അടുത്ത 48 മണിക്കൂറിനുള്ളില്‍ അതി തീവ്ര മഴയ്ക്ക് സാധ്യത; എട്ട് ജില്ലകളില്‍ റെഡ് അലേര്‍ട്ട്
Kerala
അടുത്ത 48 മണിക്കൂറിനുള്ളില്‍ അതി തീവ്ര മഴയ്ക്ക് സാധ്യത; എട്ട് ജില്ലകളില്‍ റെഡ് അലേര്‍ട്ട്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 30th July 2024, 3:27 pm

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത 48 മണിക്കൂറില്‍ അതി തീവ്ര മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. കനത്ത മഴയില്‍ അതീവ ജാഗ്രത വേണമെന്നാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മഴവെള്ളപ്പാച്ചില്‍ എന്നിവയ്ക്ക് സാധ്യതയുള്ള പ്രദേശങ്ങളിലും നദിക്കരകളിലും അണക്കെട്ടുകളുടെ കീഴ്പ്രദേശങ്ങളിലുമുള്ളവര്‍ മാറി താമസിക്കണമെന്നാണ് ദുരന്തനിവാരണ അതോറിറ്റി അറിയിച്ചത്.

ദുരന്ത സാധ്യത നിലനില്‍ക്കുന്ന പ്രദേശങ്ങളിലുള്ള ആളുകള്‍ രാത്രിക്ക് മുമ്പ് അതത് ക്യാമ്പുകളിലേക്ക് മാറണമെന്നും നിര്‍ദേശമുണ്ട്. മാത്രമല്ല ഇടുക്കി മുതല്‍ കാസര്‍കോട് വരെയുള്ള ജില്ലകളില്‍ റെഡ് അലേര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ജില്ലകളില്‍ ഓറഞ്ച് അലോര്‍ട്ട് തുടരും. തിരുവനന്തപുരം, കൊല്ലം, ജില്ലകളില്‍ യെല്ലോ അലേര്‍ട്ടും തുടരും. അതി തീവ്ര മഴ മുന്നറിയിപ്പുള്ളതിനാല്‍ പെതുജനങ്ങള്‍ക്ക് കനത്ത ജാഗ്രതാ നിര്‍ദേശമാണ് നല്‍കിയിരിക്കുന്നത്.

പൊതുജനങ്ങള്‍ക്കുള്ള ജാഗ്രത നിര്‍ദേശം

* ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാല്‍ അടച്ചുറപ്പില്ലാത്ത വീടുകളില്‍ താമസിക്കുന്നവരും മേല്‍ക്കൂര ശക്തമല്ലാത്ത വീടുകളില്‍ താമസിക്കുന്നവരും പ്രത്യേക ജാഗ്രത പാലിക്കേണ്ടതാണ്. അപകടാവസ്ഥ മുന്നില്‍ കാണുന്നവര്‍ അധികൃതരുമായി ബന്ധപ്പെട്ട് സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് സുരക്ഷാ മുന്‍കരുതലിന്റെ ഭാഗമായി മാറി താമസിക്കണം.

* മഴ ശക്തമാകുന്ന അവസരങ്ങളില്‍ അത്യാവശ്യമല്ലാത്ത യാത്രകള്‍ പൂര്‍ണമായും ഒഴിവാക്കുക. വെള്ളച്ചാട്ടങ്ങള്‍, ജലാശയങ്ങള്‍, മലയോര മേഖലകള്‍ എന്നിവിടങ്ങളിലേക്കുള്ള വിനോദ യാത്രകള്‍ മഴ മുന്നറിയിപ്പ് മാറുന്നത് വരെ പൂര്‍ണ്ണമായി ഒഴിവാക്കേണ്ടതാണ്.

* ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തില്‍ ഒരു കാരണവശാലും നദികള്‍ മുറിച്ചു കടക്കാനോ, നദികളിലോ മറ്റ് ജലാശയങ്ങളിലോ കുളിക്കാനോ മീന്‍പിടിക്കാനോ മറ്റ് ആവശ്യങ്ങള്‍ക്കോ ഇറങ്ങാന്‍ പാടുള്ളതല്ല.
ജലാശയങ്ങള്‍ക്ക് മുകളിലെ മേല്‍പ്പാലങ്ങളില്‍ കയറി കാഴ്ച കാണുകയോ സെല്‍ഫി എടുക്കുകയോ കൂട്ടം കൂടി നില്‍ക്കുകയോ ചെയ്യാന്‍ പാടുള്ളതല്ല.

* ജലാശയങ്ങളോട് ചേര്‍ന്ന റോഡുകളിലൂടെയുള്ള യാത്രകളില്‍ പ്രത്യേക ജാഗ്രത പാലിക്കുക. അറ്റകുറ്റ പണികള്‍ നടക്കുന്ന റോഡുകളിലും ജാഗ്രത പാലിക്കുക. അതിശക്തമായ മഴയുണ്ടാകുന്ന സാഹചര്യത്തില്‍ റോഡപകടങ്ങള്‍ വര്‍ധിക്കാന്‍ സാധ്യത മുന്നില്‍ കാണണം.

* ജലാശയങ്ങള്‍ കരകവിഞ്ഞു ഒഴുകുന്നയിടങ്ങളില്‍ വാഹനം ഓടിക്കാന്‍ ശ്രമിക്കരുത്. സ്വകാര്യ – പൊതു ഇടങ്ങളില്‍ അപകടാവസ്ഥയില്‍ നില്‍ക്കുന്ന മരങ്ങള്‍/പോസ്റ്റുകള്‍/ബോര്‍ഡുകള്‍, മതിലുകള്‍ തുടങ്ങിയവ സുരക്ഷിതമാക്കണം.

* അപകടാവസ്ഥകള്‍ അധികൃതരുടെ ശ്രദ്ധയില്‍ പെടുത്തേണ്ടതാണ്.
കേരളത്തിലെ എല്ലാ ജില്ലകളിലും 24*7 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന താലൂക്ക്, ജില്ലാ കണ്‍ട്രോള്‍ റൂമുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അപകട സാധ്യത മുന്നില്‍ കാണുന്ന ഘട്ടത്തിലും സഹായങ്ങള്‍ക്കുമായി 1077, 1070 എന്നീ ടോള്‍ ഫ്രീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.

 

 

Content Highlight: Very heavy rain Alert For next 48 hours, Red alert in eight districts


Community-verified icon