| Sunday, 1st December 2019, 10:13 am

പൊലീസിനെതിരെ മുദ്രാവാക്യം വിളികളും ചെരുപ്പേറും; വെറ്റിനറി ഡോക്ടറുടെ മരണത്തില്‍ പ്രതിഷേധം കനക്കുന്നു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഹൈദരാബാദ്: വനിതാ വെറ്റിനറി ഡോക്ടറെ ലൈംഗികമായി ആക്രമിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ പൊലീസിനെതിരെ പ്രതിഷേധം കനക്കുന്നു. പെണ്‍കുട്ടിയ്ക്ക് നീതിയാവശ്യപ്പെട്ട് ശനിയാഴ്ച നൂറുകണക്കിനാളുകളാണ് രംഗ റെഡ്ഡി ജില്ലയിലെ ശദ്‌നഗര്‍ പൊലീസ് സ്റ്റേഷനിലേക്ക് പ്രതിഷേധവുമായി എത്തിയത്.

വ്യാഴാഴ്ച രാവിലെയാണ് ഹൈദരാബാദ്-ബെംഗളൂരു ഹൈവേയ്ക്ക് സമീപം യുവതിയുടെ കത്തിക്കരിഞ്ഞ ശരീരം കണ്ടെടുത്തത്.

ശദ്‌നഗര്‍ പൊലീസ് സ്റ്റേഷനിലേക്ക് കടക്കുന്നത് തടഞ്ഞുകൊണ്ട് പ്രതിഷേധക്കാര്‍ മുദ്രാവാക്യം ഉയര്‍ത്തുകയും പൊലീസുകാര്‍ക്കു നേരെ കല്ലും ചെരിപ്പും എറിഞ്ഞു.

‘പ്രതികളെ തങ്ങള്‍ക്ക് വിട്ടുതരണമെന്ന് ആവശ്യപ്പെട്ട പ്രതിഷേധക്കാരെ പൊലീസുകാര്‍ തള്ളിമാറ്റുകയായിരുന്നു. അവര്‍ ഇരയോട് കാണിച്ച അതേ രീതിയില്‍ തന്നെ അവരെയും ശിക്ഷിക്കണം’, ‘അത് നിങ്ങള്‍ ചെയ്യുന്നില്ലെങ്കില്‍ അവരെ ഞങ്ങള്‍ക്ക് വിട്ടു തരൂ’ പ്രതിഷേധക്കാര്‍ പറഞ്ഞു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

‘ഞങ്ങള്‍ക്ക് നീതി വേണം’ എന്ന മുദ്രാവാക്യവുമായി നിരവധി സ്ത്രീകളും പെണ്‍കുട്ടികളും പൊലീസ് സ്റ്റേഷന്റെ മുമ്പില്‍ കുത്തിയിരുന്നു.

‘സംഭവം കേട്ട് എല്ലാവരും തരിച്ചിരിക്കുകയാണ്. ഞങ്ങള്‍ക്ക് ഇപ്പോഴും ആ വേദനയില്‍ നിന്നും പുറത്തുകടക്കാന്‍ കഴിഞ്ഞിട്ടില്ല’. ആക്ടിവിസ്റ്റ് സന്ധ്യാ റാണി പറഞ്ഞു.

കേസുമായി ബന്ധപ്പെട്ട് നാലുപേരെ നിലവില്‍ അറസ്റ്റുചെയ്തിട്ടുണ്ട്. അവരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. കനത്ത പൊലീസ് സുരക്ഷയില്‍ അവരെ ശദ്‌നഗര്‍ പൊലീസ് സ്റ്റേഷനില്‍ നിന്നും ചഞ്ചല്‍ഗുഡ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി.

സര്‍ക്കാര്‍ സ്‌കൂളുകളിലെ വിദ്യാര്‍ത്ഥികളും വെള്ളിയാഴ്ച ഷംഷാബാദില്‍ പ്രതിഷേധമാര്‍ച്ച് സംഘടിപ്പിച്ചിരുന്നു.

യുവതിയുടെ കൊലപാതകത്തില്‍ അതിവേഗ കോടതി സ്ഥാപിച്ച് വിചാരണ നടത്തി നീതി ലഭിക്കുമെന്ന് ഉറപ്പാക്കാന്‍ എല്ലാ കാര്യങ്ങളും ചെയ്യുമെന്ന് തെലങ്കാന ഗവര്‍ണര്‍ തമിഴിസൈ സൗന്ദരരാജന്‍ ഇരയുടെ കുടുംബത്തിന് ഉറപ്പ് നല്‍കി.

അന്വേഷണത്തില്‍ പൊലീസിന് വീഴ്ച പറ്റിയിട്ടുണ്ടെന്നും കൃത്യമായ അന്വേഷണം നടത്തിയിരുന്നെങ്കില്‍ തന്റെ മകളെ രക്ഷിക്കാമായിരുന്നെന്നും യുവതിയുടെ അമ്മ പറഞ്ഞിരുന്നു. തങ്ങളുടെ പരാതിയെ വളരെ നിസാരമായാണ് പൊലീസ് കണ്ടതെന്നും മാതാപിതാക്കള്‍ പറഞ്ഞിരുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ബുധനാഴ്ച വൈകീട്ട് ഡ്യൂട്ടി കഴിഞ്ഞ് തിരികെ പോകുമ്പോഴാണ് പ്രതികള്‍ യുവതിയെ ആക്രമിച്ചത്. ലൈംഗികാക്രമണത്തിന് ഇരയാക്കിയ ശേഷം അക്രമികള്‍ 27 കാരിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയെന്നാണ് പൊലീസ് പറയുന്നത്.

Latest Stories

We use cookies to give you the best possible experience. Learn more