ബീജിങ്ങ്: കൊറോണ വൈറസിന്റെ ഉറവിടം അന്വേഷിക്കാന്‍ തയ്യാറെടുക്കുന്ന ശാസ്ത്രഞ്ജര്‍ക്ക് ചൈനയിലേക്ക് പ്രവേശിക്കാന്‍ ഇതുവരെ അനുമതി നല്‍കിയിട്ടില്ല എന്നത് തീര്‍ത്തും നിരാശാജനകമാണെന്ന് ലോകാരോഗ്യ സംഘടന.
വൈറസിന്റെ ഉറവിടം അന്വേഷിക്കുന്ന പത്തംഗ ടീമിലെ രണ്ട് പേര്‍ ഇതിനോടകം തന്നെ ചൈനയിലേക്ക് തിരിച്ചുവെന്നും എന്നാല്‍ ഇവര്‍ക്ക് ഇതുവരെ അനുമതി ലഭിച്ചില്ലെന്നും ലോകാരോഗ്യ സംഘടനയുടെ തലവന്‍ ടെഡോസ് അഥാനം പറഞ്ഞു.
ജനീവയില്‍ നടന്ന ഒരു ഓണ്‍ലൈന്‍ ന്യൂസ് കോണ്‍ഫറന്‍സിലാണ് അദ്ദേഹം ചൈനയ്‌ക്കെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയത്.
ചൈനീസ് ഉദ്യോഗസ്ഥര്‍ ശാസ്ത്രജ്ഞരെ സ്വീകരിക്കാനോ അവര്‍ക്ക് ഗവേഷണത്തിന് ആവശ്യമായ സജ്ജീകരണങ്ങള്‍ ഒരുക്കാനോ ഇതുവരെ തയ്യാറാക്കിയിട്ടില്ല എന്നാണ് മനസിലാകുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
” ഞാന്‍ ചൈനയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരെ ബന്ധപ്പെടുന്നുണ്ടായിരുന്നു. വൈറസിന്റെ ഉറവിടം അന്വേഷിക്കുക എന്ന ദൗത്യം എത്രത്തോളം പ്രധാനമേറിയതാണ് എന്ന് അവരെ അറിയിക്കുകയും ചെയ്തിരുന്നു. ശാസ്ത്രജ്ഞര്‍ക്ക് എല്ലാവിധ സൗകര്യങ്ങളും ഒരുക്കുമെന്ന് അവര്‍ അറിയിച്ചതുമാണ്,” അദ്ദേഹം പറഞ്ഞു.
ലോകാരോഗ്യസംഘടനയുടെ പീറ്റര്‍ ബെന്‍ എംബാറകിന്റെ നേതൃത്വത്തിലാണ് വൈറസിന്റെ ഉറവിടവുമായി ബന്ധപ്പെട്ട അന്വേഷണം നടക്കുന്നത്.