പാരീസ് ഒളിമ്പിക്‌സ് ഫൈനലില്‍ അയോഗ്യയാക്കപ്പെട്ട വനിത ഗുസ്തി താരം വിനേഷ് ഫോഗട്ടിന്റെ അപ്പീലില്‍ വിധി ഇന്ന്. ദി കോര്‍ട്ട് ഓഫ് ആര്‍ബിറ്ററേഷന്‍ ഫോര്‍ സ്‌പോര്‍ട്‌സാണ് അന്തിമ വിധി പുറപ്പെടുവിക്കുന്നത്. വിഷയത്തില്‍ ഇന്ത്യ ഓഗസ്റ്റ് ഏഴിനാണ് കായിക കോടതിക്ക് അപ്പീല്‍ നല്‍കിയത്.
വിനേഷിന് അര്‍ഹമായ മെഡല്‍ ലഭിക്കുമോ എന്നറിയാനുള്ള കാത്തിരിപ്പിലായിരുന്നു ഇന്ത്യന്‍ കായിക ലോകം. ഫൈനലിന് മുമ്പ് നടന്ന ഭാരപരിശോധനയില്‍ പരാജയപ്പെട്ടതോടെയാണ് താരത്തെ അയോഗ്യയായി പ്രഖ്യാപിച്ചത്. ഇത് സാമൂഹ്യ മാധ്യമങ്ങളില്‍ വമ്പന്‍ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു. ഇതോടെ നിരവധി കായിക താരങ്ങളും സെലിബ്രെറ്റികളും താരത്തിന് പിന്തുണ നല്‍കി രംഗത്ത് വന്നിരുന്നു.
50 കിലോ ഗ്രാം ഫ്രീസ്‌റ്റൈല്‍ വിഭാഗത്തിലാണ് വിനേഷ് ഫോഗട്ട് മത്സരിച്ചത്. ക്വാര്‍ട്ടറില്‍ ജപ്പാന്റെ സൂസാക്കി യൂയിയെ പരാജയപ്പെടുത്തിയ താരം സെമിയില്‍ ക്യൂബയുടെ ഗുസ്മന്‍ ലോപസിനെ അനായാസം പരാജയപ്പെടുത്തിയാണ് ഫൈനല്‍ യോഗ്യത നേടിയത്. എന്നാല്‍ കോടതി വിധി കേള്‍ക്കാതെയാണ് വിനേഷ് ഇന്ത്യയിലേക്ക് തിരിച്ചത്.
വനിതാ ഗുസ്തിയുടെ ഫൈനലില്‍ പ്രവേശിച്ചതോടെ ഈ നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന നേട്ടവും വിനേഷ് സ്വന്തമാക്കിയിരുന്നു. ഇന്ത്യന്‍ ആരാധകര്‍ സ്വര്‍ണമമെഡല്‍ ഉറപ്പിച്ച സാഹചര്യത്തിലായിരുന്നു വിനേഷ് ഭാരപരിശോധനയില്‍ പരാജയപ്പെടുന്നത്.
അതേസമയം, ഒരു മത്സരത്തില്‍ രണ്ട് വെള്ളി മെഡലുകള്‍ നല്‍കുന്നതില്‍ അര്‍ത്ഥമില്ല എന്നാണ് അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി പ്രസിഡന്റ് തോമസ് ബാച്ച് അഭിപ്രായപ്പെട്ടത്.
Content Highlight: Verdict in Vinesh Phogat’s appeal today