ഐ.പി.എല്ലിന് മുമ്പ് തന്നെ സഞ്ജുവിന് തലവേദന; തമ്മില്‍ തല്ലും വാക്‌പോരുമായി സൂപ്പര്‍ താരങ്ങള്‍; വീഡിയോ
Sports News
ഐ.പി.എല്ലിന് മുമ്പ് തന്നെ സഞ്ജുവിന് തലവേദന; തമ്മില്‍ തല്ലും വാക്‌പോരുമായി സൂപ്പര്‍ താരങ്ങള്‍; വീഡിയോ
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 30th January 2023, 6:45 pm

ഇംഗ്ലണ്ട് – സൗത്ത് ആഫ്രിക്ക ഏകദിന പരമ്പരയിലെ ചില സംഭവങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചക്ക് വഴി വെച്ചിരിക്കുന്നത്. പരമ്പരയിലെ രണ്ടാം മത്സരത്തിനിടെ ഇംഗ്ലണ്ട് നായകന്‍ ജോസ് ബട്‌ലറും പ്രോട്ടീസ് സൂപ്പര്‍ താരം റാസി വാന്‍ ഡെര്‍ ഡസെനുമാണ് പരസ്പരം വാക്‌പോരിലേര്‍പ്പെട്ടത്.

ഇംഗ്ലണ്ട് ഉയര്‍ത്തിയ 343 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടരുന്നതിനിടെ 19ാം ഓവറിലായിരുന്നു ഇരുവരും പരസ്പരം ഉരസിയത്. ഇരുവരുടെയും സംഭാഷണങ്ങള്‍ സ്റ്റംപ് മൈക്ക് പിടിച്ചെടുത്തതോടെയാണ് സംഭവങ്ങള്‍ ചര്‍ച്ചയായത്.

13 പന്തില്‍ നിന്നും 21 റണ്‍സുമായി റാസി ബാറ്റ് ചെയ്യവെയായിരുന്നു സംഭവങ്ങളുടെ തുടക്കം. ആദില്‍ റഷീദ് എറിഞ്ഞ ഡെലിവറി ഇന്‍സൈഡ് എഡ്ജ് ആയി ഉയരുകയായിരുന്നു. ക്യാച്ചിനായി ജോസ് ബട്‌ലര്‍ ശ്രമിക്കുകയും ചെയ്തു. എന്നാല്‍ പന്ത് എങ്ങോട്ടാണ് പോയതെന്ന അങ്കലാപ്പില്‍ തിരയുന്നതിനിടെ റാസി ബട്‌ലറിനെ ബ്ലോക്ക് ചെയ്യുകയും ക്യാച്ച് മിസ്സാവുകയുമായിരുന്നു.

ഇതോടെ കലിപ്പായ ബട്‌ലര്‍ തിരികെ കീപ്പിങ് പൊസിഷനിലേക്ക് നടക്കവെ റാസിയെ തള്ളി മാറ്റുകയായിരുന്നു. ഇതോടെയാണ് ഇരുവരും വാക്‌പോരിലേര്‍പ്പെട്ടത്.

‘ഞാന്‍ പന്ത് പിടിക്കാന്‍ പോവുകയായിരുന്നു, എന്താണ് നിന്റെ പ്രശ്‌നം റാസി? എല്ലായ്‌പ്പോഴും ഇത് നിന്നെ കുറിച്ച് മാത്രമല്ല,’ എന്ന് ബട്‌ലര്‍ പറഞ്ഞപ്പോള്‍ ‘അല്ല, ഇത് നിന്നെ കുറിച്ചാണ്,’ എന്നായിരുന്നു റാസിയുടെ മറുപടി.

 

‘എനിക്ക് പന്ത് പിടിക്കാനുള്ള അനുമതിയുണ്ട്, ഞാന്‍ എന്ത് വേണമെന്നാണ് നീ പറയുന്നത്?’ എന്നായിരുന്നു ബട്‌ലറിന്റെ മറുചോദ്യം. ഇതിനിടെ അമ്പയര്‍ ഇടപെടുകയും ഇരുവരോടും ശാന്തമാകാന്‍ ആവശ്യപ്പെടുകയുമായിരുന്നു.

ഒടുവില്‍ 38 പന്തില്‍ നിന്നും 38 റണ്‍സുമായി റാസി പുറത്താവുകയായിരുന്നു.

സംഭവം നടന്നത് ഇംഗ്ലണ്ട് – സൗത്ത് ആഫ്രിക്ക മത്സരത്തിനിടെയാണെങ്കിലും ഐ.പി.എല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ താരങ്ങളായ ബട്‌ലറും റാസിയും തമ്മിലുള്ള ഉരസലായാണ് ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകര്‍ ഇതിനെ നോക്കിക്കാണുന്നത്.

നേരത്തെ ടോസ് നേടിയ സൗത്ത് ആഫ്രിക്ക എതിരാളികളെ ബാറ്റിങ്ങിനയക്കുകയായിരുന്നു. 82 പന്തില്‍ നിന്നും 94 റണ്‍സ് നേടിയ ബട്‌ലറിന്റെയും 75 പന്തില്‍ നിന്നും 80 റണ്‍സടിച്ച ഹാരി ബ്രൂക്കിന്റെയും ഇന്നിങ്‌സിന്റെ കരുത്തില്‍ ഇംഗ്ലണ്ട് 342 റണ്‍സ് നേടി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ സൗത്ത് ആഫ്രിക്ക അഞ്ച് പന്തും അഞ്ച് വിക്കറ്റും ബാക്കി നില്‍ക്കെ വിജയം പിടിച്ചടക്കുകയായിരുന്നു. സെഞ്ച്വറി നേടിയ ക്യാപ്റ്റന്‍ തെംബ ബാവുമയാണ് പ്രോട്ടീസിനെ വിജയത്തിലേക്കെത്തിച്ചത്. ഇതോടെ മൂന്ന് ഏകദിനങ്ങളുടെ പരമ്പരയിലെ ആദ്യ രണ്ടിലും ജയിച്ച സൗത്ത് ആഫ്രിക്ക പരമ്പര സ്വന്തമാക്കിയിരിക്കുകയാണ്.

 

 

Content Highlight: Verbal clash between Jos Buttler and Rassie van der Dussen