കൊച്ചി: കൊവിഡ് വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റില്‍നിന്ന് പ്രധാനമന്ത്രിയുടെ ചിത്രം ഒഴിവാക്കണമെന്നത് അപകടകരമായ ആവശ്യമാണെന്ന് ഹൈക്കോടതി.
കൊവിഡ് വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റില്‍നിന്ന് പ്രധാനമന്ത്രിയുടെ ചിത്രം ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ഹരജി പരിഗണിച്ചുകൊണ്ടായിരുന്നു ജസ്റ്റിസ് എന്‍.നഗരേഷിന്റെ പരാമര്‍ശം.
കറന്‍സി നോട്ടുകളില്‍നിന്ന് ഗാന്ധിജിയെ ഒഴിവാക്കണം എന്ന ആവശ്യവുമായി നാളെ ഒരാള്‍ വന്നാല്‍ എന്തു ചെയ്യുമെന്ന് കോടതി ചോദിച്ചു. ഒരാള്‍ അധ്വാനിച്ചാണ് പണമുണ്ടാക്കുന്നത്. അങ്ങനെയുണ്ടാക്കുന്ന പണത്തില്‍ ഗാന്ധിജിയുടെ ചിത്രം വേണ്ടെന്ന് പറഞ്ഞാല്‍ എന്തു സംഭവിക്കും?- കോടതി ചോദിച്ചു.
കൊവിഡ് വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് സ്വകാര്യ ഇടമാണെന്നും അതില്‍ പ്രധാനമന്ത്രിയുടെ ചിത്രം ഉള്‍പ്പെടുത്താന്‍ താത്പര്യപ്പെടുന്നില്ലെന്നുമാണ് ഹരജിയില്‍ പറഞ്ഞിരുന്നത്.
കറന്‍സി നോട്ടില്‍ ഗാന്ധിജിയുടെ ചിത്രം ഉള്‍പ്പെടുത്തുന്നത് ആര്‍.ബി.ഐ ചട്ടങ്ങളുടെ അടിസ്ഥാനത്തിലാണെന്നും എന്നാല്‍ വാക്സിന്‍ സര്‍ട്ടിഫിക്കറ്റില്‍ പ്രധാനമന്ത്രിയുടെ ചിത്രം ഉള്‍പ്പെടുത്തുന്നതിന് നിയമ പ്രാബല്യമില്ലെന്നും ഹരജിക്കാരന്‍ ചൂണ്ടിക്കാട്ടി.
ഹരജിയില്‍ പ്രതികരണം അറിയിക്കാന്‍ എ.എസ്.ജി കൂടുതല്‍ സമയം തേടിയതിനെത്തുടര്‍ന്ന് കേസ് ഈ മാസം 23ലേക്ക് മാറ്റി.