കോഴിക്കോട്: ഐ.പി.സി 377ാം വകുപ്പിലെ വ്യവസ്ഥകള്‍ ഭരണഘടനാ വിരുദ്ധമാണെന്ന് വ്യക്തമാക്കി ഭാഗികമായി റദ്ദാക്കിയ കോടതി വിധി ഇന്ത്യയില്‍ നാളിതു വരെ നിലനിന്നിരുന്ന സംസ്‌കൃതിയെയാണ് ചോദ്യം ചെയ്യുന്നതെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ജന.സെക്രട്ടറി കെ.ആലിക്കുട്ടി മുസ്‌ലിയാര്‍. മനുസ്മൃതിയെ ഉദ്ദരിച്ച് കൊണ്ടാണ് ആലികുട്ടി മുസ്‌ലിയാര്‍ ഇക്കാര്യം വിശദീകരിക്കുന്നത്.
ഇതിനെ മനുഷ്യാവകാശ പ്രശ്നമാക്കി ഉയര്‍ത്തിക്കൊണ്ടുവന്നതിനു പിന്നില്‍ ലൈംഗിക അരാജകത്വത്തിന്റെ പുതിയ നീക്കം ശക്തമായി നമുക്ക് കാണാനാകണമെന്നും ഇ.കെ വിഭാഗം സമസ്തയുടെ മുഖപത്രമായ സുപ്രഭാതത്തിലെഴുതിയ ലേഖനത്തില്‍ അദ്ദേഹം പറയുന്നു.
സ്വവര്‍ഗഭോഗത്തിലേര്‍പ്പെടുന്ന പുരുഷന്മാര്‍ ജാതിഭ്രഷ്ടരായി കണക്കാക്കപ്പെടുമെന്നാണ് മനുനിയമമെന്നും ജാതിഭ്രഷ്ടരായിത്തീര്‍ന്നവര്‍ അനുഭവിക്കേണ്ടി വരുന്ന കഷ്ടതകള്‍ പരിഗണിച്ചാല്‍ ഇതൊരു കഠിനമായ ശിക്ഷ തന്നെയാണെന്ന് മനസിലാക്കാമെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.
“സ്വവര്‍ഗപ്രേമികളെ ഇന്ത്യന്‍ പാരമ്പര്യം അംഗീകരിക്കുന്നില്ല. ഭാരതീയ ദാര്‍ശനിക പാരമ്പര്യത്തില്‍ ആരും സ്വവര്‍ഗപ്രണയത്തെ അംഗീകരിച്ചിരുന്നില്ല. കന്യകയുമായി സ്വവര്‍ഗരതിയിലേര്‍പ്പെട്ടത് കന്യകയാണെങ്കില്‍ ഇരുനൂറ് പണം പിഴയായി വാങ്ങുകയും പത്ത് ചാട്ടവാറടി നല്‍കുകയും ചെയ്യണമെന്ന് നിഷ്‌കര്‍ഷിക്കുന്ന മനുസ്മൃതി ഇത് ചെയ്തത് വിവാഹിതയാണെങ്കില്‍ അവരുടെ രണ്ടുവിരലുകള്‍ ഛേദിക്കണമെന്നും തലമൊട്ടയടിച്ച് കഴുതപ്പുറത്തിരുത്തി രാജവീഥിയിലൂടെ നടത്തണമെന്നും കൂടി കല്‍പ്പിക്കുന്നുണ്ട്”. അദ്ദേഹം വിശദീകരിക്കുന്നു.
“ലൈംഗികാസ്വാദനത്തിനുള്ള ഒരേയൊരു പ്രകൃതിപരമായ മാര്‍ഗം നിയമാനുസൃതം ഇണകളായിത്തീര്‍ന്നവര്‍ തമ്മിലുള്ള ബന്ധമാണെന്ന മതത്തിന്റെ വീക്ഷണമാണ് മാനവികവും ശാസ്ത്രീയവും. മറിച്ചുള്ളതെല്ലാം പ്രകൃതിവിരുദ്ധവും ദൈവികവിരുദ്ധവും ആണ്”. ആലിക്കുട്ടി മുസ്‌ലിയാര്‍ പറയുന്നു.
ഒന്നരനൂറ്റാണ്ടിലധികം കാലം ഇന്ത്യയില്‍ നിലനിന്ന ഒരു നിയമം പിന്‍വലിക്കണമെന്നാവശ്യപ്പെടാന്‍ കാരണമെന്താണ് എന്ന് ചോദിക്കുന്ന ലേഖനത്തില്‍ ഐ.പി.സി 377ാം വകുപ്പ് നീക്കം ചെയ്യപ്പെട്ടാല്‍ സ്വവര്‍ഗരതിക്കുവേണ്ടി പ്രലോഭിപ്പിക്കുകയും അതിന് ആണുങ്ങളേയും പെണ്ണുങ്ങളേയും പ്രേരിപ്പിക്കുകയും അങ്ങനെയുള്ളവരെ കൂട്ടിയിണക്കാന്‍ സംവിധാനങ്ങള്‍ ആവിഷ്‌കരിക്കപ്പെടുകയും ചെയ്യുമെന്നും കച്ചവടതാല്‍പര്യങ്ങള്‍ ഈ വിഷയത്തില്‍ അരങ്ങുവാഴുമെന്നതിനാല്‍ ഇന്ത്യയിലെ കൗമാരക്കാരുടെ അവസ്ഥ ഭീതിതമായിരിക്കുമെന്നും ചൂണ്ടിക്കാണിക്കുന്നു.
“ഇരുപത് വയസ് പ്രായമാകുമ്പോഴേക്ക് സ്വവര്‍ഗരതിയുടെ പാളയത്തിലെത്തിച്ചേര്‍ന്ന അമേരിക്കക്കാരില്‍ 30 ശതമാനവും മുപ്പത് വയസിനുമുമ്പ് മരിക്കുകയോ, എയിഡ്സ് ബാധിതരായിത്തീരുകയോ ചെയ്യുമെന്നുള്ളതാണ് കണക്ക്. ഇന്ത്യയിലെ യുവാക്കളെ ഇത്തരം ചതിക്കുഴിയിലേക്ക് തള്ളിയിടണോ എന്നാണ് സ്വവര്‍ഗാനുരാഗികളുടെ “അവകാശ”നിഷേധത്തിന് നിമിത്തമാകുമെന്ന് പറഞ്ഞ് ഐ.പി.സി 377ാം വകുപ്പ് നീക്കം ചെയ്യുന്ന നിയമവിദഗ്ധര്‍ ചിന്തിക്കേണ്ടത്” ലേഖനത്തില്‍ പറയുന്നു.
സ്വവര്‍ഗരതി കണിശമായി ഇസ്ലാം എതിര്‍ക്കുന്നെന്നും സ്വവര്‍ഗരതിക്കെതിരേയുള്ള നിയമങ്ങള്‍ പഠിപ്പിക്കുക മാത്രമല്ല, അതില്ലാതാക്കുവാനുള്ള ധാര്‍മിക നിര്‍ദേശങ്ങള്‍ കൂടി ഇസ്ലാം നല്‍കുന്നുണ്ടെന്നും അദ്ദേഹം പറയുന്നു.
നേരത്തെ സ്വവര്‍ഗ ലൈംഗികത ക്രിമിനല്‍ കുറ്റമല്ലാതാക്കിയ സുപ്രീംകോടതി വിധിയ്ക്കെതിരെ ജമാഅത്തെ ഇസ്ലാമിയും എ.പി വിഭാഗത്തിന്‍റെ മുഖപത്രമായ സിറാജും രംഗത്തുവന്നിരുന്നു.
കോടതി വിധി ലൈംഗിക അരാജക്വത്തിലേക്ക് നയിക്കുമെന്നും കുടുംബസംവിധാനത്തെ തകര്‍ക്കുമെന്നും പറഞ്ഞാണ് ജമാഅത്തെ ഇസ്ലാമി വിധിയ്ക്കെതിരെ രംഗത്തുവന്നത്. ‘സ്വവര്‍ഗാനുരാഗത്തെ കുറ്റകൃത്യമാക്കുന്നതും പുരുഷനും- പുരുഷനും, സ്ത്രീയ്ക്കും-സ്ത്രീയ്ക്കും വിവാഹം ചെയ്യാന്‍ അനുമതി നല്‍കുന്നതും കുടുംബ സംവിധാനത്തെ തകര്‍ക്കുകയും സ്വാഭാവികമായ പരിണാമത്തെയും മനുഷ്യവംശത്തിന്റെ പുരോഗതിയെയും തകര്‍ക്കും.’ എന്നാണ് പ്രസ്താവനയില്‍ പറയുന്നത്
ഗുരുതര സാമൂഹിക ആരോഗ്യ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നതാണ് കോടതി വിധിയെന്നാണ് സിറാജ് പത്രം അഭിപ്രായപ്പെട്ടത്.
“ദുരന്തത്തിലേക്ക് നയിക്കണോ?” എന്ന തലക്കെട്ടിലെഴുതിയ മുഖപ്രസംഗത്തിലൂടെയാണ് സിറാജ് വിധിയ്ക്കെതിരെ രംഗത്തുവന്നിരിക്കുന്നത്. സ്വവര്‍ഗ ലൈംഗികതയ്ക്ക് നിയമസാധുത നല്‍കിക്കൊണ്ട് കോടതി നടത്തിയ സുപ്രധാന നിരീക്ഷണങ്ങളെ വിമര്‍ശിച്ചുകൊണ്ട് “നികൃഷ്ടകേളി”യെന്നാണ് സ്വവര്‍ഗലൈംഗികതയെ ഇവര്‍ വിശേഷിപ്പിച്ചിരിക്കുന്നത്.