ചണ്ഡീഗഢ്: ആശ്രമത്തില്‍ വെച്ച് രണ്ട് സന്യാസിനികളെ ബലാത്സംഗം ചെയ്‌തെന്ന കേസില്‍ ആള്‍ദൈവം ഗുരുഗുര്‍മീത് റാം റഹീം സിംഗിന്റെ വിധി നാളെ സിബിഐ പ്രത്യേക കോടതി പ്രഖ്യാപിക്കും. പതിനഞ്ച് വര്‍ഷം നീണ്ട നിയമപോരാട്ടങ്ങള്‍ക്കൊടുവിലാണ് കേസില്‍ നാളെ വിധി പറയുന്നത്. അതേ സമയം വിധി പ്രഖ്യാപനം ഗുര്‍മീതിനെതിരായാല്‍ കലാപമുണ്ടാക്കുമെന്ന മുന്നറിയിപ്പുമായി അനുനായികള്‍ എത്തിയിട്ടുണ്ട്.
സംഘര്‍ഷം നേരിടാന്‍ 10 കമ്പനി ബി.എസ്.എഫ് ആശ്രമപരിസരത്ത് എത്തിയിട്ടുണ്ട്. അതേസമയം പ്രേമികള്‍ എന്നു വിളിക്കുന്ന ഗുര്‍മീതിന്റെ അനുനായി സംഘങ്ങളും ആശ്രമത്തിലെത്തിയിട്ടുണ്ട്. സിഖ് വിഭാഗമായ ദേരാ സച്ചാ സൗദായുടെ നേതാവാണ് ഗുര്‍മീത് റാം റഹീം സിംഗ്.
സംഘര്‍ഷസാധ്യത നിലനില്‍ക്കെ ഹരിയാനയില്‍ മെബൈല്‍ ഇന്റര്‍നെറ്റ് നിരോധിച്ചു. 28 ട്രെയിനുകളും റദ്ദാക്കിയിട്ടുണ്ട്. എന്നാല്‍ കോടതിയില്‍ വിശ്വാസമുണ്ടെന്നും അനുനായികള്‍ സംയമനം പാലിക്കണമെന്നും ഗുര്‍മീത് പ്രതികരിച്ചു.
സുരക്ഷക്രമീകരണങ്ങളുടെ ഭാഗമായി ഡ്രോണ്‍ ക്യാമറകളും പെല്ലെറ്റ് ഗണ്ണുകളും വിന്യസിച്ചിട്ടുണ്ട്. എല്ലാ മന്ത്രിമാരും എം.എല്‍.എമാരും സ്ഥലത്തുണ്ടാകണമെന്ന്് മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖെട്ടാര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
2002 ലാണ് ഗുര്‍മീതിനെതിരെ സി.ബി.ഐ കേസ് രജിസ്റ്റര്‍ ചെയ്യുന്നത്. ആശ്രമത്തിലെ രണ്ട് സന്യസിനികളെ ബലാത്സംഗം ചെയ്‌തെന്നാണ് കേസ്. 1999 ലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. 2017 ആഗസ്റ്റ് 17ന് ആയിരുന്നു കേസില്‍ അന്തിമവാദം പൂര്‍ത്തിയായത്.
മാധ്യമപ്രവര്‍ത്തകനായ റാം ചന്ദര്‍ ഛത്രപതിയുടെ കൊലപാതക കേസിലും ഇയാള്‍ വിചാരണ നേരിടുന്നുണ്ട്. ദേരാ സച്ചാ സൗദാ ആശ്രമത്തില്‍ അനധികൃതമായ 400ല്‍ അധികം പേരെ വന്ധ്യംകരിച്ചതായുളള വാര്‍ത്തകളും പുറത്തുവന്നിരുന്നു.
കേസുമായി ബന്ധപ്പെട്ട് ഗുര്‍മീതിന്റെ ആശ്രമത്തില്‍ തെരച്ചില്‍ നടത്തിയപ്പോള്‍ വിരമിച്ച സൈനികരുടെ നേതൃത്വത്തിലുള്ള സായുധ സംഘം ആശ്രമസുരക്ഷയ്ക്കായുണ്ടെന്ന കാര്യം പുറത്തുവന്നിരുന്നു. ഇവിടെ വന്‍തോതില്‍ നിയമവിരുദ്ധമായി ആയുധശേഖരവുമുണ്ട്.