|

മണിപ്പൂരിൽ മാധ്യമ പ്രവർത്തകനെ തട്ടിക്കൊണ്ടുപോയി; മണിക്കൂറുകൾക്ക് ശേഷം വിട്ടയച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഇംഫാൽ: മണിപ്പൂരിലെ ഇംഫാൽ വെസ്റ്റ് ജില്ലയിൽ മാധ്യമപ്രവർത്തകനെ സ്വന്തം വീട്ടിൽ നിന്നും അജ്ഞാത സംഘം തട്ടിക്കൊണ്ട് പോയി. മുതിർന്ന പത്രപ്രവർത്തകൻ ലാബ യാംബെമിനെയാണ് തോക്ക് ചൂണ്ടി തട്ടിക്കൊണ്ടുപോയത്.

തട്ടിക്കൊണ്ടുപോയവർ തന്നെ പിന്നീട് ഇദ്ദേഹത്തെ വിട്ടയച്ചു. ഉച്ചയ്ക്ക് ഒരു മണിയോടെ പൊലീസ് യാംബെമിനെ കുടുംബത്തിന് കൈമാറി. മണിപ്പൂർ മുഖ്യമന്ത്രി ബിരേൻ സിങ് ഞായറാഴ്ച രാജിവച്ചതിനെത്തുടർന്ന് നിലവിലുള്ള രാഷ്ട്രീയ പ്രതിസന്ധിയെക്കുറിച്ച് സംസാരിച്ച ഒരു ടെലിവിഷൻ ടോക്ക് ഷോയിൽ പങ്കെടുത്ത് അദ്ദേഹം തിരിച്ചെത്തിയതിന് മണിക്കൂറുകൾക്ക് ശേഷമാണ് സംഭവം നടന്നതെന്ന് വിരമിച്ച സൈനിക മേജറും അദ്ദേഹത്തിന്റെ മൂത്ത സഹോദരനുമായ യാംബെം അംഗംബ മാധ്യമപ്രവർത്തകരോട് പറഞ്ഞു.

ദേശീയ ഇംഗ്ലീഷ് ദിനപത്രമായ സ്റ്റേറ്റ്‌സ്മാനിലെ പ്രത്യേക ലേഖകനാണ് 69 കാരനായ ലാബ . പുലർച്ചെ 3:30 ഓടെ 15 മുതൽ 20 വരെ തോക്കുധാരികളുള്ള ഒരു സംഘം അദ്ദേഹത്തെ തട്ടിക്കൊണ്ടുപോയി അജ്ഞാത സ്ഥലത്തേക്ക് കൊണ്ടുപോയതായി അംഗംബ പറഞ്ഞു. മണിപ്പൂരിലെ സായുധ ഗ്രൂപ്പുകളെ വിമർശിച്ചുകൊണ്ട് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിരുന്ന ഒരു പോസ്റ്റ് ഡിലീറ്റ് ചെയ്യാൻ ആവശ്യപ്പെട്ട് തീവ്രവാദികൾ അദ്ദേഹത്തിന്റെ വസതിക്ക് നേരെ നിരവധി റൗണ്ട് വെടിയുതിർത്തതിന് രണ്ട് ദിവസത്തിന് ശേഷമാണ് തട്ടിക്കൊണ്ടുപോകൽ നടന്നത്.

മണിപ്പൂർ മനുഷ്യാവകാശ കമ്മീഷൻ മുൻ അംഗമാണ് ലാബ . മുഖ്യമന്ത്രി ബിരേൻ സിങ് രാജിവച്ചതിനെത്തുടർന്നുള്ള നിലവിലെ രാഷ്ട്രീയ പ്രതിസന്ധിയെക്കുറിച്ചും, മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള മത്സരാർത്ഥികളെക്കുറിച്ചും, മണിപ്പൂരിലെ നിലവിലെ സംഘർഷത്തെക്കുറിച്ചും ഒരു വാർത്താ ചാനലിന്റെ ടോക്ക് ഷോയിൽ പങ്കെടുത്തതിന് ശേഷം രാത്രി 9 മണിയോടെയാണ് ലാബ വീട്ടിലേക്ക് മടങ്ങിയതെന്ന് അംഗംബ പറഞ്ഞു.

‘അദ്ദേഹത്തെ തട്ടിക്കൊണ്ടുപോയവർ അദ്ദേഹം പറഞ്ഞതിൽ അതൃപ്തരായിരിക്കാം. പക്ഷേ അദ്ദേഹം പറഞ്ഞതെല്ലാം മാധ്യമപ്രവർത്തകരുടെ ധാർമ്മികതയ്ക്ക് അനുസൃതമായിരുന്നു, സമൂഹത്തെയും രാജ്യത്തെയും സംബന്ധിച്ച വിഷയങ്ങളെക്കുറിച്ച് എഴുതാനും സംസാരിക്കാനും പത്രപ്രവർത്തകന് അവകാശമുണ്ട്,” അംഗംബ പറഞ്ഞു. കുടുംബം എഫ്‌.ഐ.ആർ രജിസ്റ്റർ ചെയ്തതിന് ശേഷം ചൊവ്വാഴ്ച രാവിലെ പൊലീസ് അദ്ദേഹത്തിന്റെ വീട് സന്ദർശിച്ചു.

‘മുമ്പും അദ്ദേഹത്തിന്റെ വീട് ആക്രമിക്കപ്പെട്ടിട്ടുണ്ട്. മണിപ്പൂരിലെ ചില ഘടകങ്ങൾ മാധ്യമപ്രവർത്തകർ സ്വതന്ത്രമായും നീതിപൂർവ്വമായും പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നില്ലെന്ന് തോന്നുന്നു,’ അംഗംബ പറഞ്ഞു.

ഞായറാഴ്ച മുഖ്യമന്ത്രി എൻ. ബിരേൻ സിങ് രാജിവച്ചതിനെത്തുടർന്ന് മണിപ്പൂരിൽ ഉണ്ടായ രാഷ്ട്രീയ പ്രതിസന്ധിക്കിടെയാണ് സംഭവം. സംഘർഷഭരിതമായ സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഒഴിവാക്കുന്നതിന് ബിരേന് പകരം സമവായ സ്ഥാനാർത്ഥിയെ ബി.ജെ.പി തേടിക്കൊണ്ടിരിക്കുകയാണ്.

Content Highlight: Veteran journalist Yambem Laba abducted by gunmen hours after TV talk show, released

Video Stories