30 വര്‍ഷം ഇന്ത്യയ്ക്ക് വേണ്ടി പോരാടി; അനധികൃത കുടിയേറ്റം ആരോപിച്ച് സനാവുള്ളയെ ജയിലിലടച്ചു
Assam citizens' list
30 വര്‍ഷം ഇന്ത്യയ്ക്ക് വേണ്ടി പോരാടി; അനധികൃത കുടിയേറ്റം ആരോപിച്ച് സനാവുള്ളയെ ജയിലിലടച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 30th May 2019, 8:41 am

 

ഗുവാഹത്തി: ഇന്ത്യന്‍ ആര്‍മിയില്‍ 30 വര്‍ഷം സുബൈദാര്‍ പദവിയില്‍ സേവനമനുഷ്ഠിച്ച് വിരമിച്ച മുഹമ്മദ് സനാവുള്ളയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ബംഗ്ലാദേശില്‍നിന്നുള്ള അനധികൃത കുടിയേറ്റക്കാര്‍ക്കെതിരായ നിയമത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.

ആസാം സ്വദേശിയായ മുഹമ്മദ് സനാവുള്ള തന്റെ ആര്‍മി റിട്ടേയര്‍മെന്റിന് ശേഷം അസാം ബോര്‍ഡര്‍ പൊലിസില്‍ സബ് ഇന്‍സ്‌പെക്ടറായിരുന്നു. അനധികൃത കുടിയേറ്റക്കാരെ തടയുന്നതിനുള്ള പ്രത്യേക യൂണിറ്റാണിത്. ഈ യൂണിറ്റ് തന്നെയാണ് ഇപ്പോള്‍ സനാവുള്ളയെ അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇദ്ദേഹം ഇപ്പോള്‍ ഡീറ്റെന്‍ഷന്‍ സെന്ററിലാണ്.

ബോകോയിലെ ഫോറിനേഴ്സ് ട്രൈബ്യൂണല്‍ കഴിഞ്ഞ വര്‍ഷം സനാവുള്ളയ്ക്ക് ഇത് സംബന്ധിച്ച് നോട്ടീസ് നല്‍കിയിരുന്നു. ട്രൈബ്യൂണലിന്റെ അഞ്ചു വാദം കേള്‍ക്കലിലും സനാവുള്ള ഹാജറാവുകയും ചെയ്തിരുന്നു. സനാവുള്ളയെ കൂടാതെ സൈന്യത്തില്‍ നന്ന് വിരമിച്ച ആറു പേര്‍ക്കും സമാനമായ നോട്ടീസുകള്‍ ലഭിച്ചിട്ടുണ്ട്.

ഇന്ത്യന്‍ ആര്‍മിയില്‍ നിന്ന് 2017-ല്‍ ആണ് വിരമിച്ച ഇദ്ദേഹം കാര്‍ഗില്‍ യുദ്ധത്തിലും കശ്മീര്‍, മണിപ്പൂര്‍ എന്നിവിടങ്ങളില്‍ ഭീകരര്‍ക്കെതിരേയും പോരാടിയ സൈനികന്‍ കൂടിയാണ്. 2014-ല്‍ ജൂനിയര്‍ കമ്മീഷന്‍ഡ് ഓഫീസറായി ഉയര്‍ത്തിയ സനാവുള്ളയെ, ഓണററി ലെഫറ്ററന്റായും സൈന്യം ബഹുമതി നല്‍കിയിരുന്നു.

കേന്ദ്ര സര്‍ക്കാരിന്റെ ദേശീയ പൗരത്വ രജിസ്റ്റര്‍ വന്നതോടുകൂടിയാണ് രാജ്യത്തെ പൗരന്മാരെ വിദേശികളാക്കുന്ന നിലവന്നത്. 2016ലാണ് സര്‍ക്കാര്‍ പൗരത്വ (ഭേദഗതി) ബില്‍ കൊണ്ടുവരുന്നത്. മതിയായ രേഖകള്‍ സമര്‍പ്പിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ പോലും, ഇന്ത്യയില്‍ ആറു വര്‍ഷം താമസിക്കുന്ന ബംഗ്ലാദേശ്, പാകിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നും കുടിയേറിയ ഹിന്ദു, ബുദ്ധ, പാര്‍സി, ജൈന്‍, സിഖ്, ക്രിസ്ത്യന്‍ മതവിശ്വാസികള്‍ക്കു പൗരത്വം ഉറപ്പു നല്‍കുന്നതാണ് പ്രസ്തുത ബില്‍. മതിയായ രേഖകളോടെ ഇന്ത്യയില്‍ 12 വര്‍ഷം താമസിക്കുന്ന വിദേശികള്‍ക്കു മാത്രം പൗരത്വം നല്‍കുന്ന 1955-ലെ പൗരത്വ നിയമം ഭേദഗതി ചെയ്യുന്നതാണ് പുതിയ ബില്‍.

1971 മാര്‍ച്ച് 24 അര്‍ധരാത്രിക്കു മുന്‍പാണു- ബംഗ്ലാദേശ് യുദ്ധത്തിന്റെ തലേന്ന്- നിങ്ങള്‍ അല്ലെങ്കില്‍ നിങ്ങളുടെ പൂര്‍വികര്‍ ഇന്ത്യയില്‍ എത്തിയത് എന്നു തെളിയിക്കാന്‍ സാധിക്കുന്നില്ലെങ്കില്‍ നിങ്ങള്‍ വിദേശികളായി പ്രഖ്യാപിക്കപ്പെടുന്നതാണ് നിലവിലെ സ്ഥിതി.