ഓസീസിനെതിരായ മൂന്ന് മത്സരങ്ങളടങ്ങിയ ട്വന്റി 20 പരമ്പര ഇന്ത്യ സ്വന്തമാക്കിയിരുന്നു. പരമ്പരയിലെ അവസാന ടി-20 മത്സരത്തില്‍ ഓസീസിനെ ആറുവിക്കറ്റിന് തകര്‍ത്തായിരുന്നു ഇന്ത്യ പരമ്പര നേടിയത്.
ഓസ്ട്രേലിയ ഉയര്‍ത്തിയ 187 റണ്‍സ് വിജയലക്ഷ്യം ഇന്ത്യ നാല് വിക്കറ്റ് നഷ്ടത്തില്‍ ഒരു പന്ത് ശേഷിക്കേ മറികടക്കുകയായിരുന്നു. സൂര്യകുമാര്‍ യാദവ് 69 റണ്‍സും വിരാട് കോഹ്ലി 63 റണ്‍സും നേടി ബാറ്റിങ് നിരയില്‍ തിളക്കമാര്‍ന്ന പ്രകടനം കാഴ്ചവെച്ചിരുന്നു.
പ്ലെയര്‍ ഓഫ് ദി മാച്ചായത് സൂര്യകുമാറായിരുന്നു. തുടക്കം മുതല്‍ അറ്റാക്ക് ചെയ്ത കളിക്കുന്ന സൂര്യയുടെ ഇന്നിങ്‌സിനെ പുകഴ്ത്തി ആരാധകരും താരങ്ങളും രംഗത്തെത്തിയിരുന്നു. അദ്ദേഹത്തിന്റെ ബാറ്റിങ് രീതിക്കും സിക്‌സര്‍ ഹിറ്റിങ്ങിനും പ്രത്യേക ഫാന്‍ ബേസ് തന്നെയുണ്ട്.
ഇന്ത്യന്‍ ടീമിന്റെ എ.ബി.ഡി എന്നും മിസ്റ്റര്‍ 360 എന്നും അയാളെ വിശേഷിപ്പിക്കുന്നവര്‍ കുറച്ചൊന്നുമല്ല. എന്നാല്‍ അദ്ദേഹത്തിനെ പ്രശംസിച്ചതിന് എയറില്‍ കയറിയിരിക്കുകയാണ് മുന്‍ ദക്ഷിണാഫ്രിക്കന്‍ പേസ് ബൗളര്‍ വെര്‍നോന്‍ ഫിലാന്‍ഡര്‍.
ഈ കിഡ് കളിക്കാന്‍ കഴിയുന്നവനാണ്. വൗ! കാണാന്‍ തന്നെ ആവേശമാണ്,’ എന്നായിരുന്നു ഫിലാന്‍ഡര്‍ സൂര്യയെ പ്രശംസിച്ചുകൊണ്ട് രംഗത്തെത്തിയത്. എന്നാല്‍ സൂര്യയെ കിഡ് എന്ന് വിളിച്ചത് ആരാധകര്‍ക്ക് രസിച്ചില്ല.
സൂര്യ കുറച്ചുകാലമായി ഇത് ചെയ്യുവാണെന്നും റാങ്കിങ്ങില്‍ മൂന്നാമതാണെന്നും ആരാധകര്‍ ട്വീറ്റ് ചെയ്തു. 32 വയസുള്ള സൂര്യകുമാര്‍ യാദവ് എങ്ങനെയാണ് കിഡ് ആകുന്നതെന്നും ആരാധകര്‍ ചോദിക്കുന്നു.
ആദ്യമായാണോ അവന്‍ ബാറ്റ് ചെയ്യുന്നത് കാണുന്നത് എന്നും ആരാധകര്‍ ഫിലാന്‍ഡറിനോട് ചോദിക്കുന്നുണ്ട്. കഴിഞ്ഞ കുറച്ചുവര്‍ഷങ്ങളായി ഐ.പി.എല്ലിലും അന്താരാഷ്ട്ര ട്വന്റി-20യിലും മികച്ച പ്രകടനം കാഴ്ചവെക്കുന്ന താരമാണ് സൂര്യ.
ഗ്രൗണ്ടിന്റെ നാല് ഭാഗത്ത് സിക്‌സറടിച്ച് തകര്‍ക്കാന്‍ സാധിക്കുന്ന താരമാണ് അദ്ദേഹം. ഇന്ത്യന്‍ നിരയില്‍ ഏറ്റവും മികച്ച ട്വന്റി-20 ബാറ്റിങ് റാങ്കിങ്ങുള്ള കളിക്കാരനാണ് സൂര്യ. വരുന്ന ലോകകപ്പില്‍ ടീമിന്റെ പ്രധാന ഭാഗമാകാനുള്ള തയ്യാറെടുപ്പിലാണ് അദ്ദേഹം.
This kid can play. Wow exciting to watch. @surya_14kumar 🏏🏏✌️