| Tuesday, 13th August 2024, 4:37 pm

ആ സിനിമയില്‍ മഞ്ജു വാര്യറിന്റെ കഥാപാത്രമാണ് മെയിന്‍: വെട്രിമാരന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ബാലു മഹേന്ദ്രയുടെ സഹായിയായി സിനിമാകരിയര്‍ ആരംഭിച്ചയാളാണ് വെട്രിമാരന്‍. ധനുഷിനെ നായകനാക്കി 2007ല്‍ പൊല്ലാതവനിലൂടെ സ്വതന്ത്രസംവിധായകനായി. 17 വര്‍ഷത്തെ കരിയറില്‍ വെറും ഏഴ് സിനിമകള്‍ മാത്രം സംവിധാനം ചെയ്ത വെട്രിമാരന്‍ രണ്ട് ദേശീയ അവാര്‍ഡ് നേടിയിട്ടുണ്ട്. ധനുഷുമായി മൂന്നാം തവണ ഒന്നിച്ച ചിത്രമാണ് 2019ല്‍ റിലീസായ അസുരന്‍.

പച്ചയമ്മാള്‍ എന്ന ശക്തമായി കഥാപാത്രത്തെ അവതരിപ്പിച്ചത് മഞ്ജു വാര്യറായിരുന്നു. ധനുഷിനോടൊപ്പം തുല്യപ്രാധാന്യമുള്ള കഥാപാത്രത്തെയാണ് മഞ്ജു അവതരിപ്പിച്ചത്. പ്രാദേശിക തമിഴ് ഭാഷ അനായാസം സംസാരിച്ച മഞ്ജു വാര്യര്‍ മികച്ച പ്രകടനമായിരുന്നു അസുരനില്‍ കാഴ്ചവെച്ചത്. മഞ്ജുവിന്റെ പ്രകടനത്തെ നിരവധി പേര്‍ അഭിനന്ദിച്ചിരുന്നു. വെട്രിമാരന്റെ പുതിയ ചിത്രമായ വിടുതലൈ 2വിലും മഞ്ജു വാര്യര്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

ചിത്രത്തിലെ മഞ്ജുവിന്റെ കഥാപാത്രത്തെക്കുറിച്ച് സംസാരിക്കുകയാണ് സംവിധായകന്‍ വെട്രിമാരന്‍. അസുരനിലെ ഏറ്റവും പ്രധാനപ്പെട്ട കഥാപാത്രം മഞ്ജുവിന്റേതാണെന്ന് വെട്രിമാരന്‍ പറഞ്ഞു. ആദ്യപകുതിയിലെ പ്രധാന കൊലപാതകം നടക്കുന്നത് പച്ചയമ്മാളിന്റെ നിസ്സഹായാവസ്ഥയില്‍ നിന്നാണെന്ന് വെട്രിമാരന്‍ പറഞ്ഞു. പാടത്ത് വെച്ചുള്ള സീനില്‍ ആ കഥാപാത്രം എത്രമാത്രം പവര്‍ഫുള്ളാണെന്ന് കാണിക്കുന്നുണ്ടെന്ന് വെട്രിമാരന്‍ കൂട്ടിച്ചേര്‍ത്തു. ഗലാട്ടാ പ്ലസ്സിന് നല്‍കിയ അഭിമുഖത്തിലാണ് വെട്രിമാരന്‍ ഇക്കാര്യം പറഞ്ഞത്.

‘അസുരനില്‍ ശിവസാമി എന്ന കഥാപാത്രം എത്രമാത്രം പ്രധാനമാണോ അത്രയും പ്രാധാന്യം പച്ചയമ്മാളിനുമുണ്ട്. ഒരു തരത്തില്‍ പറഞ്ഞാല്‍ അവരാണ് ഈ സിനിമയിലെ മെയിന്‍ ക്യാരക്ടര്‍. ശിവസാമി അക്രമമെല്ലാം നിര്‍ത്തി സമാധാനത്തില്‍ പോകാന്‍ ആഗ്രഹിക്കുമ്പോള്‍ കുടുംബത്തിന് വരുന്ന പ്രശ്‌നത്തെ നേരിടുന്നത് പച്ചയമ്മാളാണ്. സിനിമയുടെ മുഴുവന്‍ പ്രശ്‌നവും തുടങ്ങുന്നത് അവിടെനിന്നാണ്.

പിന്നീട് മൂത്തമകന്‍ മരിച്ച ശേഷം മകന്റെ മരണത്തിന് പകരം വീട്ടണമെന്ന ആഗ്രഹത്തില്‍ നടക്കുന്നയാളാണ് പച്ചയമ്മാള്‍. അവര്‍ക്ക് വേണ്ടി ഇളയമകന്‍ പകരം വീട്ടുന്നത് ആ കുടുംബത്തിനെ വീണ്ടു പ്രശ്‌നത്തിലാക്കുന്നുണ്ട്. ഫ്‌ളാഷ്ബാക്ക് സീനില്‍ ശിവസാമി അക്രമം ഉപേക്ഷിക്കുന്നത് പച്ചയമ്മാള്‍ക്ക് വേണ്ടിയാണ്. കഥയുടെ സെന്റര്‍ പോയിന്റ് എന്ന് പറയുന്നത് മഞ്ജുവിന്റെ കഥാപാത്രമാണ്,’ വെട്രിമാരന്‍ പറഞ്ഞു.

Content Highlight: Vetrimaaran about Manju Warrier’s character in Asuran movie

We use cookies to give you the best possible experience. Learn more