകളില്‍ പ്രശംസകള്‍ ഏറ്റുവാങ്ങിയിരുന്നു. ഒരു പൊലീസ് ക്യാമ്പും അതിനെ ചുറ്റിപ്പറ്റി നടക്കുന്ന പ്രശ്‌നങ്ങളുമാണ് വിടുതലൈയില്‍ കാണിച്ചിട്ടുള്ളത്. പൊലീസ്  അരാജകത്വത്തെ നിശിതമായി വിമര്‍ശിക്കുന്ന ചിത്രം ബോക്‌സ് ഓഫീസിലും മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു.

ചിത്രത്തിന് വേണ്ടി പൊലീസ് ക്യാമ്പുകളെക്കുറിച്ച് റിസര്‍ച്ച് ചെയ്തപ്പോഴുണ്ടായ അനുഭവം പങ്കുവെക്കുകയാണ് വെട്രിമാരന്‍. തന്റെ അസിസ്റ്റന്റും, സംവിധായകനും, നടനുമായ തമിഴ് പൊലീസ് ഉദ്യോഗസ്ഥനായിരുന്നെന്നും, അയാളാണ് തനിക്ക് എല്ലാം പറഞ്ഞു തന്നതെന്നും വെട്രിമാരന്‍ പറഞ്ഞു.

പൊലീസ് ക്യാമ്പില്‍ ഭക്ഷണം വെക്കാനുള്ള ചെലവ് ഗവണ്മെന്റ് നല്‍കിയിരുന്നില്ല എന്ന വിവരം തമിഴ് പറഞ്ഞപ്പോഴാണ് താന്‍ അറിഞ്ഞതെന്നും അത് കേട്ടപ്പോള്‍ ഷോക്കായിപ്പോയെന്നും വെട്രിമാരന്‍ കൂട്ടിച്ചേര്‍ത്തു. ഗലാട്ട പ്ലസിന് നല്‍കിയ അഭിമുഖത്തിലാണ് വെട്രിമാരന്‍ ഇക്കാര്യം പറഞ്ഞത്.

‘വിടുതലൈയിലെ ഏറ്റവും പ്രധാനപ്പെട്ട ലൊക്കേഷനുകളിലൊന്നാണ് പൊലീസ് ക്യാമ്പ്. മാക്‌സിമം ഒറിജിനാലിറ്റി വേണമെന്നുള്ള നിര്‍ബന്ധത്തിലാണ് ഞാന്‍ അതിന് വേണ്ടി പ്രയത്‌നിച്ചത്. പൊലീസ് ക്യാമ്പിലെ പ്രൊസീജ്യറുകള്‍ എന്തൊക്കെയാണെന്ന് ഞാന്‍ തമിഴിനോട് ചോദിച്ചു. പ്രത്യേകിച്ച് ഫുഡ് സപ്ലൈ. കാരണം, വിടുതലൈയിലെ നായകന്‍ പൊലീസുകാര്‍ക്ക് ഭക്ഷണം കൊണ്ടുകൊടുക്കുന്ന ആളാണല്ലോ.

തമിഴ് പറഞ്ഞത്, പൊലീസ് ക്യാമ്പിലെ മെസ്സില്‍ ഭക്ഷണം വെക്കുന്നയാള്‍ക്ക് ഗവണ്മെന്റ് ശമ്പളം കൊടുക്കാറില്ല എന്നാണ്. മെസ്സിന്റെ ഇന്‍ ചാര്‍ജ്  ഉള്ള സബ് ഇന്‍സ്‌പെക്ടര്‍ അയാളുടെ കൈയില്‍ നിന്ന് പൈസ എടുത്താണ് ശമ്പളം കൊടുക്കുന്നത്. എനിക്കത് കേട്ടപ്പോള്‍ ഷോക്കായി. നമ്മള്‍ഡ നോക്കുമ്പള്‍ എന്താണ്, പൊലീസുകാര്‍ക്ക് അവരുടെ എല്ലാ കാര്യങ്ങളും ചെയ്യാന്‍ ഗവണ്മെന്റ് പൈസ കൊടുക്കുമല്ലോ എന്നൊക്കെയാണ്. പക്ഷേ ഇത്തരം കാര്യത്തില്‍ സിസ്റ്റം അവരോട് കാണിക്കുന്ന വിവേചനം അപ്പോഴാണ് എനിക്ക് മനസിലായത്,’ വെട്രിമാരന്‍ പറഞ്ഞു.

Content Highlight: Vetrimaaran shares the shooting process about Viduthalai movie

We use cookies to give you the best possible experience. Learn more