| Thursday, 13th April 2023, 12:45 pm

ഞങ്ങള്‍ സംസാരിച്ചു, അത് സംഭവിക്കും; ജൂനിയര്‍ എന്‍.ടി.ആറിനൊപ്പം പുതിയ ചിത്രം ഉറപ്പിച്ച് വെട്രിമാരന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

തെന്നിന്ത്യന്‍ സിനിമയിലെ ഏറ്റവും മികച്ച സംവിധായകരില്‍ ഒരാളാണ് വെട്രിമാരന്‍. അദ്ദേഹത്തിന്റെ അടുത്തിടെ റിലീസ് ചെയ്ത പുതിയ ചിത്രമായ വിടുതലൈ ഭാഗം 1ന് മികച്ച പ്രതികരണമാണ് പ്രേക്ഷകരില്‍ നിന്നും ലഭിക്കുന്നത്.

തന്റെ സിനിമകള്‍ക്ക് വേണ്ടി അല്ലു അര്‍ജുന്‍, മഹേഷ് ബാബു, ജൂനിയര്‍ എന്‍.ടി.ആര്‍ തുടങ്ങിയ താരങ്ങളെ സമീപിച്ചതിനെക്കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് വെട്രിമാരന്‍.

ഇപ്പോള്‍ ജൂനിയര്‍ എന്‍.ടി.ആറിനൊപ്പം ഒരു സിനിമയ്ക്ക് അദ്ദേഹം പദ്ധതിയിടുകയാണ്. കഴിഞ്ഞ കുറച്ച് മാസങ്ങളായി വെട്രിമാരനും ജൂനിയര്‍ എന്‍.ടി.ആറും ഒരു ചിത്രത്തിനായി ഒന്നിക്കുന്നു എന്ന വാര്‍ത്തകള്‍ ഉണ്ടായിരുന്നു. ഇപ്പോള്‍ വെട്രിമാരന്‍ തന്നെ ഇക്കാര്യത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ്.

‘അസുരന് ശേഷം, ഞാന്‍ ജൂനിയര്‍ എന്‍.ടി.ആറിനെ കണ്ടു, ഞങ്ങള്‍ സംസാരിച്ചു. അത് സംഭവിക്കും.’ ഈ ചിത്രം രണ്ട് ഭാഗങ്ങളായാണ് ഒരുങ്ങുന്നത്, ആദ്യഭാഗത്ത് ജൂനിയര്‍ എന്‍.ടി.ആറും രണ്ടാം ഭാഗത്തില്‍ ധനുഷും അഭിനയിക്കുന്നു,” വെട്രിമാരന്‍ പറഞ്ഞു.

ആടുകളം റിലീസിന് ശേഷം ജൂനിയര്‍ എന്‍.ടി.ആറിനും മഹേഷ് ബാബുവിനുമൊപ്പം സിനിമകള്‍ പ്ലാന്‍ ചെയ്തിരുന്നെങ്കിലും അവ യാഥാര്‍ത്ഥ്യമായില്ലെന്നും വെട്രിമാരന്‍ പറഞ്ഞു.

അല്ലു അര്‍ജുനെയും മഹേഷ് ബാബുവിനെയും ഉള്‍പ്പെടുത്തി സിനിമ സംവിധാനം ചെയ്യണമെന്ന ആഗ്രഹമുണ്ടെന്നും സ്‌ക്രിപ്റ്റ് വിവരിച്ചുവെന്നും അദ്ദേഹം പറഞ്ഞു. ചില കാരണങ്ങളാല്‍ അത് യാഥാര്‍ത്ഥ്യമായില്ലെന്നും അടുത്തിടെ ഒരു അഭിമുഖത്തില്‍ സംവിധായകന്‍ വെളിപ്പെടുത്തി.

ധനുഷ് നായകനായ തന്റെ ബ്ലോക്ക്ബസ്റ്റര്‍ ചിത്രമായ വട ചെന്നൈയില്‍ അല്ലു അര്‍ജുനുവേണ്ടി ഒരു കഥാപാത്രമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.


‘ആടുകളത്തിന് ശേഷം ഞാന്‍ അല്ലു അര്‍ജുനെ കണ്ടു, ചെന്നൈയില്‍ വെച്ചാണ് കണ്ടത്. തമിഴ് സിനിമയിലേക്ക് വരണമെന്നും താത്പര്യമുണ്ടെങ്കില്‍ ഒരു കഥ പറയണമെന്നും അദ്ദേഹം എന്നോട് പറഞ്ഞു.

ഞാന്‍ അന്ന് വട ചെന്നൈയെ കുറിച്ച് പറഞ്ഞു. ശക്തമായ ഒരു റോള്‍ ഉണ്ടായിരുന്നു, അത് ഞാന്‍ ഇപ്പോള്‍ വീണ്ടും എഴുതി. സിനിമയുടെ ഇപ്പോഴത്തെ രൂപമല്ല അന്ന് മനസ്സില്‍. വേറൊരു കഥാപാത്രം ഉണ്ടായിരുന്നു, അത് നടന്നില്ല,” വെട്രിമാരന്‍ പറഞ്ഞു.

content highlight: Vetrimaaran confirms that he will direct a film with Junior NTR

We use cookies to give you the best possible experience. Learn more