| Wednesday, 25th September 2024, 2:13 pm

ബീഫ് കഴിക്കുന്നത് കാണിക്കാന്‍ പാടില്ല, മതങ്ങളെ അവഹേളിക്കാന്‍ പാടില്ല, ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളുടെ നിബന്ധനകള്‍ ബുദ്ധിമുട്ടിക്കുന്നു: വെട്രിമാരന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

തമിഴിലെ മികച്ച സംവിധായകരിലൊരാളാണ് വെട്രിമാരന്‍. ബാലു മഹേന്ദ്രയുടെ അസിസ്റ്റന്റായി കരിയറാരംഭിച്ച വെട്രിമാരന്‍ 2007ല്‍ റിലീസായ പൊല്ലാതവനിലൂടെയാണ് സ്വതന്ത്രസംവിധായകനാകുന്നത്. 14 വര്‍ഷത്തെ കരിയറില്‍ വെറും ആറ് സിനിമകള്‍ മാത്രം സംവിധാനം ചെയ്ത വെട്രിമാരന്‍ സംവിധായകന്‍, നിര്‍മാതാവ് എന്നീ വിഭാഗങ്ങളില്‍ അഞ്ച് ദേശീയ അവാര്‍ഡുകള്‍ സ്വന്തമാക്കിയിട്ടുണ്ട്. ഏറ്റവും പുതിയ ചിത്രമായ വിടുതലൈ 2 റിലീസിന് തയാറെടുക്കുകയാണ്.

ഇന്ത്യയില്‍ ഫിലിംമേക്കേഴ്‌സിനുള്ള സ്വാതന്ത്ര്യത്തെക്കുറിച്ച് സംസാരിക്കുകയാണ് വെട്രിമാരന്‍. ഒ.ടി.ടി പ്ലാറ്റ്‌ഫോമുകള്‍ പോലും ഫിലിംമേക്കേഴ്‌സിന്റെ ക്രിയേറ്റിവിറ്റിയില്‍ കൈകടത്തുന്ന കാലമാണ് ഇതെന്ന് വെട്രിമാരന്‍ പറഞ്ഞു. ഒരുപാട് ലിമിറ്റേഷനുകള്‍ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകള്‍ തങ്ങള്‍ക്ക് കല്പിക്കാറുണ്ടെന്ന് വെട്രിമാരന്‍ പറഞ്ഞു. സെന്‍സര്‍ ബോര്‍ഡിന്റെ അനുമതി കിട്ടിയാല്‍ പോലും പല ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളും ചില കാര്യങ്ങള്‍ വേണ്ടെന്ന് നിഷ്‌കര്‍ഷിക്കാറുണ്ടെന്നും വെട്രിമാരന്‍ കൂട്ടിച്ചേര്‍ത്തു.

ബീഫ് കഴിക്കുന്ന സീനുകള്‍ ഉള്‍പ്പെടുത്തരുതെന്നും എതെങ്കിലും കമ്മ്യൂണിറ്റിയെ അവഹേളിക്കുന്ന രംഗങ്ങള്‍ പാടില്ലെന്നും അവര്‍ ആവശ്യപ്പെടാറുണ്ടെന്നും വെട്രിമാരന്‍ പറഞ്ഞു. ഹോളിവുഡ് റിപ്പോര്‍ട്ടര് ഇന്ത്യയുടെ റൗണ്ട് ടേബിളില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സംവിധായകരായ പാ. രഞ്ജിത്, സോയ അക്തര്‍, മഹേഷ് നാരായണന്‍, കരണ്‍ ജോഹര്‍ എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തിരുന്നു.

‘ഒ.ടി.ടി പ്ലാറ്റ്‌ഫോമുകള്‍ ഇപ്പോള്‍ സിനിമയുടെ ക്വാളിറ്റിയെക്കാള്‍ ബിസിനസിനെയാണ് ശ്രദ്ധിക്കുന്നത്. അവര്‍ ഈ വര്‍ഷം പറഞ്ഞ പ്രധാന കാര്യം ‘ഞങ്ങള്‍ ദേശഭക്തി സിനിമകളില്‍ കൂടുതല്‍ ഇന്‍വെസ്റ്റ് ചെയ്യാന്‍ പോകുന്നു’ എന്നാണ്. അവര്‍ക്ക് ബിസിനസ്സാണ് മുഖ്യം. നമ്മള്‍ ഏതെങ്കിലും പ്രൊജക്ടുമായി ചെല്ലുന്ന സമയത്ത് അവര്‍ ഒരുപാട് ലിമിറ്റേഷനുകള്‍ വെക്കുന്ന കാലമാണിത്.

‘ബീഫ് കഴിക്കുന്ന സീനുകള്‍ കാണിക്കാന്‍ പാടില്ല, ആ മതത്തിന്റെ വികാരം വ്രണപ്പെടാന്‍ പാടില്ല, ഈ മതത്തിന്റെ വികാരം വ്രണപ്പെടാന്‍ പാടില്ല’ എന്നിങ്ങനെ ഒരുപാട് കണ്ടീഷനുകള്‍ അവര്‍ വെക്കുന്നുണ്ട്. സെന്‍സര്‍ ബോര്‍ഡിനെക്കാള്‍ കഷ്ടമാണ് ഇത്തരം കണ്ടീഷനുകള്‍. നമ്മള്‍ ഉദ്ദേശിക്കുന്ന ഐഡിയ പ്രേക്ഷകരിലേക്കെത്താന്‍ ഇവരൊന്നും സമ്മതിക്കാറില്ല,’ വെട്രിമാരന്‍ പറഞ്ഞു.

Content Highlight: Vetrimaaran about OTT Platforms

We use cookies to give you the best possible experience. Learn more