| Friday, 9th August 2024, 7:47 pm

എത്ര ആലോചിച്ചിട്ടും വടചെന്നൈയുടെ ഇന്റര്‍വെല്‍ എങ്ങനെ എടുക്കണമെന്ന് ഒരു ധാരണയുമില്ലായിരുന്നു: വെട്രിമാരന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ധനുഷിന് നായകനായ പൊല്ലാതവനിലൂടെ സ്വതന്ത്ര സംവിധായകനായ ആളാണ് വെട്രിമാരന്‍. വെറും ആറ് സിനിമകള്‍ മാത്രം സംവിധാനം ചെയ്ത വെട്രിമാരന്‍ രണ്ട് തവണ ദേശീയ അവാര്‍ഡ് ജേതാവായി. കലാമൂല്യമുള്ള സിനിമകള്‍ ചെയ്യുന്നതിനോടൊപ്പം അവയെല്ലാം ബോക്സ് ഓഫീസിലും വിജയമാക്കിയ വെട്രിമാരന്‍ തമിഴിലെ പുതിയകാല സംവിധായകരില്‍ മുന്‍പന്തിയിലാണ്.

ധനുഷിനെ നായകനാക്കി 20189ല്‍ വെട്രിമാരന്‍ സംവിധാനം ചെയ്ത ചിത്രമാണ് വടചെന്നൈ. നോര്‍ത്ത് ചെന്നൈയിലെ ആളുകളുടെ ജീവിതവും അതിനോട് ബന്ധപ്പെട്ട് കിടക്കുന്ന രാഷ്ട്രീയവും വെട്രിമാരന്‍ മികച്ച രീതിയില്‍ ചിത്രീകരിച്ചു വെച്ചിട്ടുണ്ട്. പല ലെയറുകളുള്ള ഒരുപാട് കഥാപാത്രങ്ങളെ ഗംഭീരമായി അവതരിപ്പിച്ച ചിത്രമാണ് വടചെന്നൈ. തന്റെ കരിയറില്‍ ഏറ്റവും ബുദ്ധിമുട്ടി എഴുതിയ ഇന്റര്‍വെല്‍ സീക്വന്‍സാണ് വടചെന്നൈയുടേതെന്ന് വെട്രിമാരന്‍ പറഞ്ഞു.

ധനുഷ് അവതരിപ്പിച്ച അന്‍പ് എന്ന കഥാപാത്രം കിഷോറിന്റെ സെന്തിലിനെ പിന്നില്‍ നിന്ന് കുത്തുന്ന സീന്‍ എങ്ങനെ പ്രേക്ഷകര്‍ക്ക് കണ്‍വിന്‍സാകുന്ന രീതിയില്‍ എടുക്കണമെന്ന് യാതൊരു ധാരണയുമില്ലായിരുന്നെന്ന് വെട്രിമാരന്‍ പറഞ്ഞു. ഒടുവില്‍ റിവേഴ്‌സ് ഓര്‍ഡറില്‍ ചിന്തിച്ചപ്പോഴാണ് തനിക്ക് ഒരു ഐഡിയ കിട്ടിയതെന്ന് വെട്രിമാരന്‍ കൂട്ടിച്ചേര്‍ത്തു. ഗലാട്ടാ പ്ലസിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘വടചെന്നൈയുടെ ഇന്റര്‍വെല്‍ സീക്വന്‍സ് എങ്ങനെ എഴുതണമെന്ന് എനിക്ക് യാതൊരു ധാരണയുമില്ലായിരുന്നു. അന്‍പ് സെന്തിലിനെ കുത്തണം എന്നത് മാത്രമേ മനസില്‍ ഉണ്ടായിരുന്നുള്ളൂ. അത് പ്രേക്ഷകര്‍ക്ക് കണ്‍വിന്‍സാകുന്ന രീതിയില്‍ എങ്ങനെ എഴുതണമെന്ന് എത്ര ആലോചിച്ചിട്ടും എനിക്ക് ഐഡിയ കിട്ടിയില്ല. സെന്തിലിന്റെ സെല്ലില്‍ വെച്ച് കൊന്നാല്‍ സ്വാഭാവികമായും എല്ലാവരും അന്‍പിനെ സംശയിക്കും.

സെല്ലിന് പുറത്തുവെച്ച് മാത്രമേ അന്‍പിന് സെന്തിലിനെ ആക്രമിക്കാന്‍ പറ്റുള്ളൂ. പക്ഷേ സെന്തില്‍ അവന്റെ സെല്ലില്‍ നിന്ന് പുറത്തുവരില്ല. ഇത് ആദ്യമേ പറഞ്ഞുവെച്ചതുകൊണ്ട് എങ്ങനെ ആ സീന്‍ എഴുതണമെന്ന് കണ്‍ഫ്യൂഷനായി നിന്നു. ഒടുവില്‍ റിവേഴ്‌സ് ഓര്‍ഡറില്‍ എഴുതി നോക്കി. അന്‍പ് സെന്തിലിനെ പുറകില്‍ നിന്ന് കുത്തി. അത് സെല്ലിന് പുറത്തുവെച്ച് ഫുള്‍ ബഹളത്തിനിടയിലാണ് ചെയ്തത്. അതിന്റെ കാരണം കാരംസ് ബോര്‍ഡ് മത്സരത്തില്‍ ഉണ്ടായ പ്രശ്‌നം. ആ ഒരു ഓര്‍ഡറില്‍ ചിന്തിച്ചപ്പോള്‍ ലോജിക്കലായിട്ടുള്ള സീന്‍ ഉണ്ടായി,’ വെട്രിമാരന്‍ പറഞ്ഞു.

Content Highlight: Vetrimaaran about the interval sequence of Vadachennai

We use cookies to give you the best possible experience. Learn more