എന്റെ കരിയറില്‍ ആത്മാര്‍ത്ഥതയോടെ ഷൂട്ട് ചെയ്ത പാട്ടുകള്‍ ആ സിനിമയിലേതാണ്: വെട്രിമാരന്‍
Entertainment
എന്റെ കരിയറില്‍ ആത്മാര്‍ത്ഥതയോടെ ഷൂട്ട് ചെയ്ത പാട്ടുകള്‍ ആ സിനിമയിലേതാണ്: വെട്രിമാരന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 28th July 2024, 10:22 pm

ധനുഷിന് നായകനായ പൊല്ലാതവനിലൂടെ സ്വതന്ത്ര സംവിധായകനായ ആളാണ് വെട്രിമാരന്‍. വെറും ആറ് സിനിമകള്‍ മാത്രം സംവിധാനം ചെയ്ത വെട്രമാരന്‍ രണ്ട് തവണ ദേശീയ അവാര്‍ഡ് ജേതാവായി. കലാമൂല്യമുള്ളസിനിമകള്‍ ചെയ്യുന്നതിനോടൊപ്പം അവയെല്ലാം ബോക്‌സ് ഓഫീസിലും വിജയമാക്കിയ വെട്രിമാരന്‍ തമിഴിലെ പുതിയകാല സംവിധായകരില്‍ മുന്‍പന്തിയിലാണ്.

ഗാനരംഗങ്ങള്‍ ചിത്രീകരിക്കുന്നതില്‍ അലസനാണ് വെട്രിമാരനെന്ന് പലപ്പോഴും വിമര്‍ശനമുയര്‍ന്നിട്ടുണ്ട്. ധനുഷ് ചിത്രം വടചെന്നൈയിലെ മനോഹരമായ ഒരു ഗാനം ചിത്രത്തില്‍ ഉള്‍പ്പെടുത്താത്തത് ഇന്നും ചര്‍ച്ച ചെയ്യപ്പെടുന്ന ഓന്നാണ്. ഇക്കാര്യത്തില്‍ താന്‍ അലസനാണെന്ന് സമ്മതിക്കുകയാണ് വെട്രിമാരന്‍. സംഗീത സംവിധായകന്‍ ജി.വി പ്രകാശ് ഇക്കാര്യം തന്നോട് പറഞ്ഞിട്ടുണ്ടെന്നും വെട്രിമാരന്‍ പറഞ്ഞു.

ജി.വി. പ്രകാശിനെ വളരെയധികം കഷ്ടപ്പെടുത്തി ഓരോ പാട്ട് വാങ്ങുമ്പോഴും ഇതൊക്കെ സിനിമയില്‍ കാണുമോ എന്ന് ചോദിക്കാറുണ്ടെന്ന് വെട്രിമാരന്‍ പറഞ്ഞു. വിടുതലൈ എന്ന ചിത്രത്തിലെ ‘കാട്ടുമല്ലി’, ‘ഉന്നോട് നടന്ത’ എന്നീ പാട്ടുകള്‍ മാത്രമേ ആത്മാര്‍ത്ഥതയോടെ ഷൂട്ട് ചെയ്തിട്ടുള്ളൂവെന്നും വെട്രിമാരന്‍ കൂട്ടിച്ചേര്‍ത്തു. ഗലാട്ടാ പ്ലസ്സിനോട് സംസാരിക്കുകയായിരുന്നു വെട്രിമാരന്‍.

‘എന്നെപ്പറ്റി പലരും പറയുന്ന കംപ്ലൈന്റാണ് പാട്ടുകള്‍ ഉപയോഗിക്കുന്ന രീതി. എത്ര നല്ല പാട്ടാണെങ്കിലും അലസമായിട്ടാണ് ഞാന്‍ അതൊക്കെ ഷൂട്ട് ചെയ്യുന്നതെന്ന് പലരും പറയാറുണ്ട്. വടചെന്നൈയിലെ കാര്‍ക്കുഴല്‍ കടവെയേ’ എന്ന പാട്ട് സിനിമയില്‍ ഉള്‍പ്പെടുത്താതിന് എന്നെ പലരും വിമര്‍ശിച്ചിട്ടുണ്ട്. പല സംഗീത സംവിധായകരും എന്നോട് ഇക്കാര്യം പറഞ്ഞിട്ടുമുണ്ട്.

ജി.വി. പ്രകാശിനെയൊക്കെ വല്ലാതെ കഷ്ടപ്പെടുത്തിയിട്ടാണ് ഓരോ പാട്ടും വാങ്ങുന്നത്. അവന്റെ കൈയില്‍ നിന്ന് വാങ്ങുമ്പോള്‍ ചുമ്മാ തമാശക്ക് അവന്‍ കമന്റടിക്കും, ‘ഇത്രയും കഷ്ടപ്പെടുത്തി വാങ്ങിച്ചു. എങ്ങനെ പോയാലും ഇതൊന്നും പടത്തില്‍ കാണിക്കില്ല’ എന്ന്. എന്റെ കരിയറില്‍ ഞാന്‍ ആത്മാര്‍ത്ഥതയോടെ ഷൂട്ട് ചെയ്ത രണ്ട് പാട്ട് വിടുതലൈയിലാണ്. ‘കാട്ടുമല്ലി’, ‘ഉന്നോട് നടന്ത’ ഈ രണ്ട് പാട്ടിന്റെയും സോള്‍ പ്രേക്ഷകരിലേക്കെത്താന്‍ ഞാന്‍ വല്ലാതെ ആഗ്രഹിച്ചു,’ വെട്രിമാരന്‍ പറഞ്ഞു.

Content highlight: Vetrimaaran about making of songs in his films