| Monday, 10th June 2019, 11:51 am

കത്വയില്‍ എട്ടുവയസുകാരിയെ ലൈംഗികമായി ആക്രമിച്ച കേസ്: ആറ് പ്രതികള്‍ കുറ്റക്കാരെന്ന് കോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ശ്രീനഗര്‍: ജമ്മുകശ്മീരിലെ കത്വയില്‍ എട്ടു വയസുകാരിയെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി ആക്രമിച്ച കേസില്‍ ആറ് പ്രതികള്‍ കുറ്റക്കാരെന്ന് കോടതി. സഞ്ചിറാം, ആനന്ദ് ദത്ത, പറവേഷ് കുമാര്, ദീപക് ഖജൂരിയ, സുരേന്ദ്ര വര്മ്മ, തിലക രാജ് എന്നിവരും രണ്ടു പൊലീസുകാരും കുറ്റക്കാരാണെന്ന് കോടതി വിധിച്ചു.

കേസില്‍ എഴുപ്രതികളാണുള്ളത്. പെണ്‍കുട്ടിയെ പൂട്ടിയിട്ട ക്ഷേത്രത്തിലെ പൂജാരിയായ സഞ്ചി റാം, അയാളുടെ മകന്‍ വിശാല്‍, അയാളുടെ ബന്ധു, രണ്ട് സ്‌പെഷ്യല്‍ ഓഫീസര്‍മാരായ ദീപക് ഖജൂരിയ, സുരേന്ദര്‍ വര്‍മ്മ, അവരുടെ സുഹൃത്ത് പര്‍വേശ് കുമാര്‍ എന്നിവരാണ് പ്രതിപ്പട്ടികയിലുള്ളത്. സഞ്ചിറാം സൂക്ഷിപ്പുകാരനായ ക്ഷേത്രത്തില്‍ പെണ്‍കുട്ടിയെ ദിവസങ്ങളോളം തടവിലിടുകയും ലഹരി നല്‍കി അബോധാവസ്ഥയിലാക്കി കിടത്തിയിരുന്നെന്നും പൊലീസ് കണ്ടെത്തിയിരുന്നു.

പഠാന്‍കോട്ടിലെ ജില്ലാ സെഷന്‍കോടതിയാണ് വിധി പ്രസ്താവിച്ചത്. ഇരയുടെ കുടുംബത്തിന്റെ ഹരജിയില്‍ സുപ്രീം കോടതിയുടെ ഉത്തരവ് പ്രകാരമാണ് കേസ് ജമ്മുകശ്മീരില്‍ നിന്നും പഠാന്‍കോട്ടിലേക്ക് മാറ്റിയത്. കഴിഞ്ഞ ഏപ്രിലില്‍ കേസില്‍ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ ചാര്‍ജ്ഷീറ്റ് സമര്‍പ്പിക്കുന്നത് ചില അഭിഭാഷകര്‍ തടയാന്‍ ശ്രമിച്ചതിനെ തുടര്‍ന്നായിരുന്നു കുടുംബം കേസ് ജമ്മുകശ്മീരില്‍ നിന്നും പഠാന്‍കോട്ടിലേക്ക് മാറ്റാന്‍ ആവശ്യപ്പെട്ടത്.

2018 ജനുവരിയിലായിരുന്നു രാജ്യമനസാക്ഷിയെ ഞെട്ടിച്ച സംഭവം. ജനുവരി 17നാണ് എട്ടുവയസുകാരിയായ പെണ്‍കുട്ടിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. കേസില്‍ അന്വേഷണം നടത്തിയ പൊലീസ് പെണ്‍കുട്ടി സമീപത്തെ ക്ഷേത്രത്തില്‍വെച്ച് ലൈംഗികമായി ആക്രമിക്കപ്പെടുകയും പിന്നീട് കൊല്ലപ്പെടുകയുമായിരുന്നെന്ന് കണ്ടെത്തിയിരുന്നു.

ഹിന്ദു ഭൂരിപക്ഷ പ്രദേശത്ത് താമസിക്കാനെത്തിയ മുസ്ലിം കുടുംബങ്ങളെ ഭയപ്പെടുത്തി ഓടിക്കാനാണ് എട്ടുവയസുള്ള പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതെന്നാണ് ക്രൈംബ്രാഞ്ച് സമര്‍പ്പിച്ച കുറ്റപത്രത്തില്‍ വ്യക്തമാക്കിയത്. സമീപത്തെ ക്ഷേത്രത്തിലെ മേല്‍നോട്ടക്കാരനാണ് സംഭവത്തിന്റെ സൂത്രധാരനെന്നും കുറ്റപത്രത്തിലുണ്ട്.

ജനുവരി പത്തിന് രസനയിലെ വീടിന് പരിസരത്ത് നിന്ന് കാണാതായ പെണ്‍കുട്ടിയുടെ മൃതദേഹം ഏഴു ദിവസങ്ങള്‍ക്ക് ശേഷമാണ് പരിസരത്തെ വനപ്രദേശത്തുനിന്നും ലഭിച്ചത്.

We use cookies to give you the best possible experience. Learn more