സിദ്ധാര്‍ത്ഥന്റെ മരണം; സസ്‌പെന്‍ഷന്‍ പിന്‍വലിച്ച 33 വിദ്യാര്‍ത്ഥികളെ വീണ്ടും സസ്‌പെന്‍ഡ് ചെയ്ത് വെറ്ററിനറി സര്‍വകലാശാല
Kerala News
സിദ്ധാര്‍ത്ഥന്റെ മരണം; സസ്‌പെന്‍ഷന്‍ പിന്‍വലിച്ച 33 വിദ്യാര്‍ത്ഥികളെ വീണ്ടും സസ്‌പെന്‍ഡ് ചെയ്ത് വെറ്ററിനറി സര്‍വകലാശാല
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 25th March 2024, 10:30 pm

വൈത്തിരി: പൂക്കോട് വെറ്ററിനറി സര്‍വകലാശാല വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥ് മരിച്ച സംഭവത്തില്‍ സസ്പെന്‍ഡ് ചെയ്യപ്പെട്ട് പിന്നീട് തിരിച്ചെടുത്ത 33 വിദ്യാര്‍ത്ഥികള്‍ക്ക് വീണ്ടും സസ്‌പെന്‍ഷന്‍. ഏഴ് പ്രവൃത്തി ദിവസങ്ങളിലേക്കാണ് സസ്പെന്‍ഡ് ചെയ്തിരിക്കുന്നത്. ഇതുസംബന്ധിച്ച ഉത്തരവ് ഡീന്‍ പുറപ്പെടുവിച്ചു.

33 വിദ്യാര്‍ത്ഥികളെയും കുറ്റവിമുക്തരാക്കി വി.സി ഡോ. പി.സി. ശശീന്ദ്രന്‍ പുറത്തിറക്കിയ ഉത്തരവ് പിന്‍വലിച്ചാണ് വീണ്ടും വിദ്യാര്‍ത്ഥികളെ സസ്പെന്‍ഡ് ചെയ്തിരിക്കുന്നത്.

അതേസമയം പി.സി. ശശീന്ദ്രന്‍ തിങ്കളാഴ്ച വൈകുന്നേരത്തോടെ വി.സി സ്ഥാനത്ത് നിന്ന് രാജിവെച്ചിരുന്നു. വ്യക്തിപരമായ കാരണങ്ങളാലാണ് രാജിവെക്കുന്നതെന്നാണ് അദ്ദേഹം പറഞ്ഞത്.

എന്നാല്‍ സര്‍വകലാശാല സസ്പെന്‍ഡ് ചെയ്യപ്പെട്ട വിദ്യാര്‍ത്ഥികളുടെ സസ്പെന്‍ഷന്‍ ഒഴിവാക്കുകയും കുറ്റവിമുക്തരാക്കുകയും ചെയ്ത നടപടിയെ ഗവര്‍ണര്‍ ചോദ്യം ചെയ്തതിന് പിന്നാലെയാണ് വി.സി രാജിവെച്ചതെന്ന് പിന്നീട് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സ്പെന്‍ഷന്‍ ഒഴിവാക്കാന്‍ വി.സിക്ക് എന്ത് അധികാരമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ചോദിച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇതിനുപുറമെ സര്‍വകലാശാലയില്‍ ഉണ്ടായ റാഗിങ്ങിന്റെ പേരില്‍ സസ്‌പെന്‍ഷന്‍ നേരിട്ട രണ്ട് വിദ്യാര്‍ത്ഥികള്‍ക്കെതിരായ നടപടി ഹൈക്കോടതി സ്റ്റേ ചെയ്തു. നാലാം വര്‍ഷ വിദ്യാര്‍ത്ഥികളായ അമേഷ് ബാലി, അജിത് അരവിന്ദാക്ഷന്‍ എന്നിവര്‍ നല്‍കിയ ഹരജിയിലാണ് കോടതിയുടെ തീരുമാനം.

തങ്ങള്‍ തെറ്റ് ചെയ്തുവെന്നതിന് തെളിവുകള്‍ ലഭിച്ചിട്ടില്ലെന്നും തങ്ങള്‍ക്കെതിരെ ആരും പരാതി നല്‍കിയിട്ടില്ലെന്നും ഹര്‍ജിക്കാര്‍ പരാതിയില്‍ പറഞ്ഞു. തുടര്‍ന്നാണ് കോടതി സര്‍വകലാശാലയുടെ നടപടി സ്റ്റേ ചെയ്ത് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്.

Content Highlight: Veterinary University re-suspended 33 students whose suspension was withdrawn