| Monday, 22nd June 2015, 10:31 am

മുംബൈ തീരത്ത് ചരക്ക് കപ്പല്‍ അപകടത്തില്‍; 19 പേരെ രക്ഷപ്പെടുത്തി

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: മുംബൈ തീരത്ത് ചരക്കു കപ്പല്‍ മുങ്ങുന്നു. മുംബൈ തുറമുഖത്ത് നിന്ന് 40 നോട്ടിക്കല്‍ മൈല്‍ അകലെയാണ് “ജിന്‍ഡാല്‍ കാമാക്ഷി” എന്ന കപ്പല്‍ മുങ്ങിക്കൊണ്ടിരിക്കുന്നത്. കപ്പല്‍ മുങ്ങുന്നതിന്റെ കാരണം വ്യക്തമല്ല. കപ്പലില്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നതിനായി നാവികസേന ഹെലികോപ്റ്ററുകള്‍ അയച്ചിട്ടുണ്ട്. കപ്പലിലെ 19 ജീവനക്കാരെ നാവിക സേന ഹെലികോപ്റ്ററില്‍ രക്ഷപ്പെടുത്തി.

മോശം കാലാവസ്ഥക്കിടയിലും അതിസാഹസികമായിട്ടാണ് നാവികസേനയുടെ സീ കിങ്ങ് 42 സി ഹെലികോപ്റ്റര്‍ രക്ഷാപ്രവര്‍ത്തനം നടത്തിയത്. ഞായറാഴ്ച രാത്രിയാണ് കപ്പല്‍ മുങ്ങുന്നെന്ന അപായസന്ദേശം നാവികസേനയ്ക്ക് ലഭിച്ചത്.

അതേസമയം മുബൈ തീരത്തെ കടല്‍ പ്രക്ഷുബ്ദാവസ്ഥയിലാണ്. മുങ്ങലിനെ പ്രതിരോധിക്കാനുള്ള സംവിധാനമുള്ളതിനാല്‍ നിലവില്‍ കപ്പല്‍ കടലില്‍ സുരക്ഷിതമായി നില്‍ക്കുകയാണെന്ന് പ്രതിരോധ വകുപ്പ് വക്താവ് അറിയിച്ചു. അതേസമയം കടലിലെ സ്ഥിതിഗതികള്‍ സേന നിരീക്ഷിച്ചു വരികയാണ്. സാഹചര്യം സങ്കീര്‍ണമാകുന്നതിനുമുമ്പ് കപ്പല്‍ കാലിയാക്കാനുള്ള ശ്രമത്തിലാണ് അധികൃതര്‍.

We use cookies to give you the best possible experience. Learn more