| Thursday, 7th July 2022, 9:09 pm

26 വര്‍ഷങ്ങള്‍ക്ക് ശേഷം വിധി; രാജ് ബബ്ബറിന് രണ്ട് വര്‍ഷം തടവ് ശിക്ഷ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലഖ്‌നൗ: പോളിങ് ഓഫീസറെ ആക്രമിച്ച കേസില്‍ മുന്‍ ബോളിവുഡ് നടനും കോണ്‍ഗ്രസ് നേതാവുമായ രാജ് ബബ്ബറിന് രണ്ട് വര്‍ഷം തടവ് വിധിച്ച് കോടതി. ഉത്തര്‍പ്രദേശിലെ എം.പി എം.എല്‍.എ കോടതിയുടേതാണ് വിധി. 85,000രൂപ പിഴയും കോടതി വിധിച്ചിട്ടുണ്ട്. സര്‍ക്കാര്‍ ജീവനക്കാരന്റെ ജോലി തടസപ്പെടുത്തിയതിനും ആക്രമിച്ചതിനുമാണ് ബബ്ബറിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്.

26 വര്‍ഷം മുമ്പ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് കോടതി വിധി പറഞ്ഞിരിക്കുന്നത്.

1996 മെയ് 2നായിരുന്നു കേസിനാസ്പദമായ സംഭവം. അന്ന് സമാജ്‌വാദി പാര്‍ട്ടി പ്രവര്‍ത്തകനായിരുന്ന രാജ് ബബ്ബര്‍ ലഖ്‌നൗവില്‍ നിന്ന് തെരഞ്ഞെടുപ്പില്‍ മത്സരിച്ചിരുന്നു. തെരഞ്ഞെടുപ്പ് വേളയില്‍ ബബ്ബറും പോളിങ് ഉദ്യോഗസ്ഥനും തമ്മിലുണ്ടായ വാക്കുതര്‍ക്കമാണ് പിന്നീട് ആക്രമണത്തില്‍ കലാശിച്ചത്. വസീര്‍ഗഞ്ച് പൊലീസാണ് സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തത്.

ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 143, 332, 353, 323, 504, 188 എന്നീ വകുപ്പുകളാണ് ബബ്ബറിനെതിരെ ചുമത്തിയിരിക്കുന്നത്.

80കളില്‍ നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുള്ള ബബ്ബര്‍ 1989ലാണ് രാഷ്ട്രീയത്തിലേക്കിറങ്ങുന്നത്. വി.പി സിങ്ങിന്റെ നേതൃത്വത്തിലായിരുന്നു ബബ്ബര്‍ ജനതാദളിലെത്തിയത്. പിന്നീട് സമാജ്‌വാദിയിലും കോണ്‍ഗ്രസിലും എത്തുകയായിരുന്നു.

Content Highlight: verdict after 26 years, bollywood actor raj babar gets 2 year imprisonement

We use cookies to give you the best possible experience. Learn more