| Thursday, 23rd May 2024, 12:08 pm

ബുര്‍ഖ ധരിച്ചെത്തുന്ന വനിതാ വോട്ടര്‍മാരെ പരിശോധിക്കണം; തെരഞ്ഞെടുപ്പ് കമ്മീഷന് മുമ്പിൽ ആവശ്യവുമായി ബി.ജെ.പി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ബുര്‍ഖ ധരിച്ചെത്തുന്ന വനിതാ വോട്ടര്‍മാരെ പരിശോധിക്കണമെന്ന ആവശ്യവുമായി ദല്‍ഹിയിലെ ബി.ജെ.പി എം.എല്‍.എമാര്‍. സംസ്ഥാന തെരഞ്ഞെടുപ്പ് മേധാവിയെ നേരില്‍ കണ്ട് എം.എല്‍.എമാരുടെ പ്രതിനിധി സംഘം ആവശ്യം അറിയിക്കുകയും ചെയ്തു.

മെയ് 25ന് ദല്‍ഹിയില്‍ നടക്കുന്ന വോട്ടെടുപ്പില്‍ ബുര്‍ഖ ധരിച്ചെത്തുന്ന വോട്ടര്‍മാരെ വനിതാ ഉദ്യോഗസ്ഥരുടെ സഹായത്തോടെ പരിശോധിക്കണമെന്നാണ് തെരഞ്ഞെടുപ്പ് മേധാവിയെ നേരില്‍ കണ്ട് ബി.ജെ.പി ആവശ്യപ്പെട്ടത്.

തെരഞ്ഞെടുപ്പില്‍ ആരെങ്കിലും കൃത്രിമം കാണിക്കുന്നത് തടയാന്‍ വേണ്ടിയാണ് ഇത്തരമൊരു ആവശ്യം ഉന്നയിച്ചതെന്നാണ് പാര്‍ട്ടി നല്‍കുന്ന വിശദീകരണം. ജനാധിപത്യ വിരുദ്ധമായ പ്രവര്‍ത്തികള്‍ തടയാന്‍ ഇത് സഹായിക്കുമെന്നും ദല്‍ഹി ബി.ജെ.പി ഘടകം നടപടിയെ ന്യായീകിച്ചു.

ബുര്‍ഖ ധരിച്ചെത്തുന്ന വോട്ടര്‍മാരെ വനിതാ ഉദ്യോഗസ്ഥര്‍ പരിശോധിച്ച ശേഷം മാത്രമേ വോട്ട് ചെയ്യാന്‍ അനുവദിക്കാവൂ എന്ന് ബി.ജെ.പി എം.എല്‍.എമാര്‍ പറഞ്ഞു. എം.എല്‍.എമാരായ അജയ് മഹാവാര്‍, മോഹന്‍ സിങ് ബിഷ്ത്, സംസ്ഥാന സെക്രട്ടറി കിഷന്‍ ശര്‍മ, അഭിഭാഷകന്‍ നീരജ് ഗുപ്ത എന്നിവരാണ് ആവശ്യം അറിയിച്ചത്. കള്ളവോട്ട് നടക്കുന്നില്ലെന്ന് ഉറപ്പാക്കാന്‍ നടപടി സ്വീകരിക്കണമെന്ന് മഹാവാര്‍ പറഞ്ഞു.

അടുത്തിടെ ബുര്‍ഖ ധരിച്ചെത്തിയ വനിതാ വോട്ടര്‍മാരുടെ മുഖം പരിശോധിച്ച ഹൈദരാബാദിലെ ബി.ജെ.പി സ്ഥാനാര്‍ത്ഥി മാധവി ലതയ്‌ക്കെതിരെ കേസെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് വനിതാ വോട്ടര്‍മാരെ കൃത്യമായി പരിശോധിക്കണമെന്ന ആവശ്യവുമായി ദല്‍ഹിയിലെ ബി.ജെ.പി എം.എല്‍.എമാര്‍ രംഗത്തെത്തിയത്.

Content Highlight:  Verify voters in burqa, face masks: BJP to Delhi CEO

We use cookies to give you the best possible experience. Learn more