ന്യൂദല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി നേടിയ വമ്പന്‍ വിജയത്തിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷായേയും അഭിനന്ദിച്ച് നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഉമര്‍ അബ്ദുള്ള.
അമിത് ഷായും മോദിയും ചേര്‍ന്ന് നടത്തിയ പ്രൊഫഷണല്‍ കാമ്പയിനാണ് വിജയത്തിന് പിന്നിലെന്നായിരുന്നു ഉമര്‍ അബ്ദുള്ള പറഞ്ഞത്.
” ഒടുവില്‍ എക്‌സിറ്റ് പോളുകള്‍ കൃത്യമായിരിക്കുന്നു. ഇത്രയും മികച്ച പ്രകടത്തിന്റെ പശ്ചാത്തലത്തില്‍ ബി.ജെ.പിയെയും എന്‍.ഡി.എയേയും അഭിനന്ദിക്കുക എന്നതാണ് ഇനി ചെയ്യാനുള്ളത്. എല്ലാ ക്രഡിറ്റും പ്രധാനമന്ത്രി നരേന്ദ്രമോദിക്കും അധ്യക്ഷന്‍ അമിത് ഷായ്ക്കും നല്‍കുന്നു. അടുത്ത അഞ്ച് വര്‍ഷത്തേക്ക് കൂടി ഭരിക്കാനുള്ള വിജയം അവര്‍ നേടിയിരിക്കുന്നു”- ഉമര്‍ അബ്ദുള്ള പറഞ്ഞു.
എന്‍.ഡി.എയ്ക്ക് 300 സീറ്റുകളായിരുന്നു എക്‌സിറ്റ് പോള്‍ പ്രവചിച്ചത്. എക്‌സിറ്റ് പോളുകള്‍ പുറത്തുവന്നതിന് പിന്നാലെ നിരാശ പങ്കുവെച്ച് ഉമര്‍ അബ്ദുള്ള രംഗത്തെത്തിയിരുന്നു. ” എക്‌സിറ്റ് പോളുകള്‍ തെറ്റാറില്ല. ടെലിവിഷന്‍ ഓഫ് ചെയ്യാനും സോഷ്യല്‍ മീഡിയ ലോഗ് ഔട്ട് ചെയ്യാനുമുള്ള സമയമായി. 23 നും ഭൂമി അതിന്റെ അച്യുതണ്ടില്‍ കറങ്ങുമോ എന്ന് നോക്കാം”- എന്നായിരുന്നു ഉമര്‍ അബ്ദുള്ള അന്ന് ട്വിറ്ററില്‍ കുറിച്ചത്.
2014 ലെ തെരഞ്ഞെടുപ്പിനേക്കാള്‍ മികച്ച പ്രകടനമാണ് ബി.ജെ.പി ഇത്തവണ നടത്തിയത്. 299 സീറ്റുകളിലാണ് ഇതുവരെ പാര്‍ട്ടി മുന്നേറുന്നത്. എന്‍.ഡി.എയ്ക്ക് 348 സീറ്റുകളാണ് ലഭിച്ചത്. 89 സീറ്റുകളാണ് യു.പി.എയ്ക്ക് ലഭിച്ചത്.