ജയിലുകളിൽ ജാതി വിവേചനം; റിപ്പോർട്ടുകൾ ഞെട്ടിപ്പിക്കുന്നത്, ദൗർഭാഗ്യകരം: ഡി.വൈ. ചന്ദ്രചൂഡ്
NATIONALNEWS
ജയിലുകളിൽ ജാതി വിവേചനം; റിപ്പോർട്ടുകൾ ഞെട്ടിപ്പിക്കുന്നത്, ദൗർഭാഗ്യകരം: ഡി.വൈ. ചന്ദ്രചൂഡ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 11th July 2024, 11:10 am

ന്യൂദൽഹി: ഇന്ത്യയിലെ ജയിലുകളിൽ തടവുകാർ നേരിടുന്ന ജാതിവിവേചനം അവസാനിപ്പിക്കണമെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്. മാധ്യമപ്രവർത്തക സുകന്യ ശാന്ത നൽകിയ പൊതു താത്പര്യ ഹരജിയിൽ വാദം കേൾക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ ജെ.ബി. പർദിവാല, മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ചാണ് വാദം കേട്ടത്. ഇന്ത്യയിലെ ചില സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും ജയിലുകളിൽ നടക്കുന്ന വിവേചനപരമായ നടപടികൾ ഉയർത്തിക്കാട്ടി പത്രപ്രവർത്തക-സുകന്യ ശാന്തയാണ് ഹരജി സമർപ്പിച്ചിരുന്നത്.

1941-ലെ പഴയ ഉത്തർപ്രദേശ് ജയിൽ മാനുവൽ, തടവുകാരുടെ ജാതി മുൻവിധികൾ നിലനിർത്തുന്നതിനും ജാതി അടിസ്ഥാനത്തിൽ ശുചീകരണം, സംരക്ഷണം, തൂത്തുവാരൽ ജോലികൾ എന്നിവ നൽകുന്നതിനും വ്യവസ്ഥ ചെയ്തിട്ടുണ്ടെന്ന് അവർ വിശദീകരിക്കുന്നു.

2022ൽ മോഡൽ മാന്വലുമായി യോജിപ്പിച്ച് ഭേദഗതികൾ വരുത്തുകയും ജാതി അടിസ്ഥാനമാക്കി ജോലി അനുവദിക്കുന്നതിനുള്ള വ്യവസ്ഥകൾ നീക്കം ചെയ്യുകയും ചെയ്തിരുന്നു. എന്നാൽ ഈ മാറ്റമുണ്ടായിട്ടും 2022 ലെ മാനുവൽ ജാതി അടിസ്ഥാനമാക്കിയയുള്ള വിവേചനം കാണിക്കുന്നുവെന്നും ഹരജിയിൽ ഉണ്ട്.

രാജസ്ഥാൻ, മധ്യപ്രദേശ്, ഒഡീഷ, ഉത്തർപ്രദേശ്, തമിഴ്‌നാട്, ഡൽഹി, പഞ്ചാബ്, ബീഹാർ, മഹാരാഷ്ട്ര എന്നിവയുൾപ്പെടെ 13 പ്രധാന സംസ്ഥാനങ്ങളിലെ സംസ്ഥാന ജയിൽ മാന്വലുകളിലും സമാനപരമായ രീതിയിൽ ജാതി വിവേചനം നില നിൽക്കുന്നുണ്ടെന്നും ശാന്ത ചൂണ്ടിക്കാട്ടി.

വാദത്തിനിടെ ചീഫ് ജസ്റ്റിസ് ജയിൽ ചട്ടങ്ങളിലെ വിവേചനപരമായ ഭാഗങ്ങളെ കുറിച്ച് പറഞ്ഞു . ‘തോട്ടിപ്പണി’ പോലെയുള്ള പരാമർശങ്ങളെയെല്ലാം കോടതി ചോദ്യം ചെയ്തു. ഇവ ഞെട്ടിക്കുന്നതെന്നും തീർത്തും ദൗർഭാഗ്യകരമെന്നും പറഞ്ഞ ചീഫ് ജസ്റ്റിസ് എത്രയും വേഗം ഇവ അവസാനിപ്പിക്കണമെന്നും പറഞ്ഞു.

മുമ്പ് ജനുവരിയിൽ കേസ് പരിഗണിച്ച സുപ്രീം കോടതി കേരളമുൾപ്പെടെ 11 സംസ്ഥാനങ്ങൾക്ക് നോട്ടീസ് അയച്ചിരുന്നു. കേരളം, തമിഴ്നാട്, ആന്ധ്രാപ്രദേശ്, തെലങ്കാന, മഹാരാഷ്ട്ര, ഒഡീഷ, ജാർഖണ്ഡ്, പശ്ചിമ ബംഗാൾ, ഉത്തർപ്രദേശ്, മധ്യപ്രദേശ്, പഞ്ചാബ് എന്നീ സംസ്ഥാനങ്ങൾക്കും കേന്ദ്രസർക്കാരിനുമാണ് നോട്ടീസ് അയച്ചിരുന്നത്.

കോടതിയുടെ നിരീക്ഷണങ്ങൾക്ക് ശേഷം കേന്ദ്രസർക്കാരും കേസിൽ ഇടപെട്ടിരുന്നു. ജയിലുകളിലെ ജാതിവിവേചനം ഒഴിവാക്കാൻ ആവശ്യപ്പെട്ട് ഫെബ്രുവരിയിൽ കേന്ദ്രസർക്കാർ എല്ലാ സംസ്ഥാനങ്ങൾക്കും നോട്ടീസ് അയച്ചിരുന്നു.

വാദത്തിനിടെ ഓരോ സംസ്ഥാനങ്ങളിലെ ജയിൽ ചട്ടങ്ങളിലെയും വിവേചനപരമായ പരാമർശങ്ങൾ ഹരജിക്കാർ എടുത്തുകാട്ടി. ദളിതർക്കും ബ്രാഹ്മണർക്കും പ്രത്യേക സെല്ലുകൾ അനുവദിക്കുന്നതുൾപ്പെടെ ജാതി വിവേചനം ഹരജിക്കാർ എടുത്തു പറഞ്ഞു. കേസിൽ ഇനിയും സംസ്ഥാനങ്ങൾ മറുപടി പറയാനുള്ളതിനാൽ കേസ് മറ്റൊരു ദിവസത്തേക്ക് വിധി പറയാൻ മാറ്റി.

Also Read: ആദ്യ ചിത്രത്തിൽ തന്നെ അങ്ങനെയൊരു കഥാപാത്രം ചെയ്യുകയെന്നത് വെല്ലുവിളിയായിരുന്നു: മുരളി ഗോപി

Content Highlight: Very Disturbing: Supreme Court Laments Caste-Based Discrimination & Division of Labor In Indian Prisons