മുംബൈ: വിമാന യാത്രക്കിടെ എയര്‍ ഇന്ത്യ ഉദ്യോഗസ്ഥനെ ചെരുപ്പൂരിയടിച്ച ശിവസേന എം.പി രവീന്ദ്ര ഗെയ്ക്ക്‌വാദിനെതിരെ വിമര്‍ശനവുമായി മുന്‍ ഇന്ത്യന്‍ താരം മുഹമ്മദ് കൈഫ്. ബിസിനസ് ക്ലാസില്‍ യാത്ര ചെയ്തതു കൊണ്ടു മാത്രം കാര്യമില്ല. സ്വഭാവം കൂടി നന്നാവണമെന്നായിരുന്നു കൈഫിന്റെ പ്രതികരണം.
” ബിസിനസ് ക്ലാസില്‍ യാത്ര ചെയ്യുന്നത് കൊണ്ട് മാത്രം ഒരു വ്യക്തിയുടെ സ്വഭാവം നന്നാവണമെന്നില്ല. സീറ്റ് താല്‍ക്കാലികം മാത്രമാണ്. ക്ലാസാണ് സ്ഥായിയാട്ടുള്ളത്.” എന്നായിരുന്നു കൈഫിന്റെ ട്വീറ്റ്.
എയര്‍ ഇന്ത്യയില്‍ മാനേജരായ കണ്ണൂര്‍ സ്വദേശി രാമന്‍ സുകുമാറിനെയാണ് ശിവസേന എംപി രവീന്ദ്ര ഗെയിക്‌വാദ് മര്‍ദിച്ചത്. 25 തവണ ചെരുപ്പുകൊണ്ട് അടിച്ചതായാണ് രാമന്‍ നല്‍കിയിരിക്കുന്ന പരാതി.
ഒരാള്‍ക്കും മറ്റൊരാളെ ശിക്ഷിക്കാനുള്ള അവകാശമില്ലെന്ന് മര്‍ദനത്തിന് ഇരയായ രാമന്‍ സുകുമാരന്‍ പറഞ്ഞു. ജനപ്രതിനിധികള്‍ മാന്യമായി പെരുമാറേണ്ടവരാണ്, ഇത്തരം പെരുമാറ്റം ശിക്ഷിക്കപ്പെടേണ്ടതാണ് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സംഭവത്തില്‍ രാമന്‍ സുകുമാറിനോട് മാപ്പ് പറയില്ലെന്ന് രവീന്ദ്ര ഗെയിക്‌വാദ് പറഞ്ഞു. എങ്ങനെ പെരുമാറണം എന്ന് ഒരു അറുപത് വയസുകാരനായ ഉദ്യോഗസ്ഥന്‍ അറിഞ്ഞിരിക്കണമെന്നും ഗെയിക്‌വാദ് പറഞ്ഞു.
നേരത്തെ, രവീന്ദ്ര ഗെയിക്‌വാദിന് എതിരെ എയര്‍ ഇന്ത്യ വധശ്രമത്തിനു കേസ് കൊടുത്തിരുന്നു. ഡല്‍ഹി എയര്‍പോര്‍ട്ട് പോലീസാണ് എംപി രവീന്ദ്ര ഗെയിക്വാദിനെ എതിരെ കേസെടുത്തത്. ഡല്‍ഹി പോലീസിന്റെ ക്രൈം ബ്രാഞ്ച് വിഭാഗം കേസ് അന്വേഷിക്കും.
സംഭവത്തെ തുടര്‍ന്ന് ഗെയ്ക്‌വാദിന് എതിരെ ഇന്ത്യന്‍ എയര്‍ലൈന്‍സ് ഫെഡറേഷന്റെ കീഴിലുള്ള എല്ലാ വിമാനസര്‍വീസുകളിലും വിലക്കേര്‍പ്പെടുത്തിയിരുന്നു. എയര്‍ ഇന്ത്യ എം.പിയെ തങ്ങളുടെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുകയാണ്. ഇതേ തുടര്‍ന്ന് ഇന്ന് എംപി മുംബൈയിലേക്ക് ട്രെയിനിലാണ് പോയത്.
വിമാനയാത്രയില്‍ ബിസിനസ് ക്ലാസിനു പകരം എക്കണോമി ക്ലാസില്‍ ഇരുത്തിയതില്‍ കുപിതനായാണ് ശിവസേന എംപി രവീന്ദ്ര ഗെയിക്‌വാദ് എയര്‍ ഇന്ത്യ ജീവനക്കാരനെ ചെരിപ്പൂരിയടിച്ചത്. വ്യാഴാഴ്ച്ചയായിരുന്നു സംഭവം