ചെന്നൈ: മുതിര്‍ന്ന കമ്യൂണിസ്റ്റ് നേതാവ് എന്‍. ശങ്കരയ്യയ്ക്ക് നൂറ് വയസ്സ്. സി.പി.ഐ.എമ്മിന്റെ പിറവിക്കു കാരണക്കാരിലൊരാളാണ് ശങ്കരയ്യ. ത്യാഗോജ്ജ്വലമായ ജീവിതത്തിലൂടെ ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിനെ വളര്‍ത്തിയ സഖാവെന്ന് പറഞ്ഞാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ അദ്ദേഹത്തിന് ജന്മദിനാശംസകള്‍ നേര്‍ന്നത്.
‘ത്യാഗോജ്ജ്വലമായ ജീവിതത്തിലൂടെ ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിനെ വളര്‍ത്തിയ സഖാവ് എന്‍. ശങ്കരയ്യയുടെ നൂറാം ജന്മദിനമാണിന്ന്. അടിസ്ഥാന വര്‍ഗത്തിന്റെ വിമോചനത്തിനായി സഖാവ് നടത്തിയ പോരാട്ടങ്ങള്‍ ഇന്ത്യയിലെ ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ക്ക് എക്കാലവും പ്രചോദനമായിരിക്കും. സഖാവ് ശങ്കരയ്യക്ക് ഹൃദയപൂര്‍വം ജന്മദിനാശംസകള്‍ നേരുന്നു,’ മുഖ്യമന്ത്രി ഫേസ്ബുക്കില്‍ എഴുതി.
സി.പി.ഐ.എം. ജനറല്‍ സെക്രട്ടറി സീതാറം യെച്ചൂരി തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ എന്നിവര്‍ അദ്ദേഹത്തിന്റെ വീട്ടിലെത്തി പിറന്നാള്‍ ആശംസകള്‍ നേര്‍ന്നു.
57 വര്‍ഷങ്ങള്‍ക്ക് മുമ്പ് 1964ല്‍ സി.പി.ഐ. ദേശീയ കൗണ്‌സിലില്‍ നിന്ന് ഇറങ്ങിവന്ന 32 പേരില്‍ ഒരാളായിരുന്നു ശങ്കരയ്യ. അന്ന് യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോയി സി.പി.ഐ.എമ്മിന് രൂപം നല്‍കിയവരില്‍ ശങ്കരയ്യയും വി.എസ്. അച്യുതാനന്ദനും മാത്രമാണ് ഇപ്പോള്‍ ജീവിച്ചിരിക്കുന്നത്.