| Tuesday, 5th June 2018, 9:31 pm

'പിന്തുണച്ചതിന് നന്ദി, ശക്തനായി തിരിച്ചുവരും'; ടീമില്‍ സ്ഥാനമില്ലാത്തതില്‍ നിരാശയുണ്ടെന്ന് സാനെ

സ്പോര്‍ട്സ് ഡെസ്‌ക്

ലോകകപ്പ് ടീമില്‍ ഇടം ലഭിക്കാത്തതില്‍ നിരാശയുണ്ടെന്ന് ജര്‍മ്മന്‍ താരം ലെറോയി സാനെ. ടീമിന് എല്ലാവിധ ആശംസകളും നേരുന്നുവെന്നും ശക്തനായി ടീമില്‍ തിരിച്ചെത്തുമെന്നും സാനെ ഇന്‍സ്റ്റാഗ്രാം പോസ്റ്റില്‍ പറഞ്ഞു.

” ഇന്നലെയും ഇന്നുമായി പിന്തുണയറിയിച്ച് സന്ദേശമയച്ച എല്ലാവരോടും നന്ദിയുണ്ട്. ലോകകപ്പില്‍ പങ്കെടുക്കാന്‍ കഴിയില്ലെന്നത് നിരാശപ്പെടുത്തുന്നതാണ്. പക്ഷെ തീരുമാനം അംഗീകരിക്കാന്‍ ഞാന്‍ ബാധ്യസ്ഥനാണ്. ശക്തനായി തിരിച്ചുവരാന്‍ ഈ അവസരം ഞാന്‍ ഉപയോഗിക്കും. റഷ്യയില്‍ ടീമിന് എല്ലാ വിജയാശംസകളും നേരുന്നു. പോയി കിരീടം നേടൂ.”

മികച്ച ഫോമിലായിരുന്ന മാഞ്ചസ്റ്റര്‍ സിറ്റി താരമായ സാനെയ്ക്ക് പകരം ജൂലിയന്‍ ബ്രാന്‍ഡ്ടിനെയാണ് ടീമില്‍ ഉള്‍പ്പെടുത്തിയിരുന്നത്.

ഇത്തവണ ഇംഗ്ളീഷ് പ്രീമിയര്‍ ലീഗിലെ മികച്ച യുവതാരത്തിനുള്ള അവാര്‍ഡും സാനെ കരസ്ഥമാക്കിയിരുന്നു. ഈ സാഹചര്യത്തില്‍ സാനെയെ ടീമില്‍ നിന്നും ഒഴിവാക്കിയത് ആരാധകരെ ഞെട്ടിച്ചിരുന്നു. സീസണില്‍ സാനെ മാഞ്ചസ്റ്റര്‍ സിറ്റിക്ക് വേണ്ടി 14 ഗോളുകളും 19 അസിസ്റ്റുകളും സാനെയുടെ പേരിലുണ്ട്. സാനെയുടെ പ്രകടന മികവിലാണ് അഞ്ച് കളികള്‍ ബാക്കി നില്‍കെ സിറ്റി ലീഗ് കിരീടം നേടിയത്.

സാനെക്ക് പകരമെത്തിയ ബ്രാന്‍ഡിട് ബയണ്‍ ലെവര്‍ക്യൂസണ്‍ താരമാണ്. സാനെയെ ഒഴിവാക്കുക എന്നത് പ്രയാസകരമായ തീരുമാനം ആയിരുന്നുവെന്നും, ഏറ്റവും ഒടുവിലാണ് ജൂലിയന്‍ ബ്രാന്‍ഡിനെ തെരഞ്ഞെടുത്തതെന്നും ജര്‍മ്മനി പരിശീലകന്‍ ജോകിം ലോ പറഞ്ഞിരുന്നു.

Latest Stories

We use cookies to give you the best possible experience. Learn more