| Tuesday, 15th March 2016, 11:31 am

ബി.ബി.സി ചരിത്രത്തിലാദ്യമായി പോണ്‍ സീരിയല്‍ സംപ്രേഷണം ചെയ്യുന്നു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലണ്ടന്‍: ബി.ബി.സി ചാനല്‍ ചരിത്രത്തിലാദ്യമായി ചൂടന്‍ രംഗങ്ങളുള്ള സീരിയല്‍ പ്രക്ഷേപണം ചെയ്യാനൊരുങ്ങുന്നു. ബി.ബിസിയുടെ വിനോദ ചാനലായ ബി.ബി.സി 2 വിലാണ് വെര്‍സൈല്‍സ് എന്ന ഫ്രഞ്ച് സീരിയില്‍ പ്രക്ഷേപണം ചെയ്യുക. സൈമണ്‍ മിറെന്‍, ഡേവിഡ് വോല്‍സ്‌റ്റെന്‍ക്രോഫ്റ്റ് എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിച്ച വെര്‍സൈല്‍സിനെതിരെ ബ്രിട്ടനില്‍ പ്രതിഷേധം ശക്തമായിരിക്കുകയാണ്

അമിതമായ ലൈംഗിക രംഗങ്ങളും വയലന്‍സുമുണ്ടെന്നാണ് സീരിയലിനെതിരെ ഉയരുന്ന ആരോപണം. കണ്‍സര്‍വേറ്റീവ് പാര്‍ട്ടി അംഗങ്ങളും കുടുംബാവകാശ സംഘടനകളും പ്രതിഷേധമുയര്‍ത്തിയിരിക്കുകയാണ്. നിലവില്‍ ഫ്രാന്‍സില്‍ ഈ സീരിയലിന്റെ സംപ്രേഷണം നടക്കുന്നുണ്ട്. റിലീസിങ് തീയ്യതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും മെയ് മാസം മുതല്‍ സംപ്രേഷണം ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇത്തരം ഉള്ളടക്കങ്ങള്‍ സംപ്രേഷണം ചെയ്യാന്‍ ചാനലുകള്‍ വേറെയുണ്ടെന്നും അവ തെരഞ്ഞെടുക്കാമെന്നുമാണ് കണ്‍സര്‍വേറ്റീവ് എം.പി ആന്‍ഡ്ര്യൂ ബ്രിഡ്‌ജെന്‍ പ്രതികരിച്ചു. ബി.ബി.സിയുടെ നിലവാര തകര്‍ച്ചയാണിതെന്നും ബ്രിട്ടനിലെ യാഥാസ്ഥിതിക നിലപാടുകാര്‍ വിമര്‍ശിക്കുന്നു.

ഫ്രാന്‍സിലെ ലൂയി പതിനാലാമന്‍ രാജാവിന്റെ കഥ പറയുന്ന ചരിത്ര സീരിയലാണ് “വെര്‍സൈല്‍സ്”. ഇതിലെ ആദ്യ എപിസോഡ് സ്വവര്‍ഗ്ഗ രതി അടക്കമുള്ള രംഗങ്ങളാണുള്ളതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇംഗ്ലീഷ് നടന്‍ ജോര്‍ജ് ബ്ലാഗ്ദന്‍ അവതരിപ്പിക്കുന്ന ലൂയി പതിനാലാമന്റെ ഭാര്യയുമൊത്തുള്ള വേഴ്ചയുടെ ദൃശ്യങ്ങളും ഈ എപ്പിസോഡില്‍ ഉണ്ട്.

എന്നാല്‍ സീരിയല്‍ പ്രക്ഷേപണം ചെയ്യുമെന്ന നിലപാടിലാണ് ബി.ബി.സി അധികൃതര്‍. പ്രേക്ഷകര്‍ക്ക് ആസ്വാദ്യകരമായ ദൃശ്യവിരുന്നായിരിക്കും ഈ സീരിയലെന്നാണ് ബി.ബി.സിയുടെ പ്രോഗ്രാം വിഭാഗം തലവന്‍ സ്യൂ ഡീക്ക്‌സ് പ്രതികരിച്ചത്.

Latest Stories

We use cookies to give you the best possible experience. Learn more