നിങ്ങളുടെ കൂട്ടാളികളായ അംബാനിക്കും അദാനിക്കും കൃഷിക്കാരെയും കൃഷിയും കൈമാറാനുള്ള ക്രൂരതയാണ് ഇതിന് കാരണം; കര്‍ഷകന്റെ ആത്മഹത്യയില്‍ കേന്ദ്രത്തിനെതിരെ ഭൂഷണ്‍
ന്യൂദല്‍ഹി: കര്‍ഷക പ്രതിഷേധത്തിനിടെ ഗാസിപ്പൂര്‍ അതിര്‍ത്തിയില്‍ കര്‍ഷകന്‍ ആത്മഹത്യ ചെയ്തതിന് പിന്നാലെ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍.
സര്‍ക്കാരിന്റെ കൂട്ടാളികളായ അംബാനിക്കും അദാനിക്കും കാര്‍ഷിക മേഖല ഏല്‍പ്പിച്ചുകൊടുക്കാനുള്ള ശ്രമമാണ് ഈ ദാരുണ സംഭവത്തിന് കാരണമെന്ന് പ്രശാന്ത് ഭൂഷണ്‍ ചൂണ്ടിക്കാട്ടി.
‘ വളരെ ദാരുണമാണ്. കൃഷിക്കാരെയും കൃഷിയെയും തങ്ങളുടെ കൂട്ടാളികളായ അംബാനി, അദാനി എന്നിവര്‍ക്ക് കൈമാറാനും കര്‍ഷകരെ ഖാലിസ്ഥാനി എന്ന് വിളിക്കാനും ആഗ്രഹിക്കുന്ന ഈ ക്രൂരത നിറഞ്ഞ സര്‍ക്കാരിന് ഈ ദുരന്തത്തിന് ഉത്തരവാദിത്തമുണ്ട്” പ്രശാന്ത് ഭൂഷണ്‍ പറഞ്ഞു.
ശനിയാഴ്ചയാണ് ദല്‍ഹി അതിര്‍ത്തിയില്‍ സമരം ചെയ്യുന്ന കര്‍ഷകന്‍ ആത്മഹത്യ ചെയ്തത്. കര്‍ഷക നിയമത്തിനെതിരെ പ്രതിഷേധിച്ചാണ് ആത്മഹത്യയെന്ന് വ്യക്തമാക്കുന്ന കുറിപ്പും കണ്ടെത്തിയിരുന്നു.
ഉത്തര്‍പ്രദേശിലെ രാംപുര്‍ ജില്ലയില്‍നിന്നുള്ള കാഷ്മിര്‍ സിങ് (75) ആണ് മരിച്ചത്.സമരസ്ഥലത്തിനടുത്ത് ഒരു ശൗചാലയത്തില്‍ തൂങ്ങി മരിച്ച നിലയില്‍ ഇദ്ദേഹത്തെ കണ്ടെത്തുകയായിരുന്നു.
കാര്‍ഷിക നിയമങ്ങള്‍ അടിച്ചേല്‍പ്പിക്കുന്ന കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷമായ വിമര്‍ശനം ഉന്നയിച്ചുകൊണ്ടുള്ള ആത്മഹത്യാ കുറിപ്പാണ് കണ്ടെത്തിയതെന്ന് ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്തു. 38 ദിവസങ്ങളായി തുടരുന്ന കര്‍ഷക സമരത്തിനിടെ ഇതുവരെ 30ല്‍ അധികം കര്‍ഷകര്‍ വിവിധ കാരണങ്ങളാല്‍ മരിച്ചിട്ടുണ്ട്. കഴിഞ്ഞ മാസം സിംഗു അതിര്‍ത്തിയില്‍ ഹരിയാണയില്‍നിന്നുള്ള ഒരു പുരോഹിതന്‍ സ്വയം നിറയൊഴിച്ച് മരിച്ചിരുന്നു.
പോലീസ് ഇതുവരെ ആത്മഹത്യയ്ക്കുള്ള കാരണം സ്ഥിരീകരിച്ചിട്ടില്ല. മൃതദേഹം സമരസ്ഥലത്തുതന്നെ അടക്കംചെയ്യണമെന്നും ആത്മഹത്യാ കുറിപ്പില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക