നമ്മള്‍, ഭാരതത്തിലെ ജനങ്ങള്‍, ഭാരതത്തെ ഒരു പരമാധികാര-സ്ഥിതിസമത്വ-മതനിരപേക്ഷ-ജനാധിപത്യ-റിപ്പബ്ലിക്കായി സംവിധാനം ചെയ്യുന്നതിനും ഭാരതത്തിലെ എല്ലാ പൗരന്മാര്‍ക്കും സാമൂഹികവും സാമ്പത്തികവും രാഷ്ട്രീയവുമായ നീതി, ചിന്ത, ആശയാവിഷ്‌കാരം, വിശ്വാസം, ഭക്തി, ആരാധന എന്നിവയ്ക്കുള്ള സ്വാതന്ത്ര്യം, സ്ഥാനമാനങ്ങള്‍, അവസരങ്ങള്‍ എന്നിവയിലുള്ള സമത്വം, എന്നിവ ഉറപ്പുവരുത്തുന്നതിനും വ്യക്തിയുടെ അന്തസ്സും രാഷ്ട്രത്തിന്റെ ഐക്യവും അഖണ്ഡതയും ഉറപ്പുവരുത്തുന്ന ഭ്രാതൃഭാവം എല്ലാവരിലും വളര്‍ത്തുന്നതിനും ദൃഢനിശ്ചയം ചെയ്തുകൊണ്ട് നമ്മുടെ ഭരണഘടനാസഭയില്‍വച്ച്, 1949 നവംബറിന്റെ ഈ ഇരുപത്തിയാറാം ദിവസം, ഈ ഭരണഘടനയെ ഏതദ്ദ്വാരാ അംഗീകരിക്കുകയും അധിനിയമമാക്കുകയും നമുക്കായിത്തന്നെ സമര്‍പ്പിക്കുകയും ചെയ്യുന്നു.
ഇന്ത്യന്‍ ഭരണഘടനയുടെ ആമുഖത്തിലെ വാക്യമാണിത്. ഭരണഘടനയും ഭരണഘടനാ മൂല്യങ്ങളും നിരന്തരം ആക്രമിക്കപ്പെടുകയും അട്ടിമറിക്കപ്പെടുകയും ചെയ്യുന്ന കാലത്താണ് സാമൂഹികവും സാമ്പത്തികവുമായ നീതി ഏതൊക്കെ വിഭാഗങ്ങള്‍ക്ക് ലഭിച്ചുവെന്നതും സംവരണമെന്ന ആശയം എത്രത്തോളം പാലിക്കപ്പെട്ടുവെന്നും ചര്‍ച്ചയാകുന്നത്.
നവോത്ഥാന പാരമ്പര്യത്തിന്റെ ഹുങ്ക് പേറുന്ന കേരളത്തില്‍ ദളിതരോടുള്ള അവഗണന മറ്റ് സംസ്ഥാനങ്ങളിലേത് പോലെ പ്രത്യക്ഷത്തില്‍ ദൃശ്യമല്ലാത്തതു കൊണ്ട് മുന്നാക്ക സാമ്പത്തിക സംവരണം പോലുള്ള അറുപിന്തിരിപ്പന്‍ നയങ്ങളെ പിന്തുണക്കുന്നതും രാഷ്ട്രീയമായ എതിര്‍പ്പിനിടയിലും പാര്‍ലമെന്റില്‍ സംഘപരിവാറിന്റെ ആശയത്തെ ഒറ്റക്കെട്ടായി ജയിപ്പിച്ച് വിടുന്നതുമൊന്നും വാര്‍ത്തയാകില്ല.
മുന്നാക്ക സാമ്പത്തിക സംവരണം എന്ന “നയം” ഇടതുപക്ഷം നേരത്തെ പറഞ്ഞിട്ടുള്ളതാണെന്ന് പറഞ്ഞ് അവകാശവാദങ്ങളുമായി കേരളത്തിന്റെ ഇടത് മുഖ്യമന്ത്രിയും മന്ത്രിമാരും തന്നെ മുന്നോട്ടുവരുമ്പോള്‍ സര്‍ക്കാര്‍ ശമ്പളം കൊടുക്കുന്ന തൊഴില്‍ മേഖലകളില്‍ എത്രത്തോളം ദളിത് പ്രാതിനിധ്യം ഉണ്ടെന്നതും പരിശോധിക്കേണ്ടതുണ്ട്.
സര്‍ക്കാര്‍ സര്‍വീസിലേക്കുള്ള നിയമനങ്ങള്‍ നീതിപൂര്‍വവും സ്വതന്ത്രവുമായി നിര്‍വഹിക്കുവാന്‍ പ്രാപ്തമായ ഭരണഘടനാ വ്യവസ്ഥകള്‍ നിലവിലുള്ള ഒരു രാജ്യമാണ് നമ്മുടേത്. ഉദ്യോഗ നിയമനങ്ങള്‍ ബാഹ്യശക്തികളുടെ സ്വാധീനത്തിന് വിധേയമാകാതെയും സ്വജനപക്ഷപാതം, അഴിമതി തുടങ്ങിയ സാമൂഹിക തിന്മകള്‍ക്ക് അതീതമായും പ്രവര്‍ത്തിക്കുവാന്‍ കേന്ദ്രത്തില്‍ യൂനിയന്‍ പബ്ലിക് സര്‍വീസ് കമ്മീഷനും സംസ്ഥാനങ്ങളില്‍ ഓരോ പബ്ലിക് സര്‍വീസ് കമ്മീഷനുകളും നിലവിലുണ്ട്. ഭരണഘടന വിഭാവനം ചെയ്യുന്ന അവസരസമത്വം പൗരന്മാര്‍ക്ക് പ്രദാനം ചെയ്യുന്നതോടൊപ്പം സംവരണ തത്വങ്ങള്‍ പാലിച്ചുകൊണ്ട് അര്‍ഹരായ എല്ലാ വിഭാഗം ആളുകള്‍ക്കും സാമൂഹിക നീതി ഉറപ്പുവരുത്തുകയെന്നത് സര്‍ക്കാറിന്റെയും പബ്ലിക് സര്‍വീസ് കമ്മീഷന്റെയും കര്‍ത്തവ്യമാണ്.
2011ലെ സെന്‍സസ് കണക്ക് പ്രകാരം കേരള ജനസംഖ്യയില്‍ 55.5 ശതമാനം ഹിന്ദുക്കളും 26.5 ശതമാനം മുസ്ലിംങ്ങളും 18 ശതമാനം ക്രിസ്ത്യാനികളുമാണ്. ഹിന്ദുക്കളില്‍ 12 ശതമാനത്തോളം പട്ടികവിഭാഗങ്ങളും ശേഷിക്കുന്നവരില്‍ 22 ശതമാനം ഈഴവരും 11 ശതമാനം നായരും ഒരു ശതമാനം മറ്റ് മുന്നാക്ക ഹിന്ദുക്കളുമാണ്.
കേരളത്തിലെ സര്‍ക്കാര്‍ ജോലികളില്‍ ഓരോ ജാതിക്കും എത്ര പ്രാതിനിധ്യം ഉണ്ട് എന്ന് ആധികാരികമായി പഠിച്ച് തയാറാക്കിയ റിപ്പോര്‍ട്ടാണു ജസ്റ്റിസ് നരേന്ദ്രന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട്. അത് അനുസരിച്ച് പിന്നാക്ക വിഭാഗങ്ങള്‍ക്ക് ആകെ സര്‍ക്കാര്‍ ജോലിയുടെ 48% ആണു പ്രാതിനിധ്യം ഉള്ളത്. അതില്‍ ഈഴവര്‍ക്ക് ആകെ സര്‍ക്കാര്‍ ജോലിയുടെ 20%. മുസ്ലീങ്ങള്‍ക്ക് ആകെ സര്‍ക്കാര്‍ ജോലിയുടെ 10.5 %. (പത്ത് ശതമാനം സംവരണം ഉണ്ടായിട്ടാണു ഇത്). 4% സംവരണം ഉള്ള ലത്തീന്‍ കത്തോലിക്കര്‍ക്ക് ആകെ സര്‍ക്കാര്‍ ജോലിയുടെ 3.16%. മുന്നോക്കക്കാര്‍ക്ക് 38.8%.
(ജസ്റ്റിസ് നരേന്ദ്രന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് ഇവിടെ വായിക്കാം)
അതായത് സവര്‍ണ്ണ വിഭാഗങ്ങളുടെ സര്‍ക്കാര്‍ ജോലിയിലുള്ള അനുപാതം, സംവരണം നിലനില്‍ക്കേതന്നെ, അവരുടെ ജനസംഖ്യാ അനുപാതത്തിലും ഉയര്‍ന്ന അളവിലാണ്. ഒ.ബി.സി.കള്‍ക്ക് സംവരണം ഉണ്ടായിട്ടു പോലും സര്‍ക്കാര്‍ ജോലിയിലുള്ള പ്രാതിനിധ്യം അവരുടെ ജനസംഖ്യാ അനുപാതത്തിനു താഴെയാണ്.
ഇത് സര്‍ക്കാര്‍ ജോലിയുടെ കാര്യമാണ്. സ്വകാര്യ മേഖലയിലെ ജോലിയുടെ കാര്യമെടുത്താല്‍ സവര്‍ണ്ണജാതികളുടെ അനുപാതം ഇതിലും കൂടിയിരിക്കുന്നത് കാണാം.
ദളിതനെ ശാന്തിക്കാരനാക്കി, ദേവസ്വം ബോര്‍ഡിലേക്ക് നോ എന്‍ട്രി
ക്ഷേത്രങ്ങളില്‍ ശാന്തിക്കാരായ ദളിത് പൂജാരിമാരെ നിയമിച്ച അതേ സര്‍ക്കാര്‍ തന്നെയാണ് ദേവസ്വം ബോര്‍ഡില്‍ മുന്നാക്കസംവരണം എന്ന നയവും നടപ്പാക്കുന്നത്. ഒറ്റനോട്ടത്തില്‍ ഇതിലെ വിരോധാഭാസം ദൃശ്യമാകില്ലെങ്കിലും ദേവസ്വം ബോര്‍ഡിലെ ജീവനക്കാരില്‍ ദളിതരുടെ എണ്ണം പരിശോധിക്കുമ്പോഴാണ് സര്‍ക്കാരിന്റെ ബാലന്‍സിംഗ് നയത്തിന്റെ അപ്രായോഗികത വ്യക്തമാകുന്നത്.
ദേവസ്വംബോര്‍ഡ് നിയമനത്തില്‍ മുന്നാക്കജാതിക്കാരിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് 10 ശതമാനം സംവരണം ഏര്‍പ്പെടുത്താന്‍ 2017 ല്‍ സര്‍ക്കാര്‍ എടുത്ത തീരുമാനം ഐതിഹാസികമാണെന്നായിരുന്നു ദേവസ്വം മന്ത്രി കടകംപള്ളി അവകാശപ്പെട്ടിരുന്നത്.
“”ഇത് സി.പി.ഐ.എമ്മിന്റെയും ഇടതുമുന്നണിയുടെയും പ്രഖ്യാപിത നയമാണ്. സംസ്ഥാനത്തെ 5 ദേവസ്വം ബോര്‍ഡുകളില്‍ കേരള ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡ് വഴി നടത്തുന്ന നിയമനങ്ങളില്‍ പുതുക്കിയ സംവരണരീതി പ്രാബല്യത്തില്‍ വന്നിട്ടുണ്ട്.””
ALSO READ: നവ കേരള നിര്‍മ്മാണത്തിന്റെ ബാലന്‍സ് ഷീറ്റ്
നിലവില്‍ സംവരണമുള്ള സമുദായങ്ങള്‍ക്ക് സംവരണതോത് വര്‍ദ്ധിപ്പിച്ചിരുന്നു. ഈഴവ സമുദായത്തിന് സംവരണം 14 ശതമാനത്തില്‍ നിന്ന് 17 ശതമാനവും 10 ശതമാനം സംവരണമുണ്ടായിരുന്ന പട്ടികജാതി-പട്ടികവര്‍ഗ വിഭാഗത്തിന് 12 ശതമാനവും ആക്കി വര്‍ധിപ്പിച്ചു. അഹിന്ദുക്കള്‍ക്ക് ദേവസ്വം ബോര്‍ഡുകളില്‍ നിയമനം നല്‍കാത്തതിനാല്‍ അവര്‍ക്കുള്ള 18 ശതമാനം സംവരണം ഓപ്പണ്‍ മെറിറ്റിലേക്ക് മാറിയിരുന്നു.
ആ 18 ശതമാനം സംവരണം ആനുപാതികമായി പിന്നാക്കവിഭാഗങ്ങള്‍ക്കും പട്ടികജാതി/പട്ടികവര്‍ഗക്കാര്‍ക്കും വര്‍ധിപ്പിച്ചു നല്‍കുന്നതിനൊപ്പം മുന്നോക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി വളരെ പിന്നാക്കം നില്‍ക്കുന്നവര്‍ക്കുകൂടി നിശ്ചിത ശതമാനം സംവരണം നല്‍കാനാണ് തീരുമാനിച്ചത്. ഓപ്പണ്‍ വിഭാഗത്തിലേക്ക് പോയ 18 ശതമാനം തിരിച്ചെടുത്ത് അതില്‍ 8 ശതമാനം പിന്നാക്കക്കാര്‍ക്ക് നല്‍കിയതാണോ സംവരണവിരുദ്ധ നടപടി എന്നാണ് കടകംപള്ളി ചോദിക്കുന്നത്.
എന്നാല്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിലെ ജീവനക്കാരില്‍ 96 ശതമാനവും മുന്നോക്ക സമുദായക്കാരാണ് എന്ന് ആ സമയത്ത് തന്നെ കേരള കൗമുദി ദിനപത്രം റിപ്പോര്‍ട്ട് ചെയ്തിരുന്നു.
മൊത്തം 6120 ജീവനക്കാരുള്ളതില്‍ 5870 പേരും മുന്നോക്ക സമുദായക്കാരാണ്. 95.91 ശതമാനം. ഈ മുന്നാക്കക്കാര്‍ നായര്‍, ബ്രാഹ്മണ സമുദായങ്ങളില്‍പ്പെട്ടവരാണ്. അതില്‍ 5020 പേര്‍ നായര്‍ സമുദായത്തില്‍പ്പെട്ടവര്‍. മൊത്തം ജീവനക്കാരുടെ (82.02 ശതമാനം). 850 ജീവനക്കാര്‍ ബ്രാഹ്മണരാണ്. (13.88 ശതമാനം). ഈഴവര്‍ 207 (3.38 ശതമാനം) പട്ടികജാതിക്കാര്‍ 20 (0.32 ശതമാനം) എന്നിങ്ങനെയാണ് കണക്കുകള്‍.
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴില്‍ 1251 ക്ഷേത്രങ്ങളുണ്ട്. ഇതില്‍ 17 എണ്ണം മഹാക്ഷേത്രങ്ങളാണ്. ശബരിമലയിലെയും മഹാക്ഷേത്രങ്ങളിലെയും വരുമാനത്തില്‍ നിന്നാണ് ബോര്‍ഡ് ജീവനക്കാര്‍ക്ക് ശമ്പളം നല്‍കുന്നത്. വര്‍ഷം 420 കോടി രൂപയാണ് ശമ്പളത്തിനും പെന്‍ഷനുമായി വേണ്ടത്. ഇതില്‍ 250 കോടിയോളം ശബരിമലയില്‍ നിന്നുള്ള വിഹിതമാണ്.
കൊച്ചിന്‍ ദേവസ്വം ബോര്‍ഡിലെ ജീവനക്കാരില്‍ 75 ശതമാനം മുന്നാക്ക ഹിന്ദു വിഭാഗക്കാരാണ്. ദേവസ്വം ബോര്‍ഡിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അധ്യാപകരും ജീവനക്കാരും സിംഹഭാഗവും മുന്നോക്കക്കാരാണ്.
ALSO READ: കര്‍ത്താവിന്റെ വിപ്ലവം തന്റേതാക്കിയ കന്യാസ്ത്രീ; സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കല്‍ സംസാരിക്കുന്നു
മാറി മാറി വന്ന സര്‍ക്കാരുകള്‍ വാഗ്ദാനം പാലിക്കാന്‍ തയ്യാറാകാതിരുന്നതാണ് ഇത്തരമൊരു അവസ്ഥയിലേക്ക് കൊണ്ടെത്തിച്ചതെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ അംഗവും എസ്.എന്‍.ഡി.പി നേതാവുമായ സുഭാഷ് വാസു ഡൂള്‍ന്യൂസിനോട് പറഞ്ഞു.
“തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിലെ ആറായിരത്തോളം ജീവനക്കാരില്‍ അയ്യായിരത്തോളം പേരും ഒരു സമുദായത്തില്‍ (നായര്‍) നിന്നുള്ളവരായിരുന്നു. ഇനി വരും കാലങ്ങളില്‍ ആ കുറവ് ഇല്ലാത്ത രീതിയില്‍ പരിഹരിക്കപ്പെടണം. അതായത് ഏതൊക്കെ സമുദായത്തിനകത്ത് ഈ സംവരണ പ്രകാരം അവസരം കിട്ടാതെ വന്നിട്ടുണ്ടോ അങ്ങനെയുള്ളവരെ ഉള്‍പ്പെടുത്തി ആ കുറവ് പരിഹരിക്കണം.””- സുഭാഷ് വാസു പറയുന്നു.
സംവരണം കൊടുത്ത് ദളിത് പ്രാതിനിധ്യം കൊണ്ടുവരാന്‍ ശ്രമിച്ചാലും ചില ന്യൂനതകള്‍ പരിഹരിക്കാന്‍ കാലങ്ങളെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
“നേരത്തെ രണ്ടോ മൂന്നോ ദളിതരേ ഉണ്ടായിരുന്നുള്ളൂ ഉദ്യോഗസ്ഥനായിട്ട്. ദേവസ്വം കമ്മീഷണറായി ഒരാളും. ഈഴവ പിന്നാക്ക കമ്മ്യൂണിറ്റികളില്‍പ്പെട്ടവര്‍ 17 പേര്‍ (അത് ഇപ്പോള്‍ ഒട്ടും ഇല്ലാതായി) എന്നിങ്ങനെയായിരുന്നു കണക്ക്.” സുഭാഷ് വാസു ഡൂള്‍ന്യൂസിനോട് പറഞ്ഞു.
നിലവില്‍ ഉണ്ടായ ഈ പോരായ്മ നികത്തുന്ന രീതിയില്‍ പരിഹാരം കണ്ടെത്തിയാല്‍ നല്ലതാണെന്നും ഏതൊക്കെ മേഖലയിലാണ് ദളിത് പ്രാതിനിധ്യം കുറവെന്ന രീതിയില്‍ പരിശോധിച്ച് പരിഹരിച്ചാല്‍ മുന്നാക്ക സാമ്പത്തിക സംവരണം പോലുള്ള നടപടികള്‍ വിഷയമല്ലെന്നും അദ്ദേഹം ഡൂള്‍ന്യൂസിനോട് പറഞ്ഞു.
ദളിത് വി.സിമാരില്ലാത്ത കേരളത്തിലെ സര്‍വകലാശാലകളും എയ്ഡഡ് മേഖലയിലെ സംവരണവിരുദ്ധതയും
സംസ്ഥാനം രൂപീകരിച്ച് ഇത്രയും വര്‍ഷമായിട്ടും കേരളത്തിലെ സര്‍വകലാശാലകളില്‍ വൈസ് ചാന്‍സലര്‍ പദവിയില്‍ ദളിതരുണ്ടായിട്ടില്ല. കഴിഞ്ഞ വര്‍ഷം ഡെക്കാന്‍ ക്രോണിക്കിള്‍ ഇത് സംബന്ധിച്ച് ഒരു റിപ്പോര്‍ട്ടും പ്രസിദ്ധീകരിച്ചിരുന്നു. കേരള സര്‍വ്വകലാശാലയില്‍ പ്രോ വൈസ് ചാന്‍സലര്‍ സ്ഥാനത്തേക്ക് ദളിതനായ എന്‍ വീരമണികണ്ഠനെ നിയമിച്ചതാണ് ഇതിനൊരാക്ഷേപം.
ഉന്നതവിദ്യാഭ്യാസ രംഗത്ത് ശുഷ്‌കമായ പങ്കാളിത്തം മാത്രമാണ് ദളിത് വിഭാഗത്തില്‍ നിന്നുണ്ടായിട്ടുള്ളത്. ഒരുപക്ഷെ ദളിത് ഉദ്യോഗാര്‍ത്ഥികള്‍ ഏറ്റവും കൂടുതല്‍ അവഗണന നേരിടുന്ന മേഖലയാണ് വിദ്യാഭ്യാസമേഖല. ഇതില്‍ തന്നെ എയ്ഡഡ് കോളേജുകളിലാണ് ഭീകരമായ അവസ്ഥ എന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.
1869ലാണ് തിരുവിതാംകൂറില്‍ വര്‍ധിച്ചു വരുന്ന വിദ്യാഭ്യാസ ആവശ്യങ്ങള്‍ പരിഹരിക്കുന്നതിന്റെ ഭാഗമായി ഗ്രാന്റ് ഇന്‍ എയ്ഡ് അഥവാ എയ്ഡഡ് സ്‌കൂളുകള്‍ക്ക് അനുമതി നല്‍കുന്നത്. സര്‍ക്കാര്‍ ശമ്പളവും പെന്‍ഷനും മറ്റ് ആനുകൂല്യങ്ങളും കൈപറ്റി വളര്‍ന്ന് പന്തലിച്ച എയ്ഡഡ് മേഖല വിദ്യാഭ്യാസ പുരോഗതിയില്‍ അതിന്റേതായ പങ്ക് നിറവേറ്റിയെങ്കിലും ഈ മേഖല സൃഷ്ടിച്ച സാമൂഹിക സാമ്പത്തിക അനീതികള്‍ക്ക് ഇന്നേക്ക് ഒന്നര നൂറ്റാണ്ട് പഴക്കമുണ്ട്.
വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഉടമസ്ഥതയിലൂടെ ലഭ്യമായ രാഷ്ട്രീയാധികാര ശേഷിയുപയോഗിച്ച് സാമൂഹിക നീതി നടപ്പാക്കുന്നതിനെതിരെ മാനേജ്‌മെന്റ് സമുദായങ്ങള്‍ നിലയുറപ്പിക്കുന്ന കാഴ്ചയാണ് ഇന്ന് കാണുന്നത്. കേരളത്തിലെ മൊത്തം സര്‍ക്കാര്‍ സ്‌കൂള്‍ ജീവനക്കാരില്‍ 39% വും എയ്ഡഡ് മേഖലയിലാണ് ജോലി ചെയ്യുന്നത്. ഇത്രയും ഭീമമായ തൊഴില്‍ വ്യാപ്തിയുള്ള എയ്ഡഡ് മേഖലയില്‍ ആദിവാസി ദളിത് അതി പിന്നോക്ക പ്രാതിനിധ്യം ഒരു ശതമാനം പോലുമില്ല.
ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളിലെ എയ്ഡഡ് മേഖലയില്‍ സംവരണം നടപ്പാക്കിയിട്ടുണ്ടെങ്കിലും കേരളത്തില്‍ ഇതുവരെയും സംവരണം നടപ്പാക്കാന്‍ മാറി മാറി വന്ന സര്‍ക്കാറുകള്‍ക്ക് കഴിഞ്ഞിട്ടില്ലെന്ന് ദളിത് ആക്ടിവിസ്റ്റും വിദ്യാഭ്യാസപ്രവര്‍ത്തകനുമായ ഒ.പി രവീന്ദ്രന്‍ പറയുന്നു.
എയ്ഡഡ് മേഖലയില്‍ നിന്ന് ബഹിഷ്‌കരിക്കപ്പെട്ട സമുദായങ്ങളാണ് ഈ മേഖലയെ താങ്ങി നിര്‍ത്തുന്നത് എന്നതാണ് യാഥാര്‍ത്ഥ്യം. 47% പട്ടികജാതി പട്ടികവര്‍ഗ വിദ്യാര്‍ത്ഥികള്‍ സര്‍ക്കാര്‍ സ്‌കൂളുകളിലാണ് പഠിക്കുന്നത്. അതേസമയം 49.6% വിദ്യാര്‍ത്ഥികളും എയ്ഡഡ് മേഖലയാണ് പഠനത്തിനായി തെരഞ്ഞെടുക്കുന്നത്. മൊത്തം 97% പട്ടികജാതി പട്ടികവര്‍ഗ വിദ്യാര്‍ത്ഥികളും പൊതുവിദ്യാഭ്യാസ രംഗത്ത് നിലയുറപ്പിക്കുമ്പോള്‍ മുന്നോക്ക വിഭാഗങ്ങളിലെ 55.5% ശതമാനവും അണ്‍ എയ്ഡഡ് മേഖലയിലാണ് വിദ്യാഭ്യാസം ചെയ്യുന്നത്.
എയ്ഡഡ് മേഖലയിലൂടെ പൊതു ഖജനാവില്‍ നിന്ന് പ്രതിവര്‍ഷം പതിനായിരം കോടി രൂപ പങ്കിട്ടെടുക്കുന്ന സമുദായങ്ങള്‍ അവരുടെ തന്നെ ഉടമസ്ഥതയിലുള്ള അണ്‍ എയ്ഡഡ് / പബ്ലിക് വിദ്യാലയങ്ങളിലാണ് പഠനം നടത്തുന്നത്. എന്നാല്‍ എയ്ഡഡ് മേഖലയില്‍ ഒരു ശതമാനം പോലും പ്രാതിനിധ്യമില്ലാത്ത വിഭാഗങ്ങളാണ് എയ്ഡഡ് മേഖലയുടെ നെടുംതൂണ്‍.
2016-17 ലെ കണക്കനുസരിച്ച് 35,06762 ഉദ്യോഗാര്‍ത്ഥികളാണ് കേരളത്തിലെ വിവിധ എംപ്ലോയ്‌മെന്റ് എക്‌സേഞ്ചുകളില്‍ റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇതില്‍ 6,52,640 പേര്‍ എസ്.സി- എസ്.ടി ഉദ്യോഗാര്‍ത്ഥികളാണ്. മൊത്തം തൊഴില്‍രഹിതരുടെ 18% പേരും എസ്.സി എസ്.ടി വിഭാഗമാണെന്നതാണ് യാഥാര്‍ത്ഥ്യം. (ജനസംഖ്യാനുപാതികമായി നോക്കുമ്പോള്‍ മറ്റൊരു സമുദായത്തിലും ഇത്രയേറെ തൊഴില്‍രഹിതരില്ല).
ഇതില്‍ എസ്.എസ്.എല്‍.സി യോഗ്യതയുള്ളവര്‍ 3,66,270 ഉം ബിരുദ, ബിരുദാനന്തരബിരുദ യോഗ്യതയുള്ളവരുടെ എണ്ണം 25,614 ഉം ആണ്. അഭ്യസ്തവിദ്യരായ ഇത്രയേറെ പട്ടികജാതി/വര്‍ഗ്ഗക്കാര്‍ തൊഴില്‍രഹിതരായി തുടരുമ്പോഴും എയ്ഡഡ് മേഖലയിലെ സംവരണം അടഞ്ഞ അധ്യായമായി തുടരുകയാണ്.
ആരോഗ്യമേഖലയിലെ പ്രാതിനിധ്യം
വിദ്യാഭ്യാസ മേഖലയിലേതിന് സമാനമായി ആരോഗ്യമേഖലയിലും പിന്നാക്കജാതിക്കാരുടെ തൊഴില്‍ സാക്ഷാത്കാരം എന്നത് കടമ്പകള്‍ നിറഞ്ഞതാണ്.
ഇത് സംബന്ധിച്ച് കഴിഞ്ഞ വര്‍ഷം പുറത്തിറക്കിയ ഒരു പി.എസ്.സി റാങ്ക് ലിസ്റ്റ് ഉദ്ധരിച്ച് ഡോ. ജിനേഷ് പി.എസ് പങ്കുവെച്ച ഒരു ഫേസ്ബുക്ക് പോസ്റ്റ് ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു.
ആരോഗ്യവകുപ്പിലെ അസിസ്റ്റന്റ് സര്‍ജന്‍മാരുടെ റാങ്ക് ലിസ്റ്റ് ചൂണ്ടിക്കാണിച്ചായിരുന്നു ജിനേഷ് ഈ മേഖലയില്‍ ദളിത് ഉദ്യോഗാര്‍ത്ഥികള്‍ നേരിടുന്ന അവഗണന പുറത്തുകൊണ്ടുവന്നത്.
ആകെ 1971 പേരാണ് മെയിന്‍ റാങ്ക് ലിസ്റ്റില്‍ ഉള്ളത്. അതില്‍ 875 പേര്‍ സംവരണ അര്‍ഹതയുള്ള വിഭാഗങ്ങളില്‍പ്പെടുന്നവരാണ്. 1096 പേര്‍ ഓപ്പണ്‍ കാറ്റഗറിയിലും. ഏറ്റവും കൂടുതല്‍ ഡോക്ടര്‍മാര്‍ ഉള്‍പ്പെടുന്ന റാങ്ക് ലിസ്റ്റ് അസിസ്റ്റന്റ് സര്‍ജന്‍/കാഷ്വാലിറ്റി മെഡിക്കല്‍ ഓഫീസര്‍ റാങ്ക് ലിസ്റ്റാണ്.
കേരളത്തിലെ സര്‍ക്കാര്‍ നിയമനങ്ങള്‍ക്കായുള്ള പി.എസ്.സി റാങ്ക് ലിസ്റ്റിലെ നിയമനങ്ങളില്‍ ഒരു റൊട്ടേഷന്‍ ചാര്‍ട്ട് ഉണ്ട്. ഓരോ നൂറ് നിയമനങ്ങള്‍ നടക്കുമ്പോഴും അതില്‍ 50 എണ്ണം ഓപ്പണ്‍ കാറ്റഗറി ആയിരിക്കണം, ഈഴവ/ബില്ലവ/തിയ്യ 14, മുസ്ലിം 12, എല്‍.സി 4, വിശ്വകര്‍മ്മ 3, ധീവര-ഹിന്ദു നാടാര്‍-എസ്.ഐ.യു.സി നാടാര്‍ ഒരോന്ന് വീതം, ഒ.ബി.സി 3, പട്ടികജാതി 8, പട്ടികവര്‍ഗ്ഗം 2.
ഏറ്റവും അവസാനത്തെ അസിസ്റ്റന്റ് സര്‍ജന്‍ റാങ്ക് ലിസ്റ്റില്‍ 1500 വരെ ഉള്ള റാങ്കുകളിലെ ജാതി തിരിച്ചുള്ള കണക്കുകള്‍ പരിശോധിച്ചാല്‍ ജനസംഖ്യാനുപാതികമായ പ്രാതിനിധ്യം ഉള്ള ഒരു വിഭാഗം പോലുമില്ല എന്ന് കാണാം. ജനസംഖ്യാനുപാതികമായി 9.8 % (പി.എസ്.സി റൊട്ടേഷന്‍ ചാര്‍ട്ട് പ്രകാരം 8 % സംവരണം) വേണ്ട പട്ടികജാതി വിഭാഗങ്ങളുടെ അവസ്ഥ വളരെ പരിതാപകരമാണ്.
ജനസംഖ്യാനുപാതികമായി 26 ശതമാനത്തിന് മുകളില്‍ ഉണ്ടാവേണ്ട മുസ്ലിം വിഭാഗത്തിന് മെയിന്‍ റാങ്ക് ലിസ്റ്റില്‍ പ്രാതിനിധ്യം 17.25 %. അതുപോലെ 23 % പ്രാതിനിധ്യം ലഭിക്കേണ്ട ഈഴവ വിഭാഗത്തിന് ആകെയുള്ളത് 12.58 %.
സമാനമായി അനസ്തീഷ്യ വിഭാഗത്തിലെ അസിസ്റ്റന്റ് പ്രൊഫസര്‍ ഡോക്ടര്‍മാരുടെ റാങ്ക് ലിസ്റ്റും ജിനേഷ് താരതമ്യം ചെയ്തിരുന്നു. 103 പേരാണ് മെയിന്‍ ലിസ്റ്റില്‍ ആകെയുള്ളത്. അതില്‍ മുസ്ലിം 8, ഈഴവ 16, എല്‍.സി 2, എസ്.സി 1, ഒ.ബി.സി 2, വിശ്വകര്‍മ്മ 3, എസ്.ഐ.യു.സി നാടാര്‍ 1; ഓപ്പണ്‍ കാറ്റഗറി 70.
സംവരണം ഉള്ള അവസ്ഥയില്‍ പോലും പ്രാതിനിധ്യം ഉറപ്പാക്കാന്‍ സാധിക്കുന്നില്ലെന്നതാണ് ഇത് ചൂണ്ടിക്കാട്ടുന്നത് ജിനേഷ് പറയുന്നു.
കെ.എ.എസിലെ മലക്കം മറിച്ചില്‍
കേരള സര്‍ക്കാര്‍ സര്‍വീസിലേക്ക് പുതിയതായി രൂപീകൃതമായിട്ടുള്ള ക്ലാസ് വണ്‍ ഉദ്യോഗാര്‍ത്ഥികളുടെ അഥവാ ഇന്ത്യന്‍ അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസിന് തൊട്ടുതാഴെ സെക്കന്‍ഡ് ഗസറ്റഡ് റാങ്കിംഗ് ഓഫീസര്‍മാരുടെ കേഡര്‍ ആണ് കെ. എ. എസ്. കേരള പി. എസ്. സി ആയിരിക്കും തസ്തികയിലേക്ക് വേണ്ടിയുള്ള പരീക്ഷ നടത്തുക.
സംസ്ഥാന സര്‍ക്കാരിന് കീഴിലുള്ള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസ് വേക്കന്‍സികള്‍ യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികളുടെ കുറവുമൂലം ഒഴിഞ്ഞുകിടക്കുകയാണ്. ഡെപ്യൂട്ടി കലക്ടര്‍ എന്ന തസ്തിക മാത്രമാണ് ഈ ഒഴിവുകള്‍ നികത്താനുള്ള ഏക മാര്‍ഗ്ഗം. എന്നാല്‍ പ്രമോഷന്‍ നേടി ഡെപ്യൂട്ടി കലക്ടര്‍ തസ്തികയിലേക്ക് എത്തുന്നവരുടെ എണ്ണം വളരെ കുറവായതിനാലും, യു.പി.എസ്.സിക്ക് ഈ പോസ്റ്റിലേക്ക് ആളെ എടുക്കാന്‍ കഴിയില്ല എന്നുള്ളതിനാലുമാണ് അഡ്മിനിസ്‌ട്രേറ്റീവ് ഒഴിവുകള്‍ നികത്താന്‍ കഴിയാതെ പോകുന്നത്.
കെ. എ. എസ് എന്ന പുതിയ കേഡര്‍ വരുന്നത് വഴി ഡെപ്യൂട്ടി കലക്ടര്‍ യോഗ്യതയിലേക്ക് നേരിട്ട് ആളെ എടുക്കാനും തുടര്‍ന്നു അഡ്മിനിസ്‌ട്രേറ്റീവ് ഒഴിവുകള്‍ നികത്തുന്നതിനും സര്‍ക്കാരിന് സാധിക്കുന്നതാണ്.
കെ.എ.എസിലും സംവരണവിരുദ്ധമായ നടപടിയായിരുന്നു സര്‍ക്കാര്‍ കൈക്കൊണ്ടിരുന്നത്. എന്നാല്‍ സമുദായ സംഘടനകളുടെ സമ്മര്‍ദ്ദത്താലാണ് നടപടി പുനപരിശോധിക്കാമെന്ന് സര്‍ക്കാര്‍ തീരുമാനിച്ചത്.
നിലവില്‍ സെക്രട്ടേറിയറ്റ് അസി, ഡെപ്യൂട്ടി കലക്ടര്‍ പോലെ തസ്തികകളിലെ മെയിന്‍ റാങ്ക് ലിസ്റ്റിലെ ആദ്യ നൂറുപേരില്‍ പട്ടികവിഭാഗങ്ങള്‍ തീരെ കുറവാണ്. പിന്നാക്കവിഭാഗം നാമമാത്രവും. അതിനാല്‍ സര്‍വിസിലുള്ളവരില്‍നിന്ന് പരീക്ഷ നടത്തുമ്പോള്‍ സംവരണ വിഭാഗങ്ങളും പട്ടികവിഭാഗങ്ങളും ബൈട്രാന്‍സ്ഫര്‍ വഴി കടന്നുവരാന്‍ സാധ്യത വിരളമാണ്. സ്ഥാനക്കയറ്റത്തിന് വീണ്ടും പരീക്ഷയും ഇന്റര്‍വ്യൂവും അധിക തസ്തികകളിലുമില്ല.
കെ.എ.എസില്‍ സംവരണം വേണമെന്ന് പട്ടികവിഭാഗ കമീഷനും ന്യൂനപക്ഷ കമീഷനും സര്‍ക്കാറിന് ഉത്തരവ് നല്‍കിയിരുന്നു. മൂന്ന് സ്ട്രീമിലും സംവരണം വേണമെന്നതായിരുന്നു നിയമസെക്രട്ടറിയുടെ നിലപാട്. ഈ വസ്തുതകളെല്ലാം തള്ളിയാണ് സംവരണ നിഷേധവുമായി മുന്നോട്ടുപോയത്.
എന്നാല്‍ വിഷയത്തില്‍ രാഷ്ട്രീയപാര്‍ട്ടികളും, പട്ടികവിഭാഗ സംഘടനകള്‍, സംവരണ സമുദായ മുന്നണി തുടങ്ങിയവ പ്രക്ഷോഭം ആരംഭിച്ചതോടെ സര്‍ക്കാര്‍ നിലപാട് മാറ്റുകയായിരുന്നു.
ജനസംഖ്യയില്‍ 12.5 % വരുന്ന നായര്‍ വിഭാഗക്കാര്‍ക്ക് സര്‍ക്കാര്‍ സര്‍വിസിലെ പ്രതിനിധ്യം 21.5% മാണ്. അതായത് ജനസംഖ്യാനുപാതികമായി കിട്ടേണ്ടതിനെക്കാള്‍ 40% അധികം. 1.3% വരുന്ന മറ്റു മുന്നോക്ക ഹിന്ദു വിഭാഗക്കാര്‍ക്ക് സര്‍ക്കാര്‍ സര്‍വീസില്‍ 3.1% പ്രതിനിധ്യം. കിട്ടേണ്ടതിനെക്കാള്‍ 56.5 % അധികം. അതേസമയം പട്ടികജാതി വിഭാഗക്കാര്‍ക്ക് ജനസംഖ്യാനുപാതികമായി ഉണ്ടാകേണ്ട പ്രാതിനിധ്യത്തെക്കാള്‍ 23 ശതമാനത്തോളം കുറവും പട്ടികവിഭാഗക്കാര്‍ക്ക് 50 ശതമാനത്തോളവും കുറവും മറ്റ് പിന്നോക്ക വിഭാഗക്കാര്‍ക്ക് 42% കുറവും പ്രാതിനിധ്യമാണ് സര്‍ക്കാര്‍ സര്‍വീസില്‍ ഇപ്പോള്‍ നിലവിലുള്ളത്.
ഭരണഘടനയുടെ മൂന്നാം ഭാഗത്ത് മൗലികാവകാശങ്ങളുടെ നിര്‍വചനങ്ങള്‍ക്കൊപ്പമാണു സംവരണത്തിന്റെ നിയമസാധ്യതകള്‍ വ്യക്തമാകുന്നത്. ഭരണഘടനയുടെ അടിസ്ഥാന സ്വഭാവമായ തുല്യനീതി, ജാതി-മത-വംശ-ദേശ-ലിംഗ ഭേദങ്ങളിലധിഷ്ഠിതമായ ചൂഷണങ്ങള്‍ക്കെതിരെയുള്ള സംരക്ഷണം, അവസര സമത്വം എന്നിവ ഉറപ്പാക്കുന്ന ഭരണഘടനയുടെ 14,15,16 വകുപ്പുകള്‍ തന്നെയാണു സംവരണത്തെക്കുറിച്ചും പ്രതിപാദിക്കുന്നത്.
നിര്‍ദേശക തത്വങ്ങളുടെ ഭാഗമായ ആര്‍ട്ടിക്കിള്‍ നാല്‍പ്പത്താറും ഇതോടു ചേര്‍ത്തു വായിക്കാം. പ്രാതിനിധ്യമാണു സംവരണ തത്വത്തിന്റെ അടിസ്ഥാനം. ചരിത്രപരമായ കാരണങ്ങളാല്‍ അനീതിക്കിരയായി പിന്തള്ളപ്പെട്ടു പോയ ജനവിഭാഗങ്ങളുടെ ആനുപാതികമായ പ്രതിനിധ്യം എല്ലാ മേഖലയിലും ഉറപ്പു വരുത്തുക എന്നതാണ് സംവരണം കൊണ്ട് ഉദ്ദേശിക്കുന്നത്.
ഉദാഹരണമായി ഒരു ജനവിഭാഗം (എസ്.സി/എസ്.ടി/ഒ.ബി.സി/സ്ത്രീകള്‍/ന്യൂനപക്ഷങ്ങള്‍ തുടങ്ങിയ) സമൂഹത്തിന്റെ ജനസംഖ്യയുടെ 30 ശതമാനം ഉണ്ടെങ്കില്‍, ആ സമൂഹത്തിലെ അഡ്മിനിസ്‌ട്രേഷന്‍, രാഷ്ട്രീയം, ജുഡീഷ്യറി, പൊലീസ് തുടങ്ങി സമസ്ത മേഖലകളിലും ആ വിഭാഗത്തിന് 30 ശതമാനം പ്രാതിനിധ്യം ഉറപ്പാക്കുകയെന്നതാണ് സംവരണത്തിന്റെ ലക്ഷ്യം.
കാരണം ജനാധിപത്യം കേവലം ജനപ്രതിനിധികളെ തെരഞ്ഞെടുക്കുന്നതില്‍ ഒതുങ്ങി നില്‍ക്കുന്നില്ല. ഭരണം നിര്‍വഹിക്കപ്പെടുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, നീതിന്യായവ്യവസ്ഥ, ജുഡീഷ്യറി എന്നിങ്ങനെ അധികാരത്തിന്റെ സമസ്ത മേഖലകളിലും എല്ലാ വിഭാഗങ്ങള്‍ക്കും ജനസംഖ്യയ്ക്കാനുപാതികമായ പ്രാതിനിധ്യം ഉറപ്പാകുമ്പോള്‍ മാത്രമേ എല്ലാ വിഭാഗങ്ങള്‍ക്കും നീതി ലഭിക്കുകയുള്ളൂ, അപ്പോള്‍ മാത്രമേ ആ സമൂഹം പൂര്‍ണമായ അര്‍ത്ഥത്തില്‍ ഒരു ജനാധിപത്യസമൂഹമായി മാറുകയുള്ളൂ.
WATCH THIS VIDEO: