| Thursday, 2nd February 2023, 7:15 pm

മോനേ വിരാടേ, നീ അണ്ടര്‍ 19 കളിക്കുമ്പോള്‍ നിന്റെ അച്ഛന്‍, അതായത് ഈ ഞാന്‍ ഇവിടെ ടെസ്റ്റ് കളിക്കുകയായിരുന്നു; വിവാദ സംഭവം ഓര്‍ത്തെടുത്ത് പാക് സൂപ്പര്‍ താരം

സ്പോര്‍ട്സ് ഡെസ്‌ക്

2015 ലോകകപ്പില്‍ വിരാട് കോഹ്‌ലിയുമായി ഉരസേണ്ടി വന്ന സംഭവത്തെ കുറിച്ചുള്ള പാകിസ്ഥാന്‍ സൂപ്പര്‍ താരം സൊഹൈല്‍ ഖാന്റെ പരാമര്‍ശങ്ങളാണ് ക്രിക്കറ്റ് ലോകത്ത് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. 2015 ലോകകപ്പില്‍ അഡ്‌ലെയ്ഡ് ഓവലില്‍ വെച്ച് നടന്ന ഇന്ത്യ പാകിസ്ഥാന്‍ മത്സരത്തിനിടെയായിരുന്നു കോഹ്‌ലിയും ഖാനും തമ്മില്‍ വാക്‌പോരിലേര്‍പ്പെട്ടത്.

വിരാടായിരുന്നു സംഭവത്തിന് തുടക്കം കുറിച്ചതെന്നായിരുന്നു സൊഹൈല്‍ ഖാന്‍ പറഞ്ഞത്. ക്രിക്കറ്റിലേക്ക് ഇപ്പോള്‍ കടന്നുവന്ന നിങ്ങള്‍ വല്ലാതെ സംസാരിക്കുന്നു എന്ന അത്ര സുഖകരമല്ലാത്ത പരാമര്‍ശമാണ് കോഹ്‌ലി നടത്തിയതെന്നാണ് ഖാന്‍ പറഞ്ഞത്.

നാദിര്‍ അലി പോഡ്കാസ്റ്റിലായിരുന്നു സൊഹൈല്‍ ഖാന്‍ അന്നത്തെ സംഭവങ്ങള്‍ ഓര്‍ത്തെടുത്തത്.

‘വിരാട് എന്റെയടുത്ത് വന്നു. എന്നിട്ട് ‘ആപ് ക്രിക്കറ്റ് മേം അഭി ആയാ ഹെ, ഓര്‍ ഇത്‌നി ബാതേം കര്‍തേ ഹോ (നിങ്ങള്‍ ക്രിക്കറ്റിലേക്ക് ഇപ്പോള്‍ വന്നതല്ലേ ഇള്ളൂ, എന്നിട്ടും ഇത്രയധികം സംസാരിക്കുന്നുവോ) എന്ന് പറഞ്ഞു.

പണ്ട് ഞാന്‍ ഒരു ടെസ്റ്റ് ക്രിക്കറ്ററായിരുന്നു. 2006-2007 കാലഘട്ടത്തില്‍ നിരവധി ടെസ്റ്റ് മത്സരങ്ങള്‍ കളിച്ചിരുന്നു. ആ സമയത്ത് എനിക്ക് കാല്‍മുട്ടിന് പരിക്കേല്‍ക്കുകയും ക്രിക്കറ്റില്‍ നിന്ന് വിട്ടുനില്‍ക്കേണ്ടി വരികയും ചെയ്തിരുന്നു.

വിരാടിന് മറുപടിയായി, ‘ബേട്ടാ ജബ് തൂ അണ്ടര്‍ 19 ഖേല്‍ രഹാ ഥാ നാ, തേരാ ബാപ് ടെസ്റ്റ് ക്രിക്കറ്റര്‍ ഥാ (മകനേ നീ അണ്ടര്‍ 19 കളിക്കുന്ന സമയത്ത് നിന്റെ അച്ഛന്‍ (സ്വയം പരാമര്‍ശിച്ച്) ടെസ്റ്റ് പ്ലെയര്‍ ആയിരുന്നു’ എന്ന് ഞാന്‍ പറഞ്ഞു. അതിനിടെ മിസ്ബ ഇടപെടുകയും എന്നോട് ദേഷ്യപ്പെടുകയും ചെയ്തു. അദ്ദേഹം എന്നോട് മിണ്ടാതിരിക്കാന്‍ ആവശ്യപ്പെട്ടു,’ സൊഹൈല്‍ ഖാന്‍ പറഞ്ഞു.

മത്സരത്തില്‍ ഇരു താരങ്ങളും മാരക ഫോമിലായിരുന്നു. ഇരുവരും തങ്ങളുടെ ആര്‍ച്ച് റൈവല്‍സിനെതിരെ ആവനാഴിയിലെ സകല അസ്ത്രങ്ങളും പുറത്തെടുത്തിരുന്നു.

വിരാട് 126 പന്തില്‍ നിന്നും 107 റണ്‍സുമായി സെഞ്ച്വറി പൂര്‍ത്തിയാക്കിയപ്പോള്‍ സൊഹൈല്‍ ഖാന്‍ 55 റണ്‍സ് വഴങ്ങി അഞ്ച് വിക്കറ്റ് വീഴ്ത്തുകയും ചെയ്തിരുന്നു. ഇന്ത്യന്‍ ഇന്നിങ്‌സിലെ 46ാം ഓവറില്‍ വിരാടിനെ മടക്കിയതും ഖാന്‍ തന്നെയായിരുന്നു.

വിരാടിന്റെ സെഞ്ച്വറിയുടെ മികവില്‍ ഇന്ത്യ നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 300 റണ്‍സായിരുന്നു നേടിയത്. 301 റണ്‍സ് വിജയലക്ഷ്യവുമായി കളത്തിലിറങ്ങിയ പാകിസ്ഥാന് 47 ഓവറില്‍ 224 റണ്‍സ് മാത്രമേ നേടാന്‍ സാധിച്ചിരുന്നുള്ളൂ. ഇന്ത്യ 76 റണ്‍സിന്റെ വിജയം ആഘോഷിച്ചപ്പോള്‍ മാന്‍ ഓഫ് ദി മാച്ച് ആയി തിളങ്ങിയത് വിരാടായിരുന്നു.

Content Highlight: Verbal clash between Virat Kohli and Sohail Khan during 2015 World Cup

We use cookies to give you the best possible experience. Learn more